സഊദിയിലേക്ക് ഓണ്‍ അറൈവല്‍ വിസാ സംവിധാനം ഉപയോഗപ്പെടുത്തി മലയാളികളും എത്തി തുടങ്ങി
ജിദ്ദ: സഊദിയിൽ വിസാ നിയമം ലഘൂകരിച്ചതോടെ വിസ ഓണ്‍ അറൈവല്‍ സംവിധാനം ഉപയോഗപ്പെടുത്തി മലയാളികളും സഊദിയിലെത്തിത്തുടങ്ങി. അമേരിക്കൻ വിസയുള്ള തൃശൂർ മാള സ്വദേശികളായ തോമസ് കല്ലറക്കലും മേരി തോമസും ഒരുപക്ഷേ ഈ രീതിയിൽ സഊദിയിലെത്തുന്ന ആദ്യ മലയാളി ദമ്പതികളാണെന്ന് കരുതപ്പെടുന്നു.
റിയാദിലെ പ്രമുഖ നിര്‍മാണ കമ്ബനിയില്‍ പ്രൊജക്റ്റ് മാനേജരായ ജിന്റോ ജോസിന്റെ ഭാര്യ മേഘ തോമസിന്റെ അച്ഛനും അമ്മയുമാണു പ്രിയപ്പെട്ടവരെ കാണാന്‍ വിസ ഓണ്‍ അറൈവല്‍ സംവിധാനം ഉപയോഗിച്ചത്. അമേരിക്കന്‍ വിസയുള്ളവരാണ് ഇരുവരും. അമേരിക്കയ്ക്കു പുറമെ ബ്രിട്ടന്‍, ഷെന്‍ഗന്‍ വിസയുള്ള ഇന്ത്യക്കാര്‍ക്കും വിസ ഓണ്‍ അറൈവലില്‍ സഊദിയിലെത്താം. വിസയുള്ള രാജ്യങ്ങളിലേക്ക് ഒരു തവണയെങ്കിലും യാത്ര ചെയ്തവരായിരിക്കണമെന്ന നിബന്ധനയുണ്ട്.പുതിയ വിസയില്‍ രാജ്യത്തു പ്രവേശിക്കാന്‍ സഊദി എയര്‍ലൈന്‍സ് വിമാനത്തിലാണു ടിക്കറ്റെടുക്കേണ്ടത്. വിസ ഓണ്‍ അറൈവലിലെത്തുന്നവര്‍ക്കായി വിമാനത്താവളത്തില്‍ പ്രതേക കൗണ്ടര്‍ ആരംഭിച്ചിട്ടുണ്ട്. 400 സഊദി റിയാല്‍ വിസാ ഫീസായി കാര്‍ഡ് വഴി അടച്ചാല്‍ എന്‍ട്രി പാസും 90 ദിവസത്തെ വിസയും ലഭിക്കും.
സഊദിയില്‍ താമസരേഖയുള്ള ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്നവരുടെ ഭാര്യ, മക്കള്‍, മാതാപിതാക്കള്‍, ഭാര്യയുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കു മാത്രമായിരുന്നു സന്ദര്‍ശക വിസ അനുവദിച്ചിരുന്നത്. അതിനാകട്ടെ സ്പോണ്‍സറുടെ അനുമതി, കോണ്‍സിലേറ്റില്‍നിന്നുള്ള വിസ സ്റ്റാമ്പിങ് തുടങ്ങി ഏറെ കടമ്പകള്‍ കടക്കേണ്ടിയിരുന്നു.
ടൂറിസം സജീവമാക്കുന്നതിന്റെ ഭാഗമായാണു സഊദിയില്‍ കഴിഞ്ഞ വര്‍ഷാവസാനം വിസ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്. ഇന്ത്യയുള്‍പ്പടെ 49 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇ-വിസയിലും വിസ ഓണ്‍ അറൈവലിലും സഊദിയിലെത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."