റിലയൻസുമായുള്ള 1500 കോടി ഡോളർ കരാറിൽ നിന്നും പിന്മാറിയിട്ടില്ലെന്ന് സഊദി അരാംകോ
റിയാദ്: ഇന്ത്യയിലെ റിലയൻസ് ഇൻഡസ്ട്രീസുമായുള്ള കരാറിൽ നിന്നും പിന്മാറിയിട്ടില്ലെന്ന് പെട്രോളിയം ഭീമൻ കമ്പനിയായ സഊദി അരാംകോ. റിലയൻസിന്റെ റിഫൈനിംഗ്, കെമിക്കല്‍ ബിസിനസില്‍ മുതല്‍മുടക്കാനുള്ള നീക്കം ഉപേക്ഷിച്ചിട്ടില്ലെന്നും 1500 കോടി ഡോളറിന്റെ ഓഹരികള്‍ വാങ്ങാനുള്ള നടപടികള്‍ തുടരുകയാണെന്നും സഊദി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോ അറിയിച്ചു. എണ്ണവിപണിയിലെ തകർച്ച മൂലം ഇടപാട് വൈകിയതിന് പുറമെ കൊവിഡ് പശ്ചാത്തലത്തില്‍ എണ്ണ മേഖലയില്‍ അപ്രതീക്ഷിതമായുണ്ടായ തിരിച്ചടികള്‍ കാരണം ഇടാപാട് വൈകുകയാണെന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി കഴിഞ്ഞ മാസം പ്രസ്താവിച്ചിരുന്നു. എന്നാൽ, അംബാനിയുടെ പ്രസ്‌താവന റിലയൻസിന് നഷ്ടമുണ്ടാക്കിയിരുന്നു. പ്രസ്താവനക്ക് പിന്നാലെ കമ്പനിയുടെ ഓഹരി വില ഇടി ഇടിഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് അരാംകോ ഇത് സംബന്ധമായ കാര്യം വെളിപ്പെടുത്തിയത്. റിലയന്‍സുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് സഊദി അരാംകോ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അമീന്‍ നാസര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നടപടികള്‍ തുടരുകയാണെന്നും ഉടന്‍ തന്നെ പുതിയ വിവരങ്ങള്‍ നല്‍കാനാകുമെന്നും അമീന്‍ നാസര്‍ പറഞ്ഞു. അടുത്ത വർഷം ആദ്യ പാദത്തിൽ കരാർ അന്തിമമാക്കുമെന്ന് കെആർ ചോക്‌സി ഇൻവെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ദേവൻ ചോക്‌സിയും പറഞ്ഞു.
ഇന്ത്യയിലെ റിലയൻസുമായുള്ള കരാർ ലോകത്തിലെ ഏറ്റവും വലിയ അസംസ്കൃത കയറ്റുമതി കമ്പനിയായ സഊദി അരാംകോയെ ഈ മേഖലയിലെ മികച്ച റാങ്കുകളുള്ള കമ്പനിയായി ഉയരാൻ സഹായിച്ചേക്കും. കെമിക്കൽ കമ്പനിയായ സഊദി ബേസിക് ഇൻഡസ്ട്രീസ് കോർപ്പറേഷനെ ഈ വർഷം 70 ബില്യൺ ഡോളറിന് വാങ്ങിയ സർക്കാർ ഉടമസ്ഥതയിലുള്ള സഊദി അരാംകോ ഇന്ത്യയിലേക്ക് എണ്ണകയറ്റുമതി ചെയ്യുന്ന പ്രധാന അസംസ്കൃത എണ്ണ വിതരണ കമ്പനിയാണ്. ലോകത്തെ നാലാമത്തെ സമ്പന്നനായ അംബാനി കഴിഞ്ഞ വർഷമാണ് തന്റെ കമ്പനിയുടെ എണ്ണ ശുദ്ധീകരണ, പെട്രോകെമിക്കൽസ് ബിസിനസിൽ 20% ഓഹരി വാങ്ങാൻ അരാംകോ തയ്യാറായിട്ടുണ്ടെന്നും അതിന്റെ മൂല്യം 75 ബില്യൺ ഡോളറാണെന്നും വ്യക്തമാക്കിയത്.
ലോകത്തെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ കയറ്റുമതി കമ്പനിയായ സഊദി അരാംകോ ഈ വർഷം ചെങ്കടലിനു തീരത്തെ ജസാനിൽ 400,000 ബാരൽ പ്രതിദിന ശേഷിയുള്ള പ്ലാന്റിന്റെ പ്രവർത്തനം പൂർണ്ണമായി നടത്താനായുള്ള ഒരുക്കത്തിലാണ്. അമേരിക്കയിലെ ഏറ്റവും വലിയ റിഫൈനറിയും സൗത്ത് കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും വലിയ എണ്ണശുദ്ധീകരണ ശാലകൾ അരാംകോക്ക് സ്വന്തമായുണ്ട്. കൂടാതെ, ചൈനീസ് സഹകരണത്തോടെ നിരവധി പ്ലാന്റുകളും നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് സഊദി അരാംകോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."