വാഗമണ്‍: യുവാവിനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു
പീരുമേട്: വാഗമണ്‍ കോലാഹലമേട് ആത്മഹത്യ മുനമ്പില്‍ യുവാവ് മരിച്ച കൊക്കയില്‍ നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ചു. എറണാകുളം കണ്ടനാട് സ്വദേശി അരുണ്‍ (22)ന്റെ മൃതദേഹം കണ്ടെടുത്ത സ്ഥലത്ത് അരുണിനൊപ്പം മറ്റൊരാളും ഉണ്ടന്നുള്ള അഭ്യൂഹത്തെ തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. എന്നാല്‍ കണ്ടെത്താന്‍ സാധിച്ചില്ല.
വെള്ളിഴാഴ്ച്ച 40 പേരടങ്ങിയ സംഘവും രണ്ട് പേര്‍ വീതമുള്ള എട്ട് സംഘങ്ങളുമാണ് തിരച്ചില്‍ നടത്തിയത്. കണ്ടനാട് മേഖലയില്‍ യുവാക്കള്‍ കാണാതായിട്ടുണ്ടോ എന്നും പൊലിസ് അന്വേഷണം നടത്തുന്നുണ്ട്. രണ്ടു ദിവസങ്ങളായി നടത്തിയ 16 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ശനിയാഴ്ച്ച രാത്രി 10 മണിയോടെയാണ് മൃതദേഹം മുകളില്‍ എത്തിച്ചത്. മൃതദേഹം കാത്ത് അരുണിന്റെ ബന്ധുക്കള്‍ നില്‍ക്കുന്നുണ്ടായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനുശേഷം ഇന്നലെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. 850 അടി താഴ്ചയുള്ള അഗാധ കൊക്കയില്‍ നിന്നും ക്രയിന്‍ റോപ്പും വലയും ഉപയോഗിച്ചാണ് മൃതദേഹം മുകളിലെത്തിച്ചത്.
ഇത് സംബന്ധിച്ച് മുണ്ടക്കയം പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയാണോ കാല്‍വഴുതി വീണതാണോ എന്നതിനെപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. ഇയാള്‍ മുനമ്പില്‍ ഉണ്ടായിരുന്നപ്പോള്‍ വാഗമണ്ണില്‍ ഉണ്ടായിരുന്ന മറ്റു സഞ്ചാരികളെ കുറിച്ചും അന്വേഷണം ആരംഭിച്ചു. ആത്മഹത്യ മുനമ്പ് വാഗമണ്‍ പൊലിസ് സ്റ്റേഷന്റെ പരിധിയിലും മൃതദേഹം കണ്ടെത്തിയത് കോട്ടയം ജില്ലയിലെ മുണ്ടക്കയം പൊലിസ് സ്റ്റേഷന്റെ പരിധിയിലുമാണ്. വെള്ളിഴാഴ്ച ആറുമണിയോടെയാണു രണ്ടു യുവാക്കളെ കാണാതായെന്ന വിവരം പൊലിസിനു ലഭിച്ചത്. ബൈക്ക് വച്ചശേഷം ആത്മഹത്യാ മുനമ്പിലേക്കു രണ്ടു യുവാക്കള്‍ പോയെന്നും ഇവര്‍ മടങ്ങിയെത്തിയിട്ടില്ലെന്നും സുരക്ഷാ ജീവനക്കാരനാണ് അറിയിച്ചത്. തുടര്‍ന്നു പൊലിസ് സംഘം എത്തി പരിശോധന നടത്തിയപ്പോഴാണു ഹെല്‍മറ്റും ചെരുപ്പുകളും കണ്ടത്. പിന്നീട് അഗ്‌നിശമനസേനയും അന്വേഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."