സ്വകാര്യമേഖലയില്‍നിന്നുള്ള വിദഗ്ധര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഉന്നത തസ്തികകളില്‍ നിയമനം
ന്യൂഡല്‍ഹി: സ്വകാര്യ മേഖലയിലെ വിദഗ്ധരുടെ സേവനം സര്‍ക്കാരിലേക്ക് പ്രയോജനപ്പെടുത്തുകയെന്ന നയത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സ്ഥാപനങ്ങളുടെ തലപ്പത്തെ വിദഗ്ധരായ ഒന്‍പതുപേരെ കേന്ദ്ര സര്‍വിസില്‍ നിയമിച്ചു. ഇതാദ്യമായാണ് ഇത്തരമൊരു നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരെയാണ് യു.പി.എസ്.സി നിയമിച്ചത്. ധനകാര്യം, സാമ്പത്തികം, കൃഷി, സഹകരണ-കര്‍ഷക ക്ഷേമം, വ്യോമയാനം, വാണിജ്യം, പരിസ്ഥിതി, വനം-കാലാവസ്ഥാ വ്യതിയാനം, ഊര്‍ജം, ഗതാഗതം തുടങ്ങിയ മേഖലകളിലാണ് നിയമനം.
ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ മേധാവി കക്കോലി ഘോഷ്, കെ.പി.എം.ജി മേധാവി ആംബര്‍ ദുബെ, സാര്‍ക്ക് ഡവലപ്‌മെന്റ് ഫണ്ട് ഡയരക്ടര്‍ രാജീവ് സക്‌സേന, പനാമ റിന്യൂവബിള്‍ ഗ്രൂപ്പ് മേധാവി ദിനേഷ് ദയാനന്ദ് ജഗ്ദാലെ, എന്‍.എച്ച്.പി.സി ലിമിറ്റഡ് സീനിയര്‍ മാനേജര്‍ സുജിത് കുമാര്‍ ബാജ്‌പേയി തുടങ്ങിയ പ്രമുഖരെയാണ് നിയമിച്ചത്. രണ്ടു മാസത്തിനുള്ളില്‍ ഇവര്‍ ചുമതല ഏറ്റെടുത്തേക്കും.
നീതി ആയോഗിന്റെ ശുപാര്‍ശ അനുസരിച്ചാണ് സ്വകാര്യമേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ഉദ്യോഗസ്ഥരെ ഭരണ തലപ്പത്തേക്ക് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. മത്സരാധിഷ്ഠിതമായ മേഖലകളില്‍ വിഷയം കൈകാര്യം ചെയ്യാന്‍ ആ മേഖലയില്‍ കഴിവ് തെളിയിച്ചവര്‍ തന്നെ വേണം എന്നതാണ് നീതി ആയോഗ് ശിപാര്‍ശ ചെയ്തത്.
വിവിധ മന്ത്രാലയങ്ങളിലെ ഡയരക്ടര്‍, ജോയന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് സ്വകാര്യമേഖലയില്‍നിന്ന് 50 വിദഗ്ധരെ നിയമിക്കാനാണ് തീരുമാനിച്ചിരുന്നത്. സാധാരണയായി ഐ.എ.എസുകാര്‍ കൈകാര്യം ചെയ്തിരുന്ന പദവികളാണിവ. മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെ കരാറടിസ്ഥാനത്തിലാണ് നിയമനം.
നേരത്തെയും ചില സുപ്രധാന തസ്തികകളില്‍ ഇതേ രീതിയില്‍ നിയമനം നടന്നിരുന്നു. ആയുഷ് മന്ത്രാലയത്തില്‍ സ്‌പെഷ്യല്‍ സെക്രട്ടറിയായി രാജേഷ് കൊടേച്ച, കേന്ദ്ര ശുദ്ധജല-ശുചീകരണ മന്ത്രാലയത്തില്‍ സെക്രട്ടറിയായി മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനും പൊതുജനാരോഗ്യ രംഗത്തെ വിദഗ്ധനുമായ പരമേശ്വര അയ്യര്‍ എന്നിവരെ നിയമിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."