നീരാളി
വാരാന്ത്യത്തില്‍ ഫാമിലിയുമൊത്ത് കടപ്പുറത്ത് ഉലാത്തുമ്പോഴും അഭിമന്യുവിനെക്കുറിച്ചുള്ള ആകുലതകളില്‍ വിങ്ങിപ്പൊട്ടുകയായിരുന്നു അശാന്തമായ മനസ്. മനത്തിരകള്‍ക്കുമേല്‍ അനന്തമായ ആകാശം. മുന്നില്‍ നിലക്കാത്ത അലകടല്‍.
കടപ്പുറത്ത് അല്ലലറിയാതെ ഓടിക്കളിക്കുകയായിരുന്നു മകന്‍. അവനിലേക്കുതന്നെ കണ്ണുംനട്ടു നില്‍ക്കുന്ന ഭാര്യ സേതുലക്ഷ്മി മറ്റേതോ ലോകത്തു വ്യാപരിക്കുകയാണെന്ന് ആ മുഖഭാവം കണ്ടാലറിയാം. കടലില്‍നിന്ന് ആഞ്ഞടിക്കുന്ന ഉപ്പുകാറ്റ് ശാസം മുട്ടിച്ചു. അലറി വന്ന ആഴിത്തിരമാലകള്‍ കരയെ വിഴുങ്ങാനെന്നോണം ആകാശത്തോളം അമ്മാനമാടി.
'നമ്മള്‍ അന്നു കണ്ട കടലല്ല ഇത്... അന്നിതെത്ര ശാന്തമായിരുന്നു...'
സേതു വരണ്ട കാറ്റിനോടൊപ്പം മുരണ്ടു.
അതെ. നല്ല ഓര്‍മയുണ്ട്. അവളന്ന് അഭിമന്യുവിനെ ഏഴു മാസം ഗര്‍ഭിണിയായിരുന്നു. അവനീ ജനുവരി ഒന്നിനു രണ്ടു വയസും മൂന്നു മാസവും തികയുന്നു. കൈയാണോ കാലാണോ വളരുന്നതെന്നു നോക്കിയാണു പിന്നീട് ഓരോ ദിനവും മുന്നോട്ടു തള്ളിനീക്കിയത്.
'ഓഖിയുടെ ആഫ്ടര്‍ എഫക്ടായിരിക്കും...കടലും മനുഷ്യമനസുകള്‍ പോലെ അശാന്തമായ രൂപഭാവങ്ങള്‍ കൈക്കൊള്ളാന്‍ പഠിച്ചിരിക്കുന്നു...'
സേതുവിന്റെ ഒച്ച ഒരു കൊമ്പന്‍ തിരമാലയിലുലഞ്ഞു.
'ദാ അമ്മേ ...ഒരു ഞന്ത്...'
മകനാണ് അതിനെ ആദ്യം കണ്ടത്. കരയുന്ന ഷൂവുമായി നനഞ്ഞു കുതിര്‍ന്ന പൂഴിപ്പരപ്പിലൂടെ ഞണ്ടിന്റെ പിന്നാലെ അവന്‍ പരക്കം പാഞ്ഞു.
അങ്ങകലെ ആകാശച്ചെരിവില്‍ കഴുകനും ചെമ്പരുന്തും കാക്കകളും തങ്ങള്‍ക്കിണങ്ങുന്ന ഇരയെ കൊക്കിലൊതുക്കാന്‍ മത്സരിച്ചു വട്ടമിട്ടു. അരയന്മാര്‍ പുറങ്കടലില്‍ വലയെറിഞ്ഞ് അക്ഷമരായി.
ഞണ്ട് മാളത്തില്‍ പോയൊളിച്ചെന്നും അതിനെ പിടിച്ചുതരണമെന്നും അഭിമന്യു അരികിലേക്ക് ഓടിവന്നു ചിണുങ്ങി.
ഓരോരുത്തരും അവരവരുടെ ജീവന്‍ രക്ഷിച്ചെടുക്കാന്‍ അവസരം കാക്കുന്നു. പൊത്തിലൊളിച്ച ഞണ്ട് ഇടക്കിടെ പുറത്തേക്കു തലനീട്ടി മകനെ വ്യാമോഹിപ്പിച്ചു. സുനാമിയുടെയും കൊടുങ്കാറ്റിന്റെയും മുന്നറിയിപ്പില്‍ മാറ്റിപ്പാര്‍പ്പിക്കപ്പെട്ടവര്‍ തങ്ങളുടെ താവളങ്ങളിലേക്കു തിരിച്ചുവരാന്‍ തുടങ്ങി. നിത്യജീവിതം കരുപ്പിടിപ്പിക്കാന്‍ പാടുപെടുന്ന ഒരുപിടി മനുഷ്യരും പക്ഷിമൃഗാദികളും.
