പി.എ രാജുവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിന് കൈമാറി
ഗാന്ധിനഗര്‍: സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗം പി.എ രാജുവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ഏറ്റെടുത്തു. ഇന്നലെ രാവിലെ പത്തോടെ നൂറുകണക്കിന് പാര്‍ടി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണു മൃതദേഹം മെഡിക്കല്‍ കോളജിനു കൈമാറിയത്.
ആശുപത്രി മോര്‍ച്ചറിയില്‍ ശനിയാഴ്ച രാത്രി എത്തിച്ച മൃതദേഹം ഔദ്യോഗിക കൈമാറ്റത്തിനായി വിലാപയാത്രയായാണു കൊണ്ടുവന്നത്. മന്ത്രി എം.എം മണി മൃതദേഹം വിട്ടുനല്‍കുന്നതിനുള്ള സമ്മതപത്രം മെഡിക്കല്‍ കോളജ് അനാട്ടമി വിഭാഗം മേധാവി ഡോ. കെ.എന്‍ വിജയമ്മക്കു കൈമാറി. കെ.ജെ തോമസ്, സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്, കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്, സംസ്ഥാന കമ്മിറ്റിയംഗം കെ.പി മേരി, ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി.എസ് രാജന്, പി.എന്‍ വിജയന്, കെ.വി ശശി, സി.വി വര്‍ഗീസ്, വി.വി മത്തായി, പി.എന്‍ മോഹനന്, കെ.എസ് മോഹനന്, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സി.എ കുര്യന്, എസ്. രാജേന്ദ്രന് എം.എല്‍.എ, ഇടുക്കിയിലെയും കോട്ടയത്തെയും സി.പി.എം ജില്ലാ കമ്മിറ്റിയംഗങ്ങള്‍, ഏരിയാ സെക്രട്ടറിമാര്‍, പി.എ രാജുവിന്റെ ബന്ധുക്കള്‍ തുടങ്ങിയവരും പങ്കെടുത്തു. മെഡി. കോളേജ് ആര്.എം.ഒ ഡോ. ആര്.പി രഞ്ജിനും സന്നിഹിതനായി.
പാര്‍ടി ഓഫിസില്‍ താമസിച്ചു തൊഴിലാളി വര്‍ഗത്തിനായി ജീവിതം ഉഴിഞ്ഞുവച്ച രാജു തന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു പഠനത്തിനു നല്‍കണമെന്ന ആഗ്രഹം രണ്ടുവര്‍ഷം മുന്‍പാണു വ്യക്തമാക്കിയത്. തന്റെ കര്‍മവും ജീവിതവും സമൂഹത്തിനു വേണ്ടിയാണെന്ന് അക്ഷരാര്‍ഥത്തില്‍ തെളിയിച്ച കമ്യൂണിസ്റ്റ് നേതാവിന്റെ മൃതദേഹം മെഡിക്കല്‍ കോളജിനു കൈമാറുന്നതുവരെ ഇടുക്കിയില്‍നിന്ന് എത്തിയ പാര്‍ടി പ്രവര്‍ത്തകരും തൊഴിലാളികളും കോട്ടയത്ത് തങ്ങി. ഞായറാഴ്ച രാവിലെയും പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നു. വെള്ളിയാഴ്ച രാത്രി 9.15നാണ് സ്വകാര്യ ആശുപത്രിയില്‍ പി.എ രാജു അന്തരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."