മത്സ്യകൃഷി: പുരസ്‌കാര നിറവില്‍ കുമാരപുരം ഗ്രാമപഞ്ചായത്ത്
ആലപ്പുഴ: മത്സ്യമേഖല പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കിയതിനുള്ള തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാര വിതരണത്തില്‍ ഹരിപ്പാട് കുമാരപുരം ഗ്രാമപഞ്ചായത്തിന് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ കൊല്ലം സി.എസ്.ഐ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ പുരസ്‌കാര വിതരണം നടത്തി. കുമാരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ്‌കമാര്‍, ഫിഷറീസ് പ്രമോട്ടര്‍ എ.സലീന, പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ അരുണ്‍ എന്നിവരുടെ നേതൃത്തിലുള്ള കൂട്ടായ പ്രവര്‍ത്തനമികവാണ് പുരസ്‌കാരത്തിനു പിന്നില്‍.
മത്സ്യകര്‍ഷകര്‍ക്കായി വിവിധ പദ്ധതികളാണ് പഞ്ചായത്തില്‍ ആവിഷ്‌ക്കരിച്ചത്. മാസത്തിലൊരിക്കല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മത്സ്യകര്‍ഷകര്‍ ഒത്തുകൂടി അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും പഞ്ചായത്ത് അധികൃതരെ നേരിട്ട് ബോധ്യപ്പെടുത്തും. ഇതിനായി പഞ്ചായത്തില്‍ മത്സ്യകര്‍ഷക ക്ലബ്ബിനും രൂപം കൊടുത്തു. പഞ്ചായത്തില്‍ മത്സ്യകൃഷി നടത്തുന്നവരെ കണ്ടെത്തി അവരുടെ കുളങ്ങളും ജലാശയങ്ങളും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കി നല്‍കി.
പഞ്ചായത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 200 മത്സ്യകര്‍ഷകര്‍ക്ക് സൗജന്യമായി മത്സ്യകുഞ്ഞുങ്ങളെയും വിതരണം ചെയ്തു. സബ്‌സിഡി പ്രകാരം അവയ്ക്കുള്ള തീറ്റയും കര്‍ഷകര്‍ക്ക് നല്‍കി. മത്സ്യകര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടം വൃത്തിയാക്കാനും വിളവെടുപ്പിനാവാശ്യമായ യന്ത്രസാമ്രഗികളും പഞ്ചായത്തില്‍ നിന്നും ലഭ്യമാക്കുന്നുണ്ട്. വിഷം കലര്‍ന്ന മത്സ്യമാണ് വിപണിയിലെന്ന് വിവാദം കൊഴുക്കുമ്പോളും കുമാരപുരം പഞ്ചായത്ത് നിവാസികള്‍ക്കാവശ്യമായി ശുദ്ധജല മത്സ്യം ഇവിടെ തന്നെ ഉത്പ്പാദിപ്പിച്ചെടുക്കാന്‍ കഴിയുന്നു. പുതിയ തലമുറയിലുള്ളവരും ഇപ്പോള്‍ മത്സ്യ കൃഷിയില്‍ കൂടുതല്‍ ആകൃഷ്ടരായി പദ്ധതിയിലേക്ക് കടന്നു വരുന്നുണ്ട്. മത്സ്യകൃഷിക്കായി നൂതന പദ്ധതികള്‍ ഇനിയും തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."