'കലാപകാരികളെ അടിച്ചമര്‍ത്തും'
തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ പലയിടത്തും പരീക്ഷിച്ച് വിജയിച്ച തന്ത്രം കേരളത്തിലും പയറ്റാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതു കേരളത്തില്‍ നടക്കില്ല. അക്രമങ്ങളെയും വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ശ്രമങ്ങളെയും സര്‍ക്കാര്‍ നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തുമെന്നും അദ്ദേഹം ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
അക്രമികളുടെ രാഷ്ട്രീയം നോക്കാതെയുള്ള കര്‍ശന നടപടികളാണ് പൊലിസ് സ്വീകരിക്കുന്നത്. അക്രമം തടയുകയും സമാധാന ജീവിതം ഉറപ്പാക്കുകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. ഒരു തരത്തിലുള്ള ഭീഷണിക്കും സര്‍ക്കാര്‍ വഴങ്ങില്ല. കലാപം നടത്തി കേരളത്തില്‍ വേരുറപ്പിക്കാനാകുമോ എന്നാണ് സംഘ്പരിവാര്‍ നോക്കുന്നത്. അതൊന്നും കേരളത്തില്‍ വിലപ്പോകില്ലെന്ന് ബി.ജെ.പി നേതൃത്വം മനസിലാക്കിയാല്‍ നല്ലത്.
ആസൂത്രിതമായി അക്രമം അഴിച്ചുവിട്ട് സൈ്വരജീവിതവും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയും ആര്‍.എസ്.എസും തന്നെയാണ് കേരളത്തില്‍ ക്രമസമാധാനം അപകടത്തിലാണെന്ന് പ്രചരിപ്പിക്കുകയും കേന്ദ്രം ഇടപെടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്. സുപ്രിംകോടതി വിധിക്കെതിരേ ബി.ജെ.പിയും ആര്‍.എസ്.എസും ആസൂത്രിതമായും സംഘടിതമായും നടത്തുന്ന അക്രമങ്ങളല്ലാതെ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങളൊന്നുമില്ല.
സുപ്രിംകോടതി വിധി നടപ്പാക്കുകയെന്ന ഭരണഘടനാ ബാധ്യതയാണ് സര്‍ക്കാര്‍ നിര്‍വഹിക്കുന്നത്. കോടതി വിധി അട്ടിമറിക്കാന്‍ കലാപം സംഘടിപ്പിക്കുന്നവര്‍, സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാപരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുന്നത് വിചിത്രമാണ്.
ഭരണാഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിക്കുന്ന സര്‍ക്കാരിനെതിരേ ഭീഷണി ഉയര്‍ത്തുന്നതാണ് ഭരണഘടനാവിരുദ്ധം. ഭരണഘടനയോട് തെല്ലെങ്കിലും കൂറും ജനങ്ങളോട് പ്രതിബദ്ധതയും ഉണ്ടെങ്കില്‍ സ്വന്തം അണികളോട് അക്രമം അവസാനിപ്പിക്കാന്‍ നിര്‍ദേശിക്കുകയാണ് ബി.ജെ.പി ദേശീയ നേതൃത്വം ചെയ്യേണ്ടത്.
യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ജനുവരി മൂന്നിന് നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ വ്യാപകമായ അക്രമങ്ങളാണ് ഉണ്ടായത്. നൂറിലേറെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തകര്‍ത്തു.
സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും കടകള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപകമായ അക്രമങ്ങളുണ്ടായി. സി.പി.എം, സി.പി.ഐ ഓഫിസുകളും ആക്രമിക്കപ്പെട്ടു. ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും വീടുകള്‍ പലയിടത്തും അക്രമത്തിനിരയായി.
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കേരളത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്തവിധം വ്യാപകമായ അക്രമങ്ങളുണ്ടായി. മാധ്യമപ്രവര്‍ത്തകരുടെ കാമറകള്‍ തല്ലിത്തകര്‍ത്തു. തിരഞ്ഞുപിടിച്ച് മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന നേതാക്കളുടെ വാര്‍ത്താസമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിക്കുന്ന സ്ഥിതിയുണ്ടായി. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിന്റെയും മറ്റും വാര്‍ത്താസമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിക്കുന്നത്. സംസ്ഥാനത്താകെ 1800ഓളം കേസുകള്‍ പൊലിസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വിവിധ കേസുകളില്‍ ജയിലിലായ 700ലധികം പേരുടെ രാഷ്ട്രീയം പരിശോധിച്ചാല്‍ ആരാണ് യഥാര്‍ഥ അക്രമികളെന്ന് ബോധ്യമാകും. നെടുമങ്ങാട് പൊലിസ് സ്റ്റേഷനുനേരെ ആര്‍.എസ്.എസ് നേതാവ് ബോംബെറിയുന്ന ചിത്രം പ്രധാന മാധ്യമങ്ങളെല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോഴിക്കോട് നഗരത്തില്‍ ഉള്‍പ്പെടെ പലയിടത്തും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ഗൂഢാലോചന നടന്നതായും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."