കൂട്ടിലങ്ങാടിയില്‍ കുടിവെള്ളത്തിനായി നെട്ടോട്ടം
മങ്കട: കൂട്ടിലങ്ങാടിയിലെ മുഖ്യ കുടിവെള്ള സ്രോതസായ പള്ളിപ്പുറത്തെ മോതി കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസ് പൂട്ടലിന്റെ വക്കില്‍. ആഴ്ചകളായി കടലുണ്ടി പുഴയിലെ മോതി കുടിവെള്ള പദ്ധതി പ്രദേശം വരണ്ടുണങ്ങിയ നിലയിലാണ്. നിലവില്‍ രണ്ടു മണിക്കൂര്‍ കൊണ്ട് കേവലം 25 മിനിട്ട് വിതരണം ചെയ്യാനുള്ള ജലം മാത്രമാണ് പമ്പ് ഹൗസിലുള്ളത്. പടിഞ്ഞാറ്റുമുറി, പള്ളിപ്പുറം, വള്ളിക്കാപറ്റ വെണ്ണക്കോട് മേലേ പള്ളിപ്പുറം തുടങ്ങിയ പ്രദേശങ്ങളെല്ലാം ഇതോടെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിലാണ്.
കഴിഞ്ഞ വേനലില്‍ പോലും വറ്റാത്ത കിണറുകള്‍ പലതും വറ്റിയതോടെ കൂടുതല്‍ കുടുംബങ്ങളെയുള്‍പ്പെടെ വരള്‍ച്ചയിലാക്കി. മഴ ആവശ്യമായ തോതില്‍ ലഭിക്കാത്തതും രൂക്ഷമായ മണലെടുപ്പും വരള്‍ച്ചക്കിടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്ര രൂക്ഷത അനുഭവപ്പെട്ടില്ലെങ്കിലും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പകരം കുടിവെള്ളമെത്തിക്കാനുള്ള സംവിധാനമൊരുക്കിയിരുന്നു. നിലവിലെ പഞ്ചായത്ത് അധികൃതര്‍ നടപടിയെടുക്കാന്‍ വൈകുന്നതായി ആക്ഷേപമുണ്ട്. പള്ളിപ്പുറം, പടിഞ്ഞാറ്റുമുറി എന്നീ ജല സംഭരണികളില്‍ നന്നാണ് കൂട്ടിലങ്ങാടിയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള ജല വിതരണം നടക്കുന്നത്. പടിഞ്ഞാറ്റുമുറിയിലെ ജല സംഭരണിയിലേക്കുള്ള പമ്പിങഅ മാര്‍ച്ചില്‍ തന്നെ നിര്‍ത്തി. പകരം ഉന്നംതലയിലെ പമ്പ് ഹൗസുമായി ലിങ്ക് ചെയ്താണ് ജല വിതരണം നടക്കുന്നത്.
ഇതു ഇടവിട്ട ദിവസങ്ങളിലായി ഷിഫ്റ്റായതുകാരണം ഉന്നംതലയില്‍ നിന്നുള്ള ഗുണഭോക്താക്കള്‍ക്കും ആവശ്യത്തിനു ജലം ലഭിക്കാതായി. പള്ളിപ്പുറത്തെ താഴ്ന്ന പ്രദേശങ്ങളില്‍ മാത്രമാണ് നിലവില്‍ പമ്പിങ് നടക്കുന്നത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലം ലഭിക്കാന്‍ നാലു മണിക്കൂര്‍ പൂര്‍ത്തിയാക്കി പമ്പ് ഹൗസില്‍ ജലം നിറച്ച് വിതരണം ആരംഭിക്കണം. കഴിഞ്ഞ ദിവസങ്ങളില്‍ പമ്പ് ഹൗസില്‍ ജലം ഗണ്യമായ തോതില്‍ കുറഞ്ഞതിനെ തുടര്‍ന്നു രാത്രികാല ജലവിതരണവും സ്തംഭിച്ചു. ഇതോടെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പമ്പു ഹൗസ് പൂട്ടുന്ന സ്ഥിതിയാണ്. ജല ദൗര്‍ലഭ്യം കാരണം കഴിഞ്ഞ വര്‍ഷം രണ്ടാഴ്ചയിലേറെ പമ്പ് ഹൗസ് പൂട്ടിയിരുന്നു. ഇക്കുറിയും പദ്ധതി പ്രദേശത്തെ വരള്‍ച്ച തുടര്‍ന്നാല്‍ കൂടുതല്‍ ദിവസങ്ങളില്‍ പൂട്ടേണ്ടിവരുമെന്നു ജല വിതരണ അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."