ബാങ്ക് വായ്പ തിരിച്ചടച്ചിട്ടും രേഖകള്‍ തിരിച്ച് നല്‍കുന്നില്ലെന്നു പരാതി
കണ്ണൂര്‍: വായ്പ തിരിച്ചടച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും ഈടായി നല്‍കിയ രേഖകള്‍ ബാങ്ക് അധികൃതര്‍ തിരിച്ചു നല്‍കുന്നില്ലെന്നു പരാതി. കണ്ണപുരം കീഴറ സ്വദേശി മണിയമ്പാറ ബാലകൃഷ്ണനാണ് പരാതിയുമായി രംഗത്തെത്തിയത്. 1998ല്‍ ഭവന നിര്‍മാണാവശ്യാര്‍ഥം ഒരു ലക്ഷം രൂപ വായ്പയെടുത്ത ഇയാള്‍ക്ക് അപകടത്തില്‍ കാലിനു ഗുരുതരമായി പരുക്കേറ്റ് കിടക്കേണ്ടി വന്നതിനാല്‍ തിരിച്ചടവ് ഒരുവര്‍ഷത്തോളം മുടങ്ങിയിരുന്നു. ഇതോടെ ഈടായി സമര്‍പ്പിച്ച വീടും സ്ഥലവും ജപ്തി ചെയ്യാന്‍ ബാങ്ക് തീരുമാനിച്ചു. ഇതിനെതിരേ ജോയിന്റ് രജിസ്ട്രാര്‍ക്കും കടാശ്വാസ കമ്മിഷനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുടിശികയുള്ള തുക പത്തു ഗഡുക്കളായി അടക്കാന്‍ ബാങ്കുമായി ധാരണയിലെത്തി.
ആദ്യ ഗഡു അടയക്കാനായി ബാങ്കില്‍ എത്തിയപ്പോള്‍ ബാങ്ക് അധികൃതര്‍ പണം സ്വീകരിച്ചില്ല. കടാശ്വാസ കമ്മീഷനു ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമില്ലെന്ന കാരണം പറഞ്ഞ് ബാങ്ക് ഹൈക്കോടതിയെ സമീപിച്ച് കടാശ്വാസ കമ്മിഷന്റെ തീരുമാനം റദ്ദ് ചെയ്യിച്ചു.
കേസില്‍ ഒത്തുതീര്‍പ്പെന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27നു 3,91,455 രൂപ ബാങ്കില്‍ അടച്ചു കടബാധ്യത തീര്‍ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
എന്നാല്‍ തുക മുഴവനായി അടച്ചു തീര്‍ത്ത് മൂന്നു മാസം കഴിഞ്ഞിട്ടും രേഖകള്‍ തിരിച്ചു നല്‍കാന്‍ അധികൃതര്‍ തയാറാവുന്നില്ലെന്ന് ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."