ബോട്ട് ലാസ്‌കര്‍ റാങ്ക് ലിസ്റ്റ് പി.എസ്.സിയുടെ പിഴവില്‍ ഉദ്യോഗാര്‍ഥികള്‍ ബലിയാടാകുന്നു
ആലപ്പുഴ: ജലഗതാഗത വകുപ്പില്‍ ബോട്ട് ലാസ്‌കര്‍ തസ്തികയിലേക്ക് പി.എസ്.സി തയാറാക്കിയ റാങ്ക് ലിസ്റ്റിലുണ്ടായ പിഴവ് നിയമ പോരാട്ടത്തിലൂടെ തിരുത്തപ്പെട്ടെങ്കിലും ഇതുവഴി ഉദ്യോഗാര്‍ഥികള്‍ക്കുണ്ടായ നഷ്ടം നികത്തപ്പെട്ടില്ല.
പി.എസ്.സിയുടെ അപകതയ്ക്ക് ഇപ്പോള്‍ ബലിയാടായിരിക്കുന്നത് ഉദ്യോഗാര്‍ഥികളാണ്. പി.എസ്.സി യുടെ പിഴവ് തിരുത്താന്‍ ഒന്നര വര്‍ഷം നഷ്ടമായതിനാല്‍ റാങ്ക് ലിസ്റ്റിന്റെ കാലവധി നീട്ടണമെന്ന ആവശ്യവുമായി വീണ്ടും ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.
വകുപ്പില്‍ നിരവധി ഒഴിവുകള്‍ ഉണ്ടായിരിക്കെ കോടതിയെ സമീപിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ നിയമനം നടത്താതെ ഒടുവില്‍ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുകയായിരുന്നു.
ബോട്ട് ലാസ്‌കര്‍ തസ്തികയുടെ റാങ്ക് പട്ടിക 2020 ഫെബ്രുവരി 22 നാണ് അവസാനിച്ചത്. തസ്തിക പ്രകാരം അപേക്ഷ ക്ഷണിച്ചപ്പോള്‍ യോഗ്യത പറഞ്ഞിരുന്നത് കറന്റ് ബോട്ട് ലാസ്‌കര്‍ ലൈസന്‍സായിരുന്നു. എന്നാല്‍ റാങ്ക് ലിസ്റ്റിലേക്ക് കടന്നപ്പോള്‍ ലൈസന്‍സ് ഇല്ലാത്തവരും അധിക യോഗ്യതകളുള്ളവരും കടന്നു കൂടിയിരുന്നു. ഇതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികളില്‍ ചിലര്‍ കേരള അഡ്മിനിസ്‌ട്രേറ്റ് ടൈബ്യൂണല്‍ കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തു.
43 പേരാണ് മൊത്തം അയോഗ്യരായി കോടതി വിധിയിലൂടെ പുറത്തായത് . ബോട്ട് ലാസ്‌കര്‍ ലൈസന്‍സ് ഇല്ലാത്ത ഇവരെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തുകയും നിയമനം നടത്തുകയും ചെയ്തത് പി.എസ്.സിക്ക് സംഭവിച്ച ഗുരുതരമായ ക്രമകേടാണെന്ന് കോടതി വിധിക്കുകയും റാങ്ക് പട്ടിക റീ കാസ്റ്റ് ചെയ്ത് അയോഗ്യരെ ഒഴിവാക്കാനും വിധിച്ചു.
എന്നാല്‍ റാങ്ക് പട്ടിക റീ കാസ്റ്റ് ചെയ്യുന്നതിലും പി.എസ്.സി കാലതാമസം വരുത്തി. കേസ് വന്നതിനാല്‍ പട്ടികാകാലവധിയുടെ പകുതിലധികവും നിയമനം നടക്കാതെ നഷ്ടപ്പെട്ടു. ഇത് ചൂണ്ടിക്കാണിച്ച് കേരള അഡ്മിനിസ്‌ട്രേറ്റ് ട്രൈബ്യൂണലില്‍ കേസ് ഫയല്‍ ചെയ്യുകയും റാങ്ക് പട്ടിക ഒന്നര വര്‍ഷം നീട്ടണമെന്ന് 2019 നവംബറില്‍ കോടതി വിധിച്ചതുമാണ്. എന്നാല്‍ കോടതി വിധി പി.എസ്.സി യോ സര്‍ക്കാരോ പരിഗണിച്ചില്ലെന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി.
ഉദ്യോഗാര്‍ഥികളില്‍ പലര്‍ക്കും ഇനി ഒരുപി.എസ്.സി പരീക്ഷ എഴുതാനുള്ള പ്രായപരിധി ഇല്ല. ജലഗതാഗത ