പ്രിയദര്‍ശിനി ബസുകള്‍ നിരത്തൊഴിയുന്നു
മാനന്തവാടി: നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന പ്രിയദര്‍ശിനി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് സര്‍വിസുകള്‍ പൂര്‍ണമായും നിലക്കുന്നു.
മാനന്തവാടി കേന്ദ്രീകരിച്ചുള്ള എട്ടു സര്‍വിസുകളില്‍ നിലവില്‍ രണ്ടു ബസുകള്‍ മാത്രമാണ് നിരത്തിലുള്ളത്.
1984 ലാണ് വയനാട് എസ്.സി എസ്.ടി മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ സൊസൈറ്റി രണ്ട് ബസുകളുമായി പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീടത് എട്ടു ബസുകളും 45 ജീവനക്കാരുമായി ജില്ലയിലെ റോഡുകളില്‍ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് പല കാരണങ്ങളാല്‍ സൊസൈറ്റി നഷ്ടത്തിലാകുകയായിരുന്നു.
മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, തിരുനെല്ലി സര്‍വിസുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. കോഴിക്കോട്, തിരുവനന്തപുരം, ടൂറിസ്റ്റ് സര്‍വിസ്, വാളാട് എന്നീ ബസുകളെല്ലാം പ്രിയദര്‍ശിനി എസ്റ്റേറ്റില്‍ വിശ്രമത്തിലാണ്. കോഴിക്കോട് സര്‍വിസ് നടത്തിയിരുന്നത് പഴഞ്ചന്‍ ബസായിരുന്നു. ഇതേ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും പുതിയ ബസുകള്‍ ഇറക്കിയതോടെ പ്രിയദര്‍ശിനി സര്‍വിസുകളില്‍ യാത്രക്കാര്‍ കുറയുകയായിരുന്നു. ഇതോടെ സര്‍വിസുകള്‍ നഷ്ടത്തിലായി.
തിരുവനന്തപുരത്തേക്ക് രണ്ട് എ.സി സെമി സ്ലീപ്പര്‍ ബസുകള്‍ ദീര്‍ഘദൂര സര്‍വിസും നടത്തിയിരുന്നു. അത്യാവശ്യം നല്ല വരുമാനവും ഈ ബസുകള്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ സര്‍വിസുകളും നിര്‍ത്തലാക്കുകയായിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് ഈ സര്‍വിസുകള്‍ നിയമ പരമല്ലെന്ന് വ്യക്തമാക്കിയതോടെയാണ് സര്‍വിസ് നിര്‍ത്തിയതെന്നാണ് പറയപ്പെടുന്നത്. അതെ സമയം മാനന്തവാടിയില്‍ നിന്നും സ്വകാര്യ ബസുകള്‍ ദീര്‍ഘദൂര സര്‍വിസുകള്‍ നടത്തുന്നുണ്ട്.
പല ബസുകളും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എടുത്താല്‍ സര്‍വിസ് നടത്താമെന്നിരിക്കെ, സി.എഫ് എടുക്കാന്‍ റോഡ് ടാക്‌സ്, ഇന്‍ഷൂറന്‍സ് എന്നിവ അടക്കാന്‍ പണമില്ലെന്നതാണ് യഥാര്‍ത്ഥ വസ്തുത. കാലപഴക്കമുള്ള ബസുകളായതിനാല്‍ തന്നെ ഇന്ധന ചിലവും അറ്റകുറ്റപണികള്‍ക്കുള്ള ചിലവും വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഒരോ സര്‍വിസ് പൂര്‍ത്തിയാക്കുമ്പോഴും നഷ്ട്ടത്തിന്റെ കണക്കുകള്‍ മാത്രമാണ് സൊസൈറ്റിക്ക് പറയാനുള്ളൂ. ഇടക്ക് മുഴുവന്‍ സര്‍വിസുകളും നിന്ന് പോയിരുന്നുവെങ്കിലും പട്ടികവര്‍ഗ വകുപ്പിന്റെയും മറ്റും ഇടപെടലുകളെ തുടര്‍ന്ന് സര്‍വിസുകള്‍ പുനരാരംഭിച്ചിരുന്നുവെങ്കിലും പലവിധ പ്രതിസന്ധികളെ തുടര്‍ന്ന് വീണ്ടും അനിശ്ചിതത്വത്തിലാവുകയായിരുന്നു. സര്‍ക്കാര്‍ തലത്തില്‍ നിന്നും ഗ്രാന്റ് അനുവദിച്ചെങ്കില്‍ മാത്രമെ സൊസൈറ്റിക്ക് ജീവശ്വാസം ലഭിക്കുകയുള്ളു. എന്നാല്‍ വരുമാനം ലഭിച്ച് കൊണ്ടിരിക്കുന്ന ഒരു സൊസൈറ്റിക്ക് ഗ്രാന്റ് നല്‍കാന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ തീരുമാനവും തിരിച്ചടിയായിരിക്കുകയാണ്. സൊസൈറ്റിയില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് എസ്.സി എസ്.ടി കമ്മിഷന്‍ ചെയര്‍മാന്‍ സൊസൈറ്റി സന്ദര്‍ശിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇപ്പോള്‍ അന്വേഷണവും അവസാനിപ്പിച്ചതായാണ് ലഭിക്കുന്ന വിവരം. അടിയന്തര ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ പ്രിയദര്‍ശിനി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകള്‍ എന്നേന്നേക്കുമായി ജില്ലയിലെ നിരത്തുകളില്‍ നിന്നും താമസിയാതെ അപ്രത്യക്ഷമാകും. അതോടൊപ്പം സൊസൈറ്റിയെ ആശ്രയിച്ച് കഴിയുന്ന നിരവധി ജീവനക്കാരും പെരുവഴിയിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."