കുഞ്ഞിനെ കൊന്നുകുഴിച്ചിട്ടെന്ന കേസ് കൊലപാതകമല്ലെന്ന് പൊലിസ്
അങ്കമാലി: നാടോടി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നുകുഴിച്ചിട്ടെന്ന കേസ് കൊലപാതകമല്ലെന്ന് പൊലിസ്. മരണത്തില്‍ ദുരുഹതയില്ലെന്നും കുഞ്ഞിന് ആവശ്യമായ തൂക്കം ഉണ്ടായിരുന്നില്ലെന്നും പോഷക കുറവുണ്ടായിരുന്നതായും പൊലിസ് അറിയിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമാര്‍ട്ടത്തെ തുടര്‍ന്നാണ് മരണം കൊലപാതകമല്ലന്ന് പൊലിസ് സ്ഥിരീകരിച്ചത് .
ഇതേതുടര്‍ന്ന് കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലിസ് കസ്റ്റഡിയിലുണ്ടായിരുന്ന മാതാപിതാക്കളായ തമിഴ്‌നാട് സ്വദേശിനി സുധയേയും ഭര്‍ത്താവ് എന്ന് പറയപ്പെടുന്ന മണികണ്ഠനെയും വെറുതെ വിട്ടു. അങ്കമാലി പൊലിസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഓഫീസ് കാര്യാലയത്തോട് ചേര്‍ന്ന് കാട് പിടിച്ച് കിടക്കുന്ന സ്ഥലത്ത് പിഞ്ചുകുഞ്ഞിനെ കുഴിച്ചുമൂടിയ വിവരം പുറംലോകം അറിയുന്നത് സുധ പരാതിയുമായി എത്തിയപ്പോഴാണ്. ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെയാണ് പരാതിയുമായി കുട്ടിയുടെ മാതാവ് പരാതിയുമായി എത്തിയത്. മണികണ്ഠന്‍ കൊലപാതകം നടത്തിയെന്നാണ് സുധ പൊലിസിനോട് പറഞ്ഞത്. തുടര്‍ന്ന് അങ്കമാലി പൊലിസ് മണികണ്ഠനെ കസ്റ്റഡിയിലെടുത്തു.
എന്നാല്‍ മുലപ്പാല്‍ കുടിക്കുന്നതിനിടെ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് അയാള്‍ മൊഴി കൊടുത്തു. ഇരുവരും മദ്യലഹരിയില്‍ ആയതിനാല്‍ മൊഴിമാറ്റിക്കൊണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാക്കാന്‍ തീരുമാനിച്ചത്. എസ്.പി രാഹുല്‍ ആര്‍. നായര്‍ സ്ഥലത്ത് എത്തി അന്വേഷണത്തിന് നേതൃത്വം നല്‍കി. കൂടാതെ ഫോറന്‍സിക്ക് ഫിംഗര്‍ പ്രിന്റ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരും സ്ഥലത്ത് എത്തി പരിശോധന നടത്തി. ആര്‍.ഡി.ഒ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം പുറത്തെടുത്തത്.
മരണം നടന്ന കുഞ്ഞിന്റെ മാതാവ് സുധയും ഭര്‍ത്താവ് എന്ന് പറയപ്പെടുന്ന മണികണ്ഠനും മുഴുവന്‍ സമയവും മദ്യലഹരിയില്‍ നടക്കുന്നവരാണ്. ഇതേതുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതും സ്ഥിരമാണ്. കുറച്ച് നാളുകളായി പൊലിസ് സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് തുടങ്ങിയ പരിസര പ്രദേശങ്ങളിലാണ് ഇവര്‍ താമസിക്കുന്നത്. ശ്രീമൂലനഗരത്തെ പൊതുശ്മശാനത്തില്‍ കുഞ്ഞിന്റെ സംസ്‌ക്കാരം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."