അക്രമങ്ങള്‍ ടൂറിസം സാധ്യതകള്‍ക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക
കോവളം: അന്തര്‍ദേശീയ ടൂറിസം കേന്ദ്രമായ കോവളത്തിനടുത്ത് ദുരൂഹ സാഹചര്യത്തില്‍ വിദേശവനിതയുടെ മൃതദേഹം കാണപ്പെട്ട സംഭവം കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന കാലത്ത് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വിനോദ സഞ്ചാരത്തിനും ആയുര്‍വേദ ചികിത്സക്കും യോഗ അഭ്യസിക്കാനുമൊക്കെ എത്തുന്ന വിദേശ വനിതകള്‍ പോലും സുരക്ഷിതരല്ലെന്ന് വരുന്നത് കേരളത്തിന്റെ ടൂറിസത്തിന് കനത്ത ആഘാതമാണ് വരുത്തുന്നത്.
കേരളത്തിന്റെ വികസനത്തില്‍ വലിയ പങ്ക് വഹിക്കുന്ന മേഖലയാണ് ആയുര്‍വേദ ടൂറിസം. ശ്രീലങ്കയും മലേഷ്യയും തായ്‌ലന്റും അടക്കമുള്ള വിദേശ രാജ്യങ്ങള്‍ കുറഞ്ഞ പാക്കേജുകളും കൂടുതല്‍ സൗകര്യങ്ങളുമേര്‍പ്പടുത്തി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ രംഗത്തിറങ്ങിയതോടെ കേരളത്തിലേക്കുള്ള വിദേശികളുടെ വരവ് കുറഞ്ഞിരുന്നു.
ഇതു പരിഹരിക്കാനായി ആയുര്‍വേദ ഹെല്‍ത്ത് ടൂറിസം പ്രമോട്ട് ചെയ്യാന്‍ ടൂറിസം വകുപ്പ് വിദേശത്തടക്കം ട്രാവല്‍ മാര്‍ട്ടുകളും റോഡ്‌ഷോകളും സംഘടിപ്പിച്ച് വിദേശികളെ ആകര്‍ഷിക്കുന്ന വേളയിലാണ് ആയുര്‍വേദ ചികിത്സക്കെത്തിയ വിദേശവനിതയെ കാണാതായി ഒരുമാസത്തിന് ശേഷം ഒറ്റപ്പെട്ട സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട് കണ്ടെത്തുന്നത്.
മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ വിദേശി സംഘത്തിലെ കുട്ടി നീന്തല്‍ക്കുളത്തില്‍ ഷോക്കേറ്റ് മരിച്ചിരുന്നു. വിനോദ സഞ്ചാരത്തിനെത്തിയ വിദേശ വനിതകളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത പരാതിയുടെ അടിസ്ഥാനത്തില്‍ കോവളത്ത് യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തതും ആയുര്‍വേദ മസാജ് സെന്ററില്‍ എത്തിയ വനിതയെ പീഡിപ്പിക്കാന്‍ നടത്തിയ ശ്രമവും അടിമലത്തുറയിലെ സ്വകാര്യ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ അന്യ സംസ്ഥാനക്കാരയ ദമ്പതികളുടെ കുട്ടി മുങ്ങിമരിച്ചതും സമീപകാലത്താണ്.
വിദേശികള്‍ ഉപദ്രവിക്കപ്പെട്ട പലകേസുകളിലും പരാതിക്കാര്‍ നാട്ടില്‍ മടങ്ങിയെത്തിയ ശേഷം വിദേശ എമ്പസികളില്‍ പരാതി നല്‍കിയത് കേരള ടൂറിസത്തിന് നാണക്കേടുണ്ടാക്കുന്നതോടൊപ്പം വിദേശികളടക്കമുള്ള വിനോദ സഞ്ചാരികള്‍ക്ക് കേരളം സുരക്ഷിതമായ ഇടമല്ലാതായവുന്നത് കേരളത്തിന്റെ ടൂറിസത്തിന് വലിയ തിരിച്ചടിക്ക് കാരണമാവും. ചികിത്സക്കിടെ കാണാതായ ലിഗയെ കണ്ടെത്താന്‍ പൊലിസിന്റെ സഹായം അഭ്യര്‍ഥിച്ചെത്തിയ സഹോദരിക്കും ഭര്‍ത്താവിനും തുടക്കത്തില്‍ കാര്യമായ സഹായം ലഭിച്ചില്ലെന്നും അതുകൊണ്ടു തന്നെ ലിഗയുടെ ദുരൂഹമരണം അന്വേഷിക്കുന്ന കേരള പൊലിസില്‍ വിശ്വാസം ഇല്ലെന്നുമുള്ള പരാതി കേരളം കേട്ടതാണ്.
വിദേശികള്‍ ഏറ്റവും സുരക്ഷിത ഇടം എന്ന് വിശ്വസിച്ചിരുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വച്ച് ഇത്തരമൊരു ദുരനുഭവം ഉണ്ടായതില്‍ ഏറെ ദുഃഖിതരാണ് ലിഗയുടെ ബന്ധുക്കള്‍. അത്‌കൊണ്ടു തന്നെ പനത്തുറയിലെ കണ്ടല്‍കാട്ടില്‍ ലിഗ എത്തിയെതെങ്ങനെ എന്ന് കണ്ടെത്തി ദുരൂഹത തീര്‍ക്കണമെന്നാണ് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."