തൃശൂരില്‍ ടോം വടക്കനും ചാലക്കുടിയില്‍ കെ.പി ധനപാലനും സ്ഥാനാര്‍ഥികളായേക്കും
#ശിഹാബ് പാറപ്പുറം
തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ കോണ്‍ഗ്രസിനായി മുതിര്‍ന്ന നേതാവ് ടോം വടക്കനും ചാലക്കുടിയില്‍ കെ.പി ധനപാലനും സ്ഥാനാര്‍ഥികളായേക്കും. വി.എം സുധീരനും ടി.എന്‍ പ്രതാപനുമടക്കം നിരവധി പേരെ ആദ്യഘട്ടത്തില്‍ ഇരു മണ്ഡലങ്ങളിലേക്കുമായി പരിഗണിച്ചിരുന്നെങ്കിലും അവസാനം കേന്ദ്ര നേതൃത്തിന്റെ കൂടി താല്‍പര്യത്തിലാണ് വടക്കനും ധനപാലനും വഴിയൊരുങ്ങുന്നത്.
വോട്ടര്‍മാര്‍ക്കിടയില്‍ കാര്യമായ എതിര്‍പ്പില്ലെന്നതും ഇരുവര്‍ക്കും സഹായകമായി. മാത്രമല്ല, തൃശൂരില്‍ ടോം വടക്കന്‍ എത്തിയാല്‍ ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ വോട്ടുകള്‍ കേന്ദ്രീകരിക്കാന്‍ കഴിയുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. മത, സാമുദായിക നേതാക്കളുമായെല്ലാം മികച്ച സൗഹൃദമാണ് അദ്ദേഹം കാത്തുസൂക്ഷിക്കുന്നത്. ക്ലീന്‍ ഇമേജും മികച്ച നേതൃപാടവവും ദേശീയ വക്താവ് എന്ന നിലയിലുള്ള മികച്ച പെര്‍ഫോര്‍മന്‍സും അദ്ദേഹത്തിന് അനുകൂല ഘടകങ്ങളാണ്.
മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ യു.പി.എയ്ക്ക് അധികാരം ലഭിച്ചാല്‍ വടക്കന്‍ മന്ത്രിയാകുമെന്ന് കരുതുന്നവരാണ് മണ്ഡലത്തിലേറെയും. ഇതു വടക്കന് അനുകൂലമായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ പേരും ഓള്‍ ഇന്ത്യ പ്രൊഫഷനല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴല്‍നാടന്റെ പേരും തൃശൂര്‍ മണ്ഡലത്തിലേക്കായി പരിഗണിച്ചിരുന്നെങ്കിലും കഴിഞ്ഞ തവണ നഷ്ടപ്പെട്ട മണ്ഡലത്തില്‍ ഒരു ഭാഗ്യപരീക്ഷണത്തിന് നേതൃത്വം തയാറല്ല. മാത്യു കുഴല്‍നാടനെപ്പോലെ ജില്ലയ്ക്ക് പരിചിതമല്ലാത്ത ഒരുമുഖത്തെ ഇറക്കി വോട്ട് തേടുന്നതിനോട് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സിറ്റിങ് സീറ്റില്‍ മത്സരിച്ചു തോറ്റതാണ് ഡീന്‍ കുര്യാക്കോസിനു വിനയായത്.
കഴിഞ്ഞ തവണ മത്സരിച്ചു തോറ്റവര്‍ക്കു സീറ്റ് നല്‍കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിലെ പൊതു വികാരമെങ്കിലും ധനപാലന് മാത്രം ഇതില്‍ ഇളവു ലഭിച്ചേക്കും. സിറ്റിങ് എം.പി എന്ന നിലയില്‍ കഴിഞ്ഞ തവണ ചാലക്കുടിയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പു തന്നെ പ്രചാരണ പരിപാടികള്‍ ആരംഭിച്ച് ബഹുദൂരം മുന്നോട്ടു പോയ അദ്ദേഹത്തെ തൃശൂരിലേക്കു മാറ്റിയത് പാര്‍ട്ടിയില്‍ വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ചാലക്കുടി ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്നു പറഞ്ഞ ധനപാലന്‍ എ.ഐ.സി.സിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഒടുവില്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയായത്.
തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് നേതൃത്വം ഏറ്റവും കൂടുതല്‍ പഴികേട്ടത് ചാലക്കുടി, തൃശൂര്‍ മണ്ഡലങ്ങളിലെ തോല്‍വിയുടെ പേരിലായിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണ ധനപാലനെ മാറ്റിനിര്‍ത്തേണ്ടതില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. മാത്രമല്ല, എം.പിയായിരുന്നപ്പോഴുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവും മണ്ഡലത്തില്‍ ഇപ്പോഴുമുള്ള ജനസമ്മതിയുമൊക്കെ ധനപാലന് അനകൂല ഘടകങ്ങളാണ്. ചാലക്കുടിയില്‍ മത്സരിക്കാന്‍ ബെന്നി ബെഹനാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും യു.ഡി.എഫ് കണ്‍വീനര്‍ പദവി വിട്ട് ബെന്നി മത്സരിക്കുന്നതിനോട് ഉമ്മന്‍ചാണ്ടിയടക്കമുള്ള എ ഗ്രൂപ്പ് നേതാക്കള്‍ക്ക് താല്‍പര്യമില്ലെന്ന് അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."