കോഴിക്കോട് മെഡി. കോളജിലെ കൂട്ടത്തോല്‍വി സര്‍വകലാശാലയെ സമീപിക്കാന്‍ കൂട്ടായ തീരുമാനം
ചേവായൂര്‍ (കോഴിക്കോട്): കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവസാനവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ കൂട്ടത്തോല്‍വിയെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ വിളിച്ചുചേര്‍ത്ത പി.ടി.എ യോഗത്തില്‍ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്തണമെന്ന് രക്ഷിതാക്കളുടെ ആവശ്യം.
ഇക്കാര്യം ഉന്നയിച്ച് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ആരോഗ്യ സര്‍വകലാശാലയെ (കുഹാസ്) സമീപിക്കാന്‍ യോഗത്തില്‍ തീരുമാനമായി. രക്ഷിതാക്കള്‍ ഉന്നയിച്ച വസ്തുതകള്‍ ഗൗരവമുള്ളതാണെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് തോറ്റ വിദ്യാര്‍ഥികളുടെ ഒപ്പു ശേഖരിച്ച് പ്രിന്‍സിപ്പലും പി.ടി.എ കമ്മിറ്റിയും സിന്‍ഡിക്കേറ്റിനെ കാണാന്‍ തീരുമാനിച്ചത്. തിയറിയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ ഇരുപതോളം വിദ്യാര്‍ഥികള്‍ തോറ്റതു പ്രാക്ടിക്കല്‍ വിഷയത്തിലെ ഒന്നും രണ്ടും മാര്‍ക്കുകള്‍ക്കാണെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി.
ക്ലാസെടുക്കാതെ അധ്യാപകര്‍ അലംഭാവം കാണിച്ചതിനെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ചയുണ്ടായില്ല. വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ട് ഫലമില്ലെന്നും ഇപ്പോള്‍ പ്രധാനം കുട്ടികളുടെ ഭാവിയാണെന്നുമാണ് ഇതേക്കുറിച്ച് രക്ഷിതാക്കള്‍ പ്രതികരിച്ചത്. പരീക്ഷയില്‍ പിഴവു സംഭവിച്ചിട്ടുണ്ടാകാമെന്നാണ് യോഗത്തിന്റെ അനുമാനം. എന്നാല്‍ അതു തീരുമാനിക്കേണ്ടതു സിഡിക്കേറ്റാണെന്നാണ് വിലയിരുത്തല്‍. അതേസമയം പരീക്ഷയില്‍ തോറ്റ 34 പേരും കഴിഞ്ഞദിവസം സര്‍വകലാശാലാ വൈസ് ചാന്‍സലറെ കണ്ടു പരാതി നല്‍കി. കോളജ് യൂനിയന്‍ പ്രതിനിധികളും ബാച്ച് പ്രതിനിധികളും വൈസ് ചാന്‍സലര്‍ക്കും പരീക്ഷാ കണ്‍ട്രോളര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. യോഗത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. പ്രതാപ് സോമനാഥ്, പി.ടി.എ സെക്രട്ടറി ഡോ. ടി.പി അഷ്‌റഫ്, പി.ടി.എ ഭാരവാഹികള്‍, ഓരോ ബാച്ചിലെയും അധ്യാപകര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."