കാല്പന്ത് കളിയുടെ ആവേശത്തിമര്‍പ്പില്‍ ആലപ്പുഴയും
മുഹമ്മ: റഷ്യയില്‍ കാല്പന്ത് കളിയുടെ ലോകപോരാട്ടത്തിന് വിസില്‍ മുഴങ്ങാന്‍ ഒരുദിനം മാത്രം ശേഷിക്കെ ഫുട്ബോള്‍ ആവേശത്തില്‍ അലിയുകയാണ് നാടും നഗരവും. നഗരഗ്രാമ വ്യത്യാസമില്ലാതെ കളിയാരാധകരെല്ലാം ഫുട്ബോള്‍ ലോകകപ്പിന്റെ ആവേശക്കൊടുമുടിയിലാണ്. ഫുട്ബോള്‍ കളിച്ചും ഇഷ്ട ടീമുകളുടെയും കളിക്കാരുടെയും ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചും ആരാധകര്‍ കളം നിറഞ്ഞു കഴിഞ്ഞു.
മെസിയും റൊണാള്‍ഡോയും നെയ്മറും ഹസാര്‍ഡും ഗ്രീസ്മാനും റാമോസും മുള്ളറുമൊക്കെ നാട്ടുവഴികളില്‍ ഫ്ളക്സ് ബോര്‍ഡുകളുടെ രൂപത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇഷ്ടതാരങ്ങളുടെ പടം മാത്രമല്ല, ആരാധകരെ ആവേശത്തിലാക്കുന്ന പഞ്ച് ഡയലോഗുകളും ചേര്‍ത്താണ് ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. മണ്ണഞ്ചേരിയില്‍ മെസിയുടെയും നെയ്മറുടെയും പടുകൂറ്റന്‍ ഫ്ളക്സാണ് ആരാധകര്‍ സ്ഥാപിച്ചിരിക്കുന്നത്.
ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ആരാധകരാണ് ഫ്ളക്സ് വയ്ക്കുന്നതിലും മുന്‍പന്തിയില്‍. ജര്‍മ്മനി, സ്പെയിന് എന്നി ടീമുകള്‍ക്കും ആരാധകര്‍ കുറവല്ല. ലോകകപ്പ്പോരാട്ടം അടുത്തെത്തിയതോടെ നാട്ടുമൈതാനങ്ങളിലും ഫുട്ബോള്‍ ആരവങ്ങളുയര്‍ന്നു. മഴയും വെയിലും വകവയ്ക്കാതെ യുവാക്കള്‍ ഫുട്ബോള്‍ കളിയുടെ തിരക്കിലാണ്.
വ്യാഴാഴ്ച കിക്കോഫ് മുതല്‍ ജൂലൈ 15ന് നടക്കുന്ന കലാശപ്പോരാട്ടം വരെ ഒരു മത്സരവും നഷ്ടപ്പെടാതെ തത്സമയം കാണാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍.
ചിലര്‍ ബിഗ് സ്ക്രീനില്‍ കളി കാണുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇനിയുള്ള ഒരു മാസക്കാലം കാല്പന്ത് കളിയുടെ ആവേശപ്പൂരം ആസ്വദിക്കാന്‍ ആരാധകരെല്ലാം തയ്യാറെടുത്തു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."