യമനിൽ ഹൂതി മിസൈൽ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം എട്ടു മരണം
റിയാദ്: സംഘർഷം രൂക്ഷമായി തുടരുന്ന യമനിൽ വിമതരായ ഇറാൻ അനുകൂല ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേർ കൊല്ലപ്പെട്ടു. ഹൂതികൾ തൊടുത്തു വിട്ട മിസൈൻ ജനവാസ മേഖലയിലേക്ക് വീണുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടവരിൽ നാല് പേർ കുട്ടികളും നാല് പേർ സ്ത്രീകളുമാണെന്നു യമൻ ഇൻഫർമേഷൻ മന്ത്രി മുഅമ്മർ അൽ ഇർയാനി അറിയിച്ചു. സംഭവത്തിൽ നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നും എന്നാൽ എത്ര പേരാണ് ഇത്തരത്തിൽ കുടുങ്ങി കിടക്കുന്നതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മആരിബ് നഗരത്തിനു സമീപ പ്രദേശത്താണ് ഹൂതി ആക്രമണം നടന്നത്. ഇറാനിലെ കൂലിപ്പടയാളികളായ ഹൂതികൾ നടത്തിയ ഭീകരമായ കുറ്റകൃത്യത്തെ ശക്തമായി അപലപിക്കുന്നതായും അൽ ഇർയാനി ട്വീറ്റ് ചെയ്‌തു.
തലസ്ഥാന നഗരിക്ക് കിഴക്കുള്ള അൽ റൗദയിയെ ഹൂതികൾ ബാലിസ്‌റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ തുടരുകയാണ്. അന്താരാഷ്‌ട്ര സമൂഹത്തോടൊപ്പം ഈ ആക്രമണങ്ങളെ അപലപിക്കുന്നതിലും തടയുന്നതിലും യുഎൻ പ്രത്യേക പ്രതിനിധി മാർട്ടിൻ ഗ്രിഫിത്സ് നടത്തിയ നിഷ്‌ക്രിയത്വ നടപടിയാണ് തുടർ ആക്രമണങ്ങൾ ഹൂതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായി കൊണ്ടിരിക്കാൻ കാരണമെന്നും യമൻ ഇൻഫർമേഷൻ മന്ത്രി ആരോപിച്ചു. ഇറാനിൽ നിർമ്മിക്കുന്നതിന് സമാനമായ പുതിയ ആയുധങ്ങൾ ഹൂത്തി മിലിഷ്യയുടെ കൈവശമുണ്ടെന്ന് യു എൻ റിപ്പോർട്ടിൽ വ്യക്തമാക്കിയതായി എഎഫ്‌പി നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."