പനമരത്ത് മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍
പനമരം: കുപ്പുദേവ രാജ്, അജിത വധത്തിനെതിരേ ശക്തമായ ബഹുജന മുന്നേറ്റം ആഹ്വാനം ചെയ്ത് പനമരത്ത് മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍. ഇന്നലെ പനമരം പ്രസ് ഫോറം ഓഫിസിലാണ് മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ കണ്ടെത്തിയത്. രണ്ടു പേജുള്ള ആറു ലഘു ലേഖകളാണ് ഓഫിസിനകത്തേകിട്ട നിലയിലുണ്ടായിരുന്നത്.
വിപ്ലവകാരികളെ കൂട്ടക്കൊല ചെയ്യുകയും ജനാധിപത്യ, പൗരാവകാശ സാംസ്‌കാരിക പ്രവര്‍ത്തകരെ ഭീകര നിയമം ചുമത്തി ജയിലിലടക്കുകയും ചെയ്യുന്ന നരേന്ദ്ര മോദി-പിണറായി കൂട്ട് കെട്ട് തിരിച്ചറിയണമെന്നും ലഘുലേഖയില്‍ പറയുന്നു.
2016 ജൂലൈ എട്ടിന് മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇന്റര്‍ കൗണ്‍സില്‍ യോഗത്തിലും ഡിസംബറില്‍ രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ യോഗത്തിലും മാവോയിസ്റ്റുകളെ കൊന്നൊടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ സൈനിക, സാമ്പത്തിക, സാങ്കേതിക സഹായാഭ്യര്‍ഥനകള്‍ പിണറായിയുടേയും സി.പി.എമ്മിന്റെയും രാഷ്ട്രീയം വെളിപ്പെടുത്തുന്നുണ്ടെന്നും വാചക കസര്‍ത്തുകൊണ്ട് ഇതു മൂടിവെക്കാനാകില്ലെന്നും ലഘുലേഖയിലുണ്ട്.
മനുഷ്യവകാശ പ്രവര്‍ത്തകരെ നിലമ്പൂരില്‍ സന്ദര്‍ശനം നടത്താന്‍ അനുവദിക്കാതിരുന്ന നടപടിയെ നിശിതമായി വിമര്‍ശിക്കുന്ന ലഘുലേഖ, ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരേയും ആക്ഷേപമുന്നയിക്കുന്നുണ്ട്.
മര്‍ദിതരുടെ വിമോചന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ മാവോയിസ്റ്റ് ജനകീയ യുദ്ധപാതയില്‍ അണിനിരക്കാന്‍ ആഹ്വാനം ചെയ്താണ് സി.പി.ഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റി വക്താവ് ജോഗിയുടെ പേരിലുള്ള ലഘുലേഖ അവസാനിക്കുന്നത്.
വിവരമറിഞ്ഞെത്തിയ പനമരം പൊലിസ് ലഘുലേഖകള്‍ കൊണ്ടുപോയി. ഇത് രണ്ടാം തവണയാണ് പ്രസ്‌ഫോറം ഓഫിസില്‍ മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ പ്രത്യക്ഷപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."