'അയാം സോറി ടു സെ മിസ്റ്റര്‍ ഗോപന്‍... ഏറിയാല്‍ ഒരാറു മാസം... ഈ കേസില്‍ അതിനപ്പുറത്തേക്കു പോയാല്‍ അതൊരു മിറാക്കിളായിരിക്കും...'
കഴിഞ്ഞയാഴ്ച ചെക്കപ്പിനു ചെന്നപ്പോള്‍ ഡോക്ടര്‍ ജേക്കബ് സാമുവലിന്റെ ശബ്ദം വല്ലാതെ നേര്‍ത്തിരുന്നു. പ്രിമേച്വര്‍ ഡെലിവറിക്കുശേഷം മൂന്നു മാസത്തെ ഡയാലിസിസ്. അന്ന് റിലീസ് ചെയ്യുമ്പോള്‍ തന്നെ ഡോക്ടര്‍ അപകടസൂചന അറിയിച്ചിരുന്നു.
'ദീര്‍ഘമായ കാത്തിരിപ്പിനു തീരെ ഫലമില്ലാതായിപ്പോയല്ലോ... കുഞ്ഞ് കടുത്ത ലൂഖേമിയ ബാധിതനാണ്...'
സേതുവിനോട് ഇക്കാര്യം ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല. മൂന്നാലു കൊല്ലത്തേക്കു ചില ബാലാരിഷ്ടതകള്‍ കാണുമെന്നും അതിനാല്‍ റെഗുലര്‍ ചെക്കപ്പ് അനിവാര്യമാണെന്നും കള്ളം പറഞ്ഞു. അത്രയ്‌ക്കൊന്നും സീരിയസ്‌നെസ് പുറത്തേക്കു കാണിക്കുന്ന ജനുസല്ല സേതുവിന്റേത്. ഒരുവേള അവള്‍ക്കെല്ലാം അറിയാമായിരിക്കും. അതാണ് ആ മുഖത്ത് ഈയിടെയായി കാണുന്ന മ്ലാനത.
കാറ്റും കോളും നിലച്ച അഴിമുഖം പെട്ടെന്ന് കറുത്തിരുണ്ടു. ഇരുള്‍ മറവിലൂടെ കടല്‍ കണ്ടു മടങ്ങുന്നവരുടെ ആരവം കാതുകളെ തുളച്ചു. കടല്‍ക്കാറ്റില്‍ തിരമാലക്കണങ്ങള്‍ മുഖത്തേക്ക് ആഞ്ഞുതെറിച്ചു. അലറുന്ന ഒരു രാക്ഷസിയാണിപ്പോള്‍ കടല്‍. അതിന്റെ അസഹ്യമായ മുരള്‍ച്ച അന്തരീക്ഷത്തെ കടപുഴക്കി. ക്രമേണ കടപ്പുറത്ത് തലങ്ങും വിലങ്ങും പാഞ്ഞു കളിച്ച മകന്റെ ഷൂവിന്റെ കരച്ചില്‍ കടല്‍ച്ചൊരുക്ക് ആര്‍ത്തിയോടെ കൊത്തിവിഴുങ്ങി.
'പോകാം..'
അനുസരണയറ്റ കുറുനിരകളെ മാടിയൊതുക്കി സേതു ഇരുട്ടില്‍ മുഖാമുഖം നിന്നു. അവളുടെ പൊള്ളുന്ന ശ്വാസോഛാസം മുഖത്തേക്കാഞ്ഞടിച്ചു. ആ മുഖഭാവമന്നേരം ഒട്ടും വായിക്കാനാവുമായിരുന്നില്ല.
ഇരുള്‍ മറവിലൂടെ ഒളിച്ചുവന്ന ഭീമാകാരനായൊരു തിര പാദങ്ങളെ സൗമ്യമായി നക്കി കടന്നുപോയി. കാലിലെന്തോ ഇഴഞ്ഞു. മാളംവിട്ടു പുറത്തിറങ്ങിയ ഒരു കൊച്ചു നീരാളി. തെക്കുദിശയെ ലാക്കാക്കി പതുങ്ങിനീങ്ങുന്ന അതിന്റെ കാലൊച്ച അന്തരീക്ഷത്തെയപ്പോള്‍ ശരിക്കും കിടിലം കൊള്ളിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."