മദ്യനയത്തിന് ചെങ്ങന്നൂരില്‍ മറുപടി നല്‍കുമെന്ന് കെ.സി.ബി.സി
കൊച്ചി: സര്‍ക്കാരിന്റെ ജനദ്രോഹ മദ്യനയത്തിന് ചെങ്ങന്നൂരില്‍ ശക്തമായ മറുപടി നല്‍കാനും പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കാനും പാലാരിവട്ടം പി.ഒ.സി.യില്‍ ചേര്‍ന്ന കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ ഏകദിന സമ്മേളനം തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി 20ന് ഉച്ചക്ക് രണ്ടിന് വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളെയും മത-സാമൂഹ്യ നേതാക്കളെയും പങ്കെടുപ്പിച്ച് മദ്യവിരുദ്ധ വിശാലസഖ്യത്തിന്റെ നേതൃത്വത്തില്‍ ബഹുജന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും.
മദ്യനയത്തിലെ കാപട്യവും ജനവഞ്ചനയും ജനത്തെ ബോധ്യപ്പെടുത്താന്‍ നിയോജക മണ്ഡലത്തില്‍ ഡോര്‍ ടു ഡോര്‍ പ്രചാരണം, കോര്‍ണര്‍ യോഗങ്ങള്‍, പ്രചാരണ ജാഥകള്‍ എന്നിവ സംഘടിപ്പിക്കും.
മദ്യത്തിന്റെ ദുരിതവും ദുരന്തവും അനുഭവിക്കുന്ന സ്ത്രീകളെയും കുട്ടികളെയും പരിപാടികളില്‍ പങ്കെടുപ്പിക്കും.
ഇന്നു നടന്ന ഏകദിന ബഹുജന ഉപവാസ സമ്മേളനം കെ.പി.സി.സി മുന്‍പ്രസിഡന്റ് വി.എം.സുധീരന്‍ ഉദ്ഘാടനം ചെയ്തു.
സമൂഹത്തില്‍ വലിയ ദുരന്തവും അരാജകത്വവും സൃഷ്ടിക്കുന്നതാണ് സര്‍ക്കാരിന്റെ മദ്യനയം. സര്‍ക്കാരിന്റെ മിടുക്കും കാര്യക്ഷമതയും മദ്യം സുലഭമാക്കാനാണ്.
ജനങ്ങളെ രക്ഷിക്കേണ്ടവര്‍ തന്നെ വന്‍ ദുരന്തങ്ങളിലേക്കാണ് ജനങ്ങളെ തള്ളിവിടുന്നത്. സുപ്രിം കോടതി വിധി ദുരൂഹമാണ്. മുന്‍വിധിയില്‍ വെള്ളം ചേര്‍ത്ത് ദുര്‍ബലമാക്കുകയാണ് കോടതി ചെയ്തത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എന്തും ചെയ്യാനുള്ള ലൈസന്‍സ് ആണ് കോടതി നല്‍കിയത്.
വന്‍ വിപത്തിലേക്കു ജനങ്ങളെ തള്ളിവിടുന്ന വിധിയാണിത്. വിധി പുനര്‍വിചിന്തനം ചെയ്യപ്പെടണമെന്നും വി.എം സുധീരന്‍ പറഞ്ഞു.
ബത്തേരി രൂപത ബിഷപ് ജോസഫ് മാര്‍ തോമസ് മുഖ്യസന്ദേശം നല്‍കി. കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റീസ് പി.കെ ഷംസുദ്ദീന്‍ അധ്യക്ഷനായിരുന്നു. മദ്യവിരുദ്ധ കമ്മിഷന്‍ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, ഫാ.പോള്‍ കാരാച്ചിറ, ഫാ. വര്‍ഗ്ഗീസ് മുഴുത്തേറ്റ്, ടി.എം.മുജീബ് റഹ്മാന്‍, തങ്കച്ചന്‍ വെളിയില്‍, ആന്റണി ജേക്കബ് ചാവറ, തോമസുകുട്ടി മണക്കുന്നേല്‍, ഷിബു കാച്ചപ്പിള്ളി, ജോസ് ചെമ്പിശേരി, പ്രൊഫ.കെ.കെ.കൃഷ്ണന്‍, ഫാ. ദേവസ്സി പന്തലുക്കാരന്‍, ഷൈബി പാപ്പച്ചന്‍, ഫാ. സെബാസ്റ്റ്യന്‍ കണിമറ്റം എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."