ദുരിതമഴ: ജില്ലയില്‍ കനത്ത മഴ തുടരുന്നു
തലശ്ശേരി: ഞായറാഴ്ച വൈകുന്നേരത്തോടെ ആഞ്ഞുവീശിയ കാറ്റിലും പേമാരിയിലും മുഴപ്പിലങ്ങാട് പഞ്ചായത്തിലെ കൂടകടവ്, കടപ്പുറം ഭാഗങ്ങളില്‍ മുപ്പതോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. ധര്‍മടം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ നാലു വീടുകളും തകര്‍ന്നു. കനത്തകാറ്റില്‍ ബോട്ട്ജെട്ടി തടുത്ത വിശ്വംവീട്ടില് ജാനകിയുടെ വീടിന്റെ മേല്‍ക്കൂര പറന്നുപോയി.
ധര്‍മടം കോറിനേഷന്‍ സ്കൂളിന്റെ മേല്‍ക്കൂരയും കനത്തകാറ്റില്‍ തകര്‍ന്നു. ധര്‍മടം പൊലിസ് സ്റ്റേഷന് പരിസരത്ത് വളര്‍ന്ന മരങ്ങള്‍ നിലംപൊത്തി. ധര്‍മടം പാലത്തിനു സമീപത്തെ കൂറ്റന്‍ പരസ്യബോര്‍ഡ് പറന്ന് വൈദ്യുത ലൈനുകളില്‍ വീണതിനെ തുടര്‍ന്നു വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
മുഴപ്പിലങ്ങാട് സൗത്ത് യു.പി സ്കൂളിന്റെ ഒടുമേഞ്ഞ മേല്‍ക്കൂരയും പറന്നുപോയി. കനത്ത മഴയിലും കാറ്റിലും സ്കൂള്‍ കെട്ടിടം അപകടാവസ്ഥയിലായതിനെ തുടര്‍ന്നു സ്കൂളിന് ഒരാഴ്ച അവധി പ്രഖ്യാപിച്ചു. കൂടക്കടവ്, കടപ്പുറം ഭാഗത്തായി പള്ളിക്കല്‍ വിഷ്ണുവിന്റെ വീടും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വാടകവീടും തകര്‍ന്നു. വീട്ടിലെ താമസക്കാരിയായ റുഖിയ തയ്ച്ച റെഡിമെയ്ഡ് വസ്ത്രങ്ങളും മഴയില്‍ ഉപയോഗശൂന്യമായി. ഇവരുടെ സഹോദരി സഫീറ, റസീമ എന്നിവരോടെപ്പം വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനു വീടുപൂട്ടി പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകമാണു കാറ്റും പേമാരിയും ഉണ്ടായത്.
കനത്ത കാറ്റില്‍ ഇവര്‍ താമസിച്ച വീടിന്റെ മുകളിലേക്കു തെങ്ങ് കടപുഴകി വീഴുകയായിരുന്നു. റിയാ നിവാസില്‍ ശ്രീമതി, എളമ്പിലായി രാധ, എളമ്പിലായി അനില്‍കുമാര്‍ എളമ്പിലായി മനോജ്, പ്രകാശന്, മനോഹരന്, കൗസല്യ, ആര്.എസ് ഭവനില്‍ സദാനന്ദന്, കടപ്പുറത്ത് യു. നസീര്‍, ഇ.കെ അച്യുതന്, രാമചന്ദ്രന്, ശൈലജ ഒരുക്കം ക്വാര്‍ട്ടേഴ്സ്, തയ്യില്‍ റഫീഖ് തുടങ്ങിയവരുടെ വീടുകള്‍ തകര്‍ന്നു.
ധര്‍മടത്തെ ചിറയുടെ വീട്, വാരച്ചാലില് റംല എന്നിവരുടെ വീടുകളുടെ മേല്‍ക്കൂര കനത്ത കാറ്റില്‍ പറന്നുപോയി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവന്, കണ്ണൂര്‍, തലശ്ശേരി തഹസില്‍ദാര്‍മാര്‍, വാര്‍ഡ് അംഗങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരും ദുരിതബാധിത പ്രദേശം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."