ജില്ലയിലെ 22 പി.എച്ച്.സികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി
ബോവിക്കാനം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 22 പ്രഥാമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി. സംസ്ഥാനത്ത് നിരവധി പി.എച്ച്.സികള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തിയതോടെയാണ് ജില്ലയിലെ 22 പി.എച്ച്.സികളും കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ന്നത്.
ചിറ്റാരിക്കല്‍, നര്‍ക്കിലക്കാട്, വലിയപറമ്പ, പടന്ന, പാണത്തൂര്‍, ബയാര്‍, മൗക്കോട്, തൈക്കടപ്പുറം, തുരുത്തി, ഓലാട്ട്, മാവിലക്കടപ്പുറം, ഉടുമ്പുന്തല, അജാനൂര്‍, മടിക്കൈ, ആനന്ദാശ്രമം, പള്ളിക്കര, ചട്ടഞ്ചാല്‍, അഡൂര്‍, ബെള്ളൂര്‍, കുമ്പഡാജ, പുത്തിഗെ, പെര്‍ള, എന്നീ പി.എച്ച്.സികളാണ് കുടുംബാരോഗ്യ കേന്ദ്രമായി മാറുന്നത്.
പ്രഥമികാരോഗ്യ കേന്ദ്രങ്ങളില്‍ വൈകിട്ടുവരെ ഒ.പി പ്രവര്‍ത്തനം വേണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാവുക. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറുവരെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ലബോറട്ടറി, ഫാര്‍മസി എന്നിവയുടെ പ്രവര്‍ത്തനം ലഭ്യമാക്കും. ഇതിനായി ഇത്തരം കേന്ദ്രങ്ങളില്‍ മൂന്ന് ഡോക്ടര്‍മാര്‍, നാല് സ്റ്റാഫ് നഴ്‌സ്, ഒരു ലാബ് ടെക്‌നീഷ്യന്‍, ഒരു ഫാര്‍മാസിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാക്കും. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ ഒരോ പഞ്ചായത്തിലെയും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ പാവപ്പെട്ട ജനങ്ങളുടെ ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന് വേണ്ടി രോഗനിര്‍ണയ ഉപകരണങ്ങള്‍, ലബേറട്ടറി സംവിധാനങ്ങള്‍, മരുന്നുകള്‍, ഫര്‍ണിച്ചറുകളടക്കമുള്ള മറ്റു ആവശ്യമായ സംവിധാനങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തും.
മനസിന് കുളിര്‍മ പകരുന്നതിന് വേണ്ടി ചെറു പൂന്തോട്ടങ്ങളും നിര്‍മിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകശുചി മുറികള്‍, കുടിവെള്ളം, ഇരിപ്പിടം, ടെലിവിഷന്‍ എന്നിവയോട് കൂടിയ വിശാലമായ കാത്തിരിപ്പുകേന്ദ്രവും നിര്‍മിക്കും. ബദിയഡുക്ക, കുമ്പടാജെ പഞ്ചായത്തിലെയും കര്‍ണാടക വനാതിര്‍ത്തി പ്രദേശങ്ങളായ ദേലംപാടി, ബെള്ളൂര്‍ പഞ്ചായത്തുകളിലെ സാധാരണ ജനങ്ങള്‍ക്കുമാണ് ഇത് ഏറെ ഉപകാരപ്രഥമാകുന്നത്. നിലവില്‍ ഉച്ചക്ക് ശേഷം ചികിത്സ ആവശ്യമായാല്‍ 50 കിലോമീറ്ററിലധികം യാത്ര ചെയ്ത് കാസര്‍കോട്ടെ ആശുപത്രികളെയാണ് ഈ പ്രദേശത്തുള്ളവര്‍ ആശ്രയിക്കുന്നത്. അഡൂര്‍, ബെള്ളൂര്‍, പെര്‍ള, കുംമ്പടാജെ പി.എച്ച്.സികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാവുന്നതോടെ ഈ പ്രദേശത്തുള്ള എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരാക്കമുള്ള നിരവധി രോഗികള്‍ക്ക് ഏറെ ആശ്വസമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."