അരീക്കോട് തൂക്കുപാലത്തിന്റെ പില്ലറില്‍ കുടുങ്ങിയ പന നീക്കം ചെയ്തു
അരീക്കോട്: ചാലിയാര്‍ നിറഞ്ഞുകവിഞ്ഞതിനെ തുടര്‍ന്ന് കടപ്പുഴകി ചാലിയാറില്‍ പതിച്ച പന നീക്കം ചെയ്തു. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് അരീക്കോട് തൂക്ക് പാലത്തിന്റെ പ്രധാനപില്ലറില്‍ പന കുടുങ്ങി പാലത്തിന് ഭീഷണി സൃഷ്ടിച്ചത്. പന കുടുങ്ങിയതോടെ ഇരുമ്പ് നിര്‍മിത പാലത്തിന് വലിയ രീതിയിലുള്ള ഇളക്കം അനുഭവപ്പെട്ടിരുന്നു.
തുടര്‍ന്ന് മഞ്ചേരിയില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് നീക്കം ചെയ്തത്. തൂക്ക് പാലത്തില്‍ നിന്ന് കയര്‍ കെട്ടി താഴെയിറങ്ങിയാണ് പന മാറ്റിയത്. പില്ലറില്‍ കുടുങ്ങിയ പന ഒഴുക്കിന്റെ ശക്തിയാല്‍ നിരന്തരമായി ഇടിക്കുന്നത് മൂലം തൂക്ക് പാലത്തിന് കുലുക്കം അനുഭവപ്പെട്ടത് ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് അരീക്കോട് പൊലിസില്‍ വിവരമറിയിച്ചത്. വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ ഉപയോഗിക്കുന്ന തൂക്കുപാലം അപകട സാധ്യത കണ്ടാണ് യാത്രക്കാരെ മാറ്റി പൊലിസ് ഫയര്‍ഫോഴ്‌സിന്റെ സഹായം തേടിയത്. 2009 ലെ മൂര്‍ക്കനാട് തോണിയപകടത്തില്‍ എട്ട് വിദ്യാര്‍ഥികള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് കെല്‍ നിര്‍മിച്ച് നല്‍കിയ തൂക്കുപാലം അധികൃതരുടെ ശ്രദ്ധക്കുറവ് കാരണം തുരുമ്പെടുത്ത് തുടങ്ങിയത് പാലത്തിന്റെ സുരക്ഷയെ ബാധിച്ചിരുന്നു. അരീക്കോട്, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളുടെ കീഴിലായതു കൊണ്ട് സംയുക്തമായി ഫണ്ട് നീക്കിവച്ച് പാലത്തിന്റെ അറ്റകുറ്റപ്രവൃത്തി നടത്തണമെന്ന ജനകീയ ആവശ്യം ഇതുവരെ പരിഗണിക്കപ്പെടുന്നില്ലെന്ന ആക്ഷേപമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."