മഴക്കാല രോഗങ്ങള്‍ക്കെതിരേ ഒറ്റക്കെട്ടായി പ്രതിരോധം
കാസര്‍കോട്: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ മഴക്കാല രോഗങ്ങള്‍ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഉറവിട നശീകരണവും ശുചീകരണ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും നടന്നു.
14ന് കലക്ടറേറ്റ് പരിസരത്തിലെ കൊതുക് കൂത്താടികളുടെ ഉറവിടനശീകരണവും ഫോഗിങ്ങും നടത്തി. കോടോം ബേളൂര്‍ പഞ്ചായത്തില്‍ 17ാം വാര്‍ഡ് കേന്ദ്രീകരിച്ച് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളും മുരിക്കൂര്‍ മലയാറ്റൂക്കര മേഖലകള്‍ കേന്ദ്രീകരിച്ച് ഫോഗിങ്ങും എട്ടിടങ്ങളില്‍ സ്‌പ്രേയിങും നടത്തി. തുടര്‍ന്ന് പഞ്ചായത്ത് അധികൃതരും ആരോഗ്യ പ്രവര്‍ത്തകരും അവലോകന യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ബാനം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മഴക്കാല രോഗങ്ങള്‍ക്കെതിരേ ബോധവല്‍കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു.
ബളാല്‍ പഞ്ചായത്തില്‍ വെള്ളരിക്കുണ്ട് ടൗണ്‍ ശുചീകരിച്ചു. ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ടു ചെയ്ത വാര്‍ഡുകളില്‍ സോഴ്‌സ് റിഡക്ഷന്‍, ഫീവര്‍ സര്‍വേ എന്നിവ നടത്തി. ഒന്നും,ആറും വാര്‍ഡുകളില്‍ പയ്യാളം മേഖലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഐ.ആര്‍.എസ് നടത്തി. ചെമ്മനാട് പഞ്ചായത്തിലും ഊര്‍ജിത ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റികള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്നു. ബോധവല്‍കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓരോ വാര്‍ഡിലും 500 നോട്ടീസുകള്‍ വിതരണം ചെയ്തു. കുമ്പള പഞ്ചായത്തില്‍ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി. മംഗല്‍പ്പാടിയില്‍ വിവിധ വാര്‍ഡുകളില്‍ ആശ, അങ്കണവാടി പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സ്‌ക്വാഡുകള്‍ വീടുകള്‍ തോറും സന്ദര്‍ശിച്ച് ബോധവല്‍കരണവും ഉറവിടനശീകരണവും നടത്തി.
പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മറ്റ് രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ സന്നദ്ധ സംഘടനകള്‍ എന്നിവരെ ഉള്‍പ്പെടുത്തി വിവിധ വാര്‍ഡുകളില്‍ സോഴ്‌സ് റിഡക്ഷന്‍ നടത്തി.
നീലേശ്വരത്ത് അങ്കണവാടി പ്രവര്‍ത്തകരുടെ പ്രോജക്ട് തല അവലോകന യോഗത്തില്‍ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ബോധവല്‍കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു.
മെഡിക്കല്‍ ഓഫിസര്‍ ഡോ. ജമാല്‍ അഹമ്മദ് നേതൃത്വം നല്‍കി. കണിച്ചിറ, ഓര്‍ച്ച എന്നിവിടങ്ങളില്‍ വാളണ്ടറി ഓര്‍ഗനൈസേഷന്‍സ് ക്ലബ്ബ് അംഗങ്ങള്‍, കുടുംബശ്രീ എന്നിവരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സ്‌ക്വാഡുകള്‍ വീടുകള്‍ തോറും ബോധവല്‍കരണ സന്ദേശങ്ങള്‍ നല്‍കുകയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."