പാര്‍ട്ടി വിട്ട മുഈനുല്‍ ഹസനെ ഒടുവില്‍ ബംഗാള്‍ സി.പി.എം 'പുറത്താക്കി'
ന്യൂഡല്‍ഹി: ബി.ജെ.പിയെ പ്രതിരോധിക്കാന്‍ സി.പി.എം ശ്രമിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി പാര്‍ട്ടിക്കെതിരേ വിമര്‍ശനമുന്നയിച്ച മുന്‍ എം.പിയും ബംഗാളിലെ മുതിര്‍ന്ന നേതാവുമായ മുഈനുല്‍ ഹസനെ ഒടുവില്‍ സി.പി.എം പുറത്താക്കി. നേതൃത്വത്തിനെതിരേ വിമര്‍ശനമുന്നയിച്ച മുഈനുല്‍ ഹസന്‍ കഴിഞ്ഞയാഴ്ച സി.പി.എമ്മില്‍നിന്നു രാജിവയ്ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയില്‍നിന്നു പുറത്താക്കിയിരുന്നു. ഇതിനുപിന്നാലെയാണു കഴിഞ്ഞ ദിവസം പാര്‍ട്ടി അംഗത്വത്തില്‍നിന്നും നീക്കം ചെയ്തത്.
42 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ചാണ് മുഈനുല്‍ ഹസന്‍ സി.പി.എം വിട്ടത്. താന്‍ ഉന്നയിച്ച ചില രാഷ്ട്രീയപ്രശ്‌നങ്ങള്‍ക്കു വ്യക്തമായ പരിഹാരമുണ്ടാക്കാന്‍ നേതൃത്വത്തിനു കഴിയാത്തതിനാലാണ് പാര്‍ട്ടി വിടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
രാജ്യത്തെ ബുദ്ധിജീവികളടക്കമുള്ള വലിയൊരു വിഭാഗം ആളുകള്‍ ബി.ജെ.പിയെ ഫാസിസ്റ്റ് കക്ഷിയായി വിശേഷിപ്പിച്ചിട്ടും അങ്ങനെ കാണാന്‍ പാര്‍ട്ടിക്കു കഴിയുന്നില്ല. ബി.ജെ.പിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും ഒരുമിച്ച് എതിര്‍ക്കണമെന്ന നിലപാട് ബി.ജെ.പി വിരുദ്ധ പോരാട്ടത്തെ ദുര്‍ബലമാക്കുകയേ ഉള്ളൂ. കോണ്‍ഗ്രസും ബി.ജെ.പിയും തുല്യ അളവില്‍ ശത്രുക്കളാണെന്ന മുന്‍ നിലപാടാണ് പാര്‍ട്ടി ഇപ്പോഴും തുടരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതിനിടെ, നേരത്തെ ആഡംബരത്തിന്റെ പേരില്‍ സി.പി.എം പുറത്താക്കിയ യുവനേതാവും രാജ്യസഭാ എം.പിയുമായിരുന്ന ഋതബ്രത ബാനര്‍ജിയും മുഈനുല്‍ ഹസനും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് തൃണമൂലുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
തൃണമൂല്‍ രക്തസാക്ഷിദിനമായി ആചരിക്കുന്ന ഈ മാസം 21നു നടക്കുന്ന ചടങ്ങില്‍ രണ്ടുപേരും ഔദ്യോഗികമായി പാര്‍ട്ടി അംഗത്വമെടുക്കും.
ഋതബ്രത ബാനര്‍ജി സി.പി.എമ്മില്‍നിന്നു പുറത്തായ ശേഷം തൃണമൂലുമായി സഹകരിച്ചുവരികയായിരുന്നു. പുതുതായി രൂപീകരിച്ച ഗിരിവര്‍ഗ ക്ഷേമസമിതിയുടെ അധ്യക്ഷനായി സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
ഋതബ്രതയും മുഈനുല്‍ ഹസനും സി.പി.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ അടുത്ത വൃത്തങ്ങളില്‍പെട്ടയാളുകളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."