സ്‌പോണ്‍സറുടെ മര്‍ദ്ദനം; ഇന്ത്യന്‍ ഹൗസ്‌ഡ്രൈവര്‍ നാട്ടിലേക്ക് മടങ്ങി
ജിദ്ദ: കിട്ടാനുള്ള ശമ്പളം ചോദിച്ചതിന് സ്‌പോണ്‍സര്‍ മര്‍ദ്ദിച്ച് അവശനാക്കിയ ഇന്ത്യക്കാരനായ ഹൗസ് ഡ്രൈവര്‍ സഊദി ലേബര്‍ കോടതി വഴി നാട്ടിലേക്ക് മടങ്ങാനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കി. തമിഴ്‌നാട് നാഗപട്ടണം തിരുച്ചിറപ്പള്ളി സ്വദേശി അബ്ദുല്‍റഹ്മാനാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഏഴു മാസങ്ങള്‍ക്ക് മുന്‍പാണ് അല്‍ കോബാര്‍ അസീസിയയില്‍ ഉള്ള ഒരു പൗരന്റെ വീട്ടില്‍ ഹൗസ് ഡ്രൈവറായി ജോലിക്കെത്തുന്നത്.
നാട്ടില്‍ തിരുച്ചിറപ്പള്ളി കടപ്പുറത്ത്, വൃദ്ധരായ മാതാപിതാക്കളും, ഭാര്യയും, മൂന്നു പെണ്‍കുട്ടികളും, ഒരു മകനുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു അബ്ദുല്‍റഹ്മാന്‍. പ്രവാസജീവിതം കൊണ്ട് തന്റെ കുടുംബത്തിന്റെ സാമ്പത്തികപ്രതിസന്ധി മറികടക്കാം എന്ന പ്രതീക്ഷയോടെയാണ് ജോലിക്കെത്തിയത്.
എന്നാല്‍, പ്രതീക്ഷകള്‍ തകര്‍ക്കുന്ന മോശം അനുഭവങ്ങളാണ് അദ്ദേഹത്തിന് സ്വദേശിയുടെ വീട്ടില്‍ നേരിടേണ്ടി വന്നത്. രാപകല്‍ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വന്നു. പല ദിവസങ്ങളിലും 20 മണിക്കൂറോളം തുടര്‍ച്ചയായി ജോലിയായിരുന്നു. പലപ്പോഴും ജോലിഭാരം കാരണം ആഹാരം കഴിക്കാനോ, ശരിക്കും ഉറങ്ങാനോ പോലും കഴിഞ്ഞില്ല. അതിനാല്‍ അയാളുടെ ആരോഗ്യവും നാള്‍ക്കുനാള്‍ ക്ഷയിച്ചു. ഏഴു മാസം ജോലി ചെയ്തിട്ടും നാലു മാസത്തെ ശമ്പളമേ കിട്ടിയുള്ളൂ. കുടിശ്ശിക ശമ്പളവും, ദിവസവും ആവശ്യത്തിന് വിശ്രമവും തരണമെന്ന് സ്‌പോണ്‍സറോട് അബ്ദുല്‍റഹ്മാന്‍ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.
ഒരു ദിവസം ആഹാരം കഴിക്കാന്‍ പോകുന്ന നേരത്ത് സ്‌പോണ്‍സര്‍ അബ്ദുല്‍റഹ്മാനോട് വണ്ടിയെടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആഹാരം കഴിഞ്ഞിട്ടേ ജോലി ചെയ്യുന്നുള്ളൂ എന്ന് ഉറപ്പിച്ചു പറഞ്ഞു. കുപിതനായ സ്‌പോണ്‍സറും, കൂട്ടാളിയും കൂടി അബ്ദുല്‍റഹ്മാനെ മര്‍ദ്ദിച്ച് വീട്ടിന് വെളിയില്‍ തള്ളി. പിന്നീട് ഒരു ടാക്‌സി ഡ്രൈവര്‍, അയാളെ ദമ്മാം ലേബര്‍ കോടതിയില്‍ കൊണ്ടുപോയി വിട്ടു. എന്നാല്‍ പരാതി കൊടുക്കാന്‍ പേപ്പര്‍ വാങ്ങാന്‍ പോലും കൈയ്യില്‍ പൈസയില്ലാതെ നിരാശനായ അബ്ദുല്‍റഹ്മാന്‍ എന്ത് ചെയ്യണമെന്നറിയാതെ കോടതി പരിസരത്ത് അലഞ്ഞു.
മറ്റൊരു കേസിന്റെ കാര്യങ്ങള്‍ക്കായി ദമ്മാം ലേബര്‍ കോടതിയില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകന്‍ ഷിബുകുമാര്‍ തിരുവനന്തപുരത്തിന്റെ ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് ഷിബുകുമാറിന്റെ സഹായത്തോടെ അബ്ദുല്‍റഹ്മാന്‍ സ്‌പോണ്‍സര്‍ക്കെതിരെ ലേബര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
തുടര്‍ന്ന് അസീസിയ പൊലിസ് കേസ് ചാര്‍ജ്ജ് ചെയ്യുകയും അവരുടെ നിര്‍ദേശപ്രകാരം അബ്ദുല്‍റഹ്മാനെ കിങ് ഫഹദ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.
കോടതിയില്‍ എത്തിയ സ്‌പോണ്‍സറെ രൂക്ഷമായി വിമര്‍ശിച്ച കോടതി, അബ്ദുല്‍റഹ്മാന് ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ പറഞ്ഞു. തുടര്‍ന്ന് സ്‌പോണ്‍സര്‍ കോടതിയില്‍ വെച്ച് അപ്പോള്‍ തന്നെ എക്‌സിറ്റ് അടിച്ചു പാസ്‌പോര്‍ട്ട് നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."