കൊയ്യം- ചെക്കിക്കടവ് പാലം അനിശ്ചിതത്വത്തില്‍
ശ്രീകണ്ഠപുരം: കൊയ്യം-ചെക്കിക്കടവ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാനിരിക്കെ അപ്രോച്ച് റോഡിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം തുടരുന്നു. 20 കോടി രൂപ മുതല്‍ മുടക്കി പണിതീരാറായ പാലത്തില്‍ അവസാന റീച്ചിന്റെ പണി ബാക്കിയുണ്ട്. പിന്നെയുള്ളത് പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡാണ്. മയ്യില്‍ ഭാഗത്തേക്ക് 1.25 കിലോമീറ്ററും കൊയ്യം ഭാഗത്തേക്ക് ഒരു കിലോമീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയും ആവശ്യമുള്ള അപ്രോച്ച് റോഡ് ഇരുഭാഗത്തുമുള്ള സ്ഥലമുടമകളുമായുള്ള സ്ഥലപ്രശ്നത്തില്‍ തീരുമാനമാകാതെ കിടക്കുകയാണ്. അപ്രോച്ച് റോഡിന് സ്ഥലം തുല്യമായി എല്ലാവരില്‍ നിന്നുമെടുത്തില്ലെന്നും അനുവാദമില്ലാതെ പാലം നിര്‍മാണ സാമഗ്രികള്‍ തങ്ങളുടെ സ്ഥലങ്ങളില്‍ സൂക്ഷിച്ചുവെന്നും പരാതിപ്പെട്ടിരുന്നു.ഞാറ്റിയാലില് മറിയം ഇതു സംബന്ധിച്ച് രണ്ടുമാസം മുന്‍പ് പരാതി നല്‍കിയിരുന്നു. ഇതിനെടെയാണ് അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട തര്‍ക്കമുടലെടുത്തത്. പ്രശ്ന പരിഹാരത്തിനായി ഇരു പഞ്ചായത്തുകളും പ്രദേശവാസികളുടെ യോഗം വിളിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടന്നില്ലെന്നു പ്രദേശവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."