ലോകത്ത് രോഗബാധിതര്‍ ഒരുകോടിയിലേക്ക്
വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക്. അന്ത്രാരാഷ്ട്ര ഏജന്‍സികളുടെ കണക്ക് പ്രകാരം രോഗ ബാധിതര്‍ 95.5 ലക്ഷംകടന്നു. മരണം 4,85,000 പിന്നിട്ടു. ആഗോള തലത്തില്‍ യു.എസിലാണ് ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബുധനാഴ്ച മാത്രം 38,173 പേര്‍ക്കാണ് യു.എസില്‍ കൊറോണ സ്ഥിരീകരിച്ചത്.
ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ടെക്സാസ്, ഫ്ളോറിഡ, കാലിഫോര്‍ണിയ, ഓക്ലാഹോമ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1,24,282 പേരാണ് യു.എസില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ 24,62,731 പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു.
കൊവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായി തുടരുന്ന മറ്റൊരു രാജ്യം ബ്രസീല്‍ ആണ്. 54000ത്തോളം പേരാണ് ഇതുവരെ മരിച്ചത്. 11,92,000ല്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ ഏറ്റവും അധികം രോഗികളുള്ളത് റഷ്യയിലാണ്.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ രോഗനിരക്ക് ക്രമാതീതമായി ഉയരുമ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗവ്യാപനത്തിലും മരണനിരക്കിലും കുറവുണ്ട്.
ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം നാലു ലക്ഷം
കവിഞ്ഞു
ദുബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം നാലു ലക്ഷം കവിഞ്ഞു. ഗള്‍ഫ് മേഖലയിലെ വ്യാപാര തലസ്ഥാനമായ യു.എ.ഇയില്‍ ബുധാഴ്ച മുതല്‍ രാത്രി കാല കര്‍ഫ്യൂവില്‍ ഇളവ് നല്‍കിയിരുന്നു. ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 900ല്‍ നിന്ന് 300ആയി കുറഞ്ഞതോടെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.
സഊദി അറേബ്യയിലാണ് മേഖലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1,67,200ല്‍ അധികം പേര്‍ക്കാണ് സഊദിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. 1380ല്‍ അധികം പേര് മരിച്ചു. അന്താരാഷ്ട്ര ഏജന്‍സികളുടെ കണക്ക് പ്രകാരം യു.എ.ഇയില്‍ ഇതുവരെ 46,133 പേര്‍ക്ക് രോഗം ബാധിക്കുകയും 307 പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും ചെയ്തു. കുവൈത്തില്‍ 41,879 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 337 പേര് മരിച്ചു. ഒമാനില്‍ 34,902 പേര്‍ക്കു രോഗം ബാധിക്കുകയും 144 പേര് മരണത്തിന് കീഴടങ്ങുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."