ചെമ്പരിക്ക ഖാസി കേസ്: പ്രതീക്ഷയുണര്‍ത്തി പുതിയ നീക്കങ്ങള്‍
ആ ദുരന്തത്തിന്റെ തപ്തസ്മരണയ്ക്ക് എട്ടാണ്ട് തികയുകയാണ്. ഉത്തരകേരളത്തിന്റെ ആധ്യാത്മിക ചക്രവാളത്തില്‍ യശോ ധാവണ്യം പരത്തി നിറഞ്ഞു നിന്ന ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവി ദുരൂഹ സാഹചര്യത്തില്‍ കൊല ചെയ്യപ്പെട്ടത് 2010 ഫെബ്രുവരി 15 പുലര്‍ച്ചെയായിരുന്നു.
പ്രദേശത്തെ ജനസമൂഹത്തെ ഒന്നടങ്കം നടുക്കത്തിലാക്കിയ ആ സംഭവം നടന്നത് മുതല്‍ അതിന്റെ പിന്നിലെ നിഗൂഢതയകറ്റാന്‍ കൊണ്ടു പിടിച്ച ശ്രമങ്ങള്‍ നടന്നു. എന്നാല്‍, ചില ദുഷ്ടശക്തികളുടെ ഇടപെടല്‍ കാരണം തുടക്കം മുതലേ കേസിന്റെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കപ്പെട്ടു. കേസ് വഴിതിരിച്ചുവിടാന്‍ ശ്രമങ്ങള്‍ നടന്നു. ലോക്കല്‍ പൊലിസും ക്രൈംബ്രാഞ്ചും ഒടുവില്‍ സി.ബി.ഐയും നടത്തിയ അന്വേഷണങ്ങള്‍ ഏകപക്ഷീയവും അപര്യാപ്തവുമായി.
പക്ഷേ, കോടതികളിലും തെരുവുകളിലും ഈ കേസ് അനുരണനം സൃഷ്ടിച്ചു കൊണ്ടേയിരുന്നു. ഓരോ കോടതി വിധിയും ജനങ്ങളുടെ അമര്‍ഷവും ആത്മവിശ്വാസവും വര്‍ധിപ്പിച്ചു. സത്യം പുറത്തു കൊണ്ടുവന്നിട്ടല്ലാതെ വിശ്രമമില്ലെന്ന് അവര്‍ ഉറപ്പിച്ചു.
കാരണം ചിലര്‍ ആരോപിക്കുന്നത് പോലെ സാത്വികനായ ആ ധീര പണ്ഡിതന്‍ ആത്മഹത്യ ചെയ്യുകയെന്നത് അവരെ സംബന്ധിച്ച് അചിന്ത്യവും അവിശ്വസനീയവുമാണ്.
എന്നാല്‍, എട്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ കേസിലുണ്ടായ അനുകൂല വഴിത്തിരിവ് ഉസ്താദിനെ സ്‌നേഹിക്കുന്ന ജനങ്ങളിലും പ്രസ്ഥാനബന്ധുക്കളിലും പുതിയ പ്രതീക്ഷയും ഉണര്‍വും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സി.ബി.ഐ, എറണാകുളം സി.ജെ.എം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് സ്വീകരിക്കരുതെന്നും അതിനെ അവഗണിക്കണമെന്നും അവര്‍ തന്നെ കോടതിയില്‍ ആവശ്യപ്പെട്ടതാണ് ഈ ഫെബ്രുവരി ആദ്യവാരത്തില്‍ കണ്ടത്
.
പുതിയ മൊഴികളുടെ വെളിച്ചത്തില്‍ തുടരന്വേഷണത്തിന് സി.ബി.ഐ തയ്യാറെടുത്തതായാണ് മനസിലാകുന്നത്.
കാസര്‍കോട് പ്രദേശത്ത് ഖാസിയുടെ കുടുംബവും പൊതുജനങ്ങളും അടങ്ങിയ ജനകീയ ആക്ഷന്‍ കമ്മിറ്റി വിവിധ സമരപരിപാടികളുമായി വര്‍ഷങ്ങളായി രംഗത്തുണ്ട്.
ഇപ്പോള്‍ അശ്‌റഫ് എന്ന വ്യക്തിയുടെ പുതിയ വെളിപ്പെടുത്തലിനെ തുടര്‍ന്നു സമസ്തയുടെ പി.ആര്‍.ഒ അഡ്വ. ത്വയ്യിബ് ഹുദവി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയും കേസില്‍ പ്രധാന ചലനമായിട്ടുണ്ട്. മറ്റു ചില സംഘടനകളും കേസും പ്രക്ഷോഭവുമായി സജീവ രംഗത്തുണ്ട്.
ഇത്തരമൊരു സാഹചര്യത്തില്‍ സി.ബി.ഐക്ക് കേസില്‍ നിന്ന് ലാഘവബുദ്ധിയോടെ തലയൂരാനാവില്ല. അവര്‍ മുമ്പ് കണ്ടെത്തിയ നിഗമനങ്ങള്‍ ബാലിശവും ഏകപക്ഷീയവുമാണെന്ന കാര്യം അവര്‍ക്കു കൂടി ബോധ്യപ്പെട്ടുവെന്നാണല്ലോ റിപ്പോര്‍ട്ട് അവഗണിക്കാനുള്ള അവരുടെ തന്നെ അഭ്യര്‍ഥന സൂചിപ്പിക്കുന്നത്.
ആ നിലയ്ക്ക് സി.ബി.ഐ ഖാസി കേസിനെ കൂടുതല്‍ ജാഗ്രതയോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയ്യാന്‍ നിര്‍ബന്ധിതരാകും എന്ന് തന്നെയാണ് നിരീക്ഷകര്‍ കരുതുന്നത്. വരും നാളുകള്‍ ഈ കേസില്‍ നിര്‍ണായക നടപടികള്‍ക്ക് സാക്ഷിയാകും എന്ന് തന്നെ പ്രതീക്ഷിക്കാം.
പക്ഷെ, കേസ് നടപടികളിലും സമരപരിപാടികളിലും സജീവമായവര്‍ക്ക് വിശ്രമിക്കാന്‍ സമയമായിട്ടില്ല. മുന്‍പ് ഇടങ്കോലിട്ടു കേസ് ഗതി മാറ്റാന്‍ ശ്രമിച്ച ശക്തികള്‍ ഇപ്പോഴും അണിയറയില്‍ കരുനീക്കങ്ങള്‍ നടത്തുന്നുണ്ടാകാം. അത്തരം ദുസ്വാധീനങ്ങളില്‍പ്പെടാതെ കേസിന്റെ സത്യസന്ധമായ പ്രയാണം ഉറപ്പുവരുത്തേണ്ട ബാധ്യത ബന്ധപ്പെട്ട എല്ലാവര്‍ക്കും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."