ഇന്ത്യാ വിരുദ്ധ ആരോപണം: നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധി
സഭാ സമ്മേളനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കി പ്രധാനമന്ത്രി
കാഠ്മണ്ഡു: തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുവെന്ന ആരോപണം ഉന്നയിച്ച പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിയുടെ നില പരുങ്ങലില്‍.
ആരോപണം തെളിയിക്കാത്തപക്ഷം പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് സ്വന്തം പാര്‍ട്ടിയായ നാഷണല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടതാണ് രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധിക്കിടയാക്കിയത്.
പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ, മാധവ് കുമാര്‍ നേപ്പാള്‍, ജല്‍നാഥ് ഖനാല്‍ എന്നീ മൂന്ന് മുന്‍ പ്രധാനമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടി സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ രാജി ആവശ്യം ഉന്നയിച്ചത്.
ഒലി തികഞ്ഞ പരാജയമാണെന്നും രാജിവയ്ക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
അതിനിടെ തല്‍ക്കാലത്തേക്ക് പാര്‍ലമെന്റ് സമ്മേളനം നിര്‍ത്തിവയ്ക്കാന്‍ കെ.പി ശര്‍മ ഒലി നിര്‍ദേശം നല്‍കി.
പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് തന്നെ നീക്കുന്നതിനുള്ള ഭീഷണികളെ ഒഴിവാക്കാനായാണ് സഭ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം ഒലി എടുത്തത്. രണ്ട് സഭകളിലെയും അധ്യക്ഷന്മാരോട് ആശയവിനിമയം നടത്താതെയായിരുന്നു ഒലിയുടെ തീരുമാനം. സമ്മേളനം തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാനുള്ള നിര്‍ദേശം ഒലി നല്‍കിയെന്നാണ് വിവരം.
ഇന്ത്യക്കെതിരായ ആരോപണം നയതന്ത്രപരമായ പരാജയമാണെന്ന് മുന്‍ പ്രധാനമന്ത്രിയും പാര്‍ട്ടി എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ പുഷ്പ കമാല്‍ പ്രചണ്ഡ പറഞ്ഞു. ഇന്ന് ചേരുന്ന പാര്‍ട്ടി അടിയന്തിര സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം ഒലിയുടെ ഭാവി തീരുമാനിക്കും.
രാജി ആവശ്യപ്പെട്ടുള്ള സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശര്‍മ ഒലി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചിരുന്നു. രാഷ്ട്രപതി ബിദ്യ ദേവി ഭണ്ഡാരിയെയും മുന്‍ പ്രധാനമന്ത്രി പ്രചണ്ഡയെയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."