HOME
DETAILS
MAL
കൊവിഡ് ബാധിച്ച് മരിച്ച മൂന്നുപേര്‍ പട്ടികക്ക് പുറത്ത്; ആത്മഹത്യ ചെയ്തവര്‍ അകത്ത്
backup
July 12 2020 | 02:07 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ആത്മഹത്യ ചെയ്തവരും കൊവിഡ് പട്ടികയില്‍. എന്നാല്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് മരിച്ച മൂന്നു പേര്‍ ഇപ്പോഴും സര്‍ക്കാരിന്റെ പട്ടികയില്‍ നിന്നും പുറത്ത്. ഏപ്രില്‍ 10ന് പാലക്കാട്ടുള്ള 71 വയസായ രാജശേഖരന്‍ ചെട്ടിയാര്‍ കൊവിഡ് രോഗം ബാധിച്ചതിനെ തുടര്‍ന്ന് കോയമ്പത്തൂരിലെ ആശുപത്രിയില്‍ വച്ച് മരിച്ചു.
വയറുവേദനയ്ക്കും വൃക്ക സംബന്ധമായ തകരാറിനും ചികിത്സയ്ക്കായി ഒരാഴ്ച മുന്‍പ് അദ്ദേഹം കോയമ്പത്തൂരില്‍ പോയിരുന്നു. മരണത്തിനു ശേഷം കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ മരണം കേരളത്തിന്റെയോ തമിഴ്‌നാട്ടിന്റെയോ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. കേരളത്തിന് പുറത്ത് മരിച്ചതിനാല്‍ കേരളത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തില്ലെന്ന വിചിത്ര വാദമാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ചത്. എന്നാല്‍ പാലക്കാട് ജില്ലക്കാരനെ എങ്ങനെ തമിഴ്‌നാട് പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പും ചോദിക്കുന്നു.
ഇതു കൂടാതെ എഴുപത്തിയൊന്നുകാരനായ മാഹി സ്വദേശി പി. മെഹ്‌റൂഫ് ഏപ്രില്‍ 11ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ വരുന്ന മാഹി നിവാസിയായതിനാല്‍ അദ്ദേഹത്തിന്റെ മരണം പട്ടികയില്‍ ഉള്‍പ്പെടുത്തില്ലെന്നാണ് കേരളം പറയുന്നത്. എന്നാല്‍ പുതുച്ചേരിയും ഇദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. ജൂലൈ ഏഴിന് മരിച്ച കാസര്‍കോട് സ്വദേശി 55 കാരനായ ബി.എ അബ്ദുള്‍ റഹ്മാന്റെ മരണവും കേരളത്തിന്റെ പട്ടികയില്‍ ഇടം പിടിച്ചില്ല.
കര്‍ണാടകയില്‍ നിന്നു കാസര്‍കോട്ടേക്കുള്ള യാത്ര മധ്യേയാണ് അദ്ദേഹം മരിച്ചതെന്നാണ് ഇതിന് ആരോഗ്യവകുപ്പ് നല്‍കുന്ന ന്യായം. എന്നാല്‍ തലപ്പാടി ചെക്ക്‌പോസ്റ്റില്‍ അബ്ദുള്‍ റഹ്മാന്റെ താപനില പരിശോധിച്ച ശേഷമാണ് കാസര്‍കോട് എത്തിയത്. അതിനു ശേഷമായിരുന്നു മരണം. ഈ മൂന്നു മരണങ്ങളും പടിക്ക് പുറത്താക്കിയ ആരോഗ്യ വകുപ്പ് പക്ഷേ, ആത്യമഹത്യ ചെയ്തവരെയും തെലങ്കാനയില്‍ നിന്നു ട്രെയിന്‍ മാറിക്കയറി തിരുവനന്തപുരത്ത് എത്തി മരിച്ച ആളെയും കേരളത്തിന്റെ മരണപട്ടികയില്‍ ഉള്‍പ്പെടുത്തി. തെലങ്കാന സ്വദേശി 68 കാരനായ അഞ്ചയ്യയാണ് തലസ്ഥാനത്ത് മരിച്ചത്. സംസ്ഥാനത്ത് അദ്ദേഹം താമസിച്ച ചരിത്രമില്ല, പക്ഷേ തിരുവനന്തപുരത്ത് കൊവിഡ് രോഗനിര്‍ണയം നടത്തി മരണമടഞ്ഞതിനാല്‍ അദ്ദേഹത്തിന്റെ മരണം സംസ്ഥാനത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തി.
മൂന്നു മരണങ്ങള്‍ പട്ടികക്ക് പുറത്താക്കിയെങ്കിലും ജൂണ്‍ 27ന് ജീവിതം അവസാനിപ്പിച്ച 68കാരനായ കൃഷ്ണന്റെ മരണം കൊവിഡ് മരണമായി കണക്കാക്കി പട്ടികയില്‍ ഉള്‍പ്പെടുത്തി. പ്രത്യേക കേസായി പരിഗണിച്ചാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."