പെന്‍ഷന്‍ കൂട്ടാമെന്നുറപ്പ്; യോഗം വിളിച്ചുള്ള വോട്ടുപിടിത്തം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞു
ആറ്റിങ്ങല്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് ആറ്റിങ്ങല്‍ നഗരസഭയുടെ നേതൃത്വത്തില്‍ വാര്‍ധക്യ പെന്‍ഷന്‍ വാങ്ങുന്നവരുടെ യോഗം വിളിച്ചു. വിവരമറിഞ്ഞെത്തിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ യോഗം പിരിച്ചുവിട്ടു. സംഭവത്തില്‍ ചട്ട ലംഘനമുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചെയര്‍മാന്‍ എം. പ്രദീപിന്റെയും പ്രാദേശിക സി.പി.എം നേതൃത്വത്തിന്റെയും നേതൃത്വത്തിലാണ് എല്‍.ഡി.എഫിന് വോട്ടുതേടി യോഗം വിളിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ശിവശക്തി കല്യാണ മണ്ഡപത്തിലാണ് യോഗം വിളിച്ചത്. നിലവില്‍ വാങ്ങുന്ന പെന്‍ഷന്‍ ലോകസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കൂട്ടി തരുമെന്നും അതിനായി ഇടതുപക്ഷസ്ഥാനാര്‍ഥിയെ വിജയിപ്പിക്കേണ്ടതുണ്ടെന്നും പറഞ്ഞാണ് പെന്‍ഷന്‍ വാങ്ങുന്നവരെ യോഗത്തില്‍ എത്തിച്ചത്.
എന്നാല്‍ യോഗത്തിനെത്തിയ ഭൂരിഭാഗം പേരും പെന്‍ഷന്‍ വിതരണം ചെയ്യുന്നുവെന്ന് ധരിച്ചാണ് കൊടും ചൂട് സഹിച്ചും യോഗത്തിലെത്തിയത്. എന്നാല്‍ സ്ഥലത്തെത്തിയപ്പോഴാണ് പ്രലോഭിപ്പിച്ച് വോട്ട് തേടാനുള്ള തന്ത്രമാണന്നു മനസിലാക്കിയതെന്ന് യോഗതിനെത്തിയവരില്‍ ചിലര്‍ പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍, സി.പി.എം പ്രാദേശിക നേതാവ്, സി.പി.എം നഗരസഭാ കൗണ്‍സിലര്‍മാരുടെയും നേതൃത്ത്വത്തിലായിരുന്നു യോഗം വിളിച്ചു ചേര്‍ത്തത്.
തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണന്നു കാട്ടി നാട്ടുകാരില്‍ ചിലര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ യോഗം തുടങ്ങി. നിമിഷങ്ങള്‍ക്കകം തെരഞ്ഞെടുപ്പ് സ്‌ക്വാഡ് സ്ഥലത്ത് എത്തി യോഗം പിരിച്ചു വിടുകയായിരുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മാതൃകാ പെരുമാറ്റച്ചട്ട സ്‌ക്വാഡ് കലക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
എന്നാല്‍ നഗരസഭയുടെ നേതൃത്വത്തിലല്ല യോഗം ചേര്‍ന്നതെന്നും എല്‍.ഡി.എഫ് യോഗമാണ് നടന്നതെന്നും യോഗം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിരിച്ചുവിട്ടതെന്നത് തെറ്റാണന്നും നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ് പറഞ്ഞു. വരും ദിവസങ്ങളിലും യോഗം വിളിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."