80 ലക്ഷത്തിന്റെ സാനിറ്ററി ഫിറ്റിങ്‌സ് പിടികൂടിയെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന്
കോഴിക്കോട്: കഴിഞ്ഞ 16ന് സുപ്രഭാതം പത്രത്തിലെ നാലാം പേജില്‍ പ്രസിദ്ധീകരിച്ച 'നികുതി വെട്ടിച്ചു കൊണ്ടുവന്ന 80 ലക്ഷത്തിന്റെ ആഡംബര സാനിറ്ററി ഫിറ്റിങ്‌സ് പിടികൂടി' എന്ന വാര്‍ത്ത യാഥാര്‍ഥ്യത്തിന് നിരക്കാത്തതാണെന്ന് മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എം.പി അഹമ്മദ് അറിയിച്ചു. അദ്ദേഹം നല്‍കിയ നിഷേധക്കുറിപ്പില്‍ ഇപ്രകാരമാണ് പറയുന്നത്: 'എന്റെ വീടുപണി കുറ്റിക്കാട്ടൂരില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഇതിലേക്ക് ആവശ്യമായ ബാത്ത്‌റൂം ഫിറ്റിങ്‌സ് ബംഗളൂരുവിലെ പി.സി സമ്പത്ത് എന്ന സ്ഥാപനത്തില്‍നിന്ന് വാങ്ങി കോഴിക്കോട്ടേക്ക് ലോറിമാര്‍ഗം എത്തിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയെ ( സെയ്ഫ് ആന്‍ഡ് എക്‌സ്പ്രസ് കാര്‍ഗോ കാരിയര്‍, കലാശിപാളയം, ന്യു എക്സ്റ്റന്‍ഷന്‍, ബംഗളൂരു-560002) ചുമതലപ്പെടുത്തിയതാണ്. ഏകദേശം 32 ലക്ഷം രൂപ വിലയുള്ള ബാത്ത് റൂം ഫിറ്റിങ്‌സ് വാറ്റ് അടച്ചിട്ടുള്ളതാണ്.
വാറ്റ് അടച്ചതുള്‍പ്പെടെ രേഖപ്പെടുത്തിയ ബില്ലിന്റെ കോപ്പി ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ലോറിയിലുണ്ടായിരുന്നു. ലോറി ഡ്രൈവറുടെ അശ്രദ്ധയും അനാസ്ഥയും കാരണം മുത്തങ്ങ ചെക്ക് പോസ്റ്റില്‍ രേഖകള്‍ കാണിച്ച് സാക്ഷ്യപ്പെടുത്തിയിരുന്നില്ല.
ഈ ലോറിയില്‍ എന്റെ വസ്തുക്കള്‍ പാര്‍ട്ട് ലോഡ് മാത്രമാണുണ്ടായിരുന്നത്. ബാക്കിയെന്തെല്ലാമാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് എനിക്കറിയില്ല. വസ്തുതകള്‍ ഇതായിരിക്കേ ഈ ലോറിയില്‍ നികുതി വെട്ടിച്ച സാധനങ്ങള്‍ ഒളിപ്പിച്ച് എനിക്കു വേണ്ടി കടത്തിക്കൊണ്ടുവന്നു എന്നു പറയുന്നത് തികച്ചും തെറ്റാണ്.
നിയമാനുസൃതമായ രീതിയില്‍ വ്യാപാരം ചെയ്യുന്ന സ്ഥാപനമാണ് മലബാര്‍ ഗ്രൂപ്പ്. ഹൈക്കോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിച്ചതനുസരിച്ച് മേല്‍പറഞ്ഞ സാധനങ്ങള്‍ നിയമാനുസൃതമായി വിട്ടുനല്‍കാന്‍ ഉത്തരവായിട്ടുണ്ട്. ലോഡ് എത്തിക്കാന്‍ വൈകിയതിനു ട്രാന്‍സ്‌പോര്‍ട്ട് കമ്പനിക്ക് എതിരായി ലീഗല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട് '.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."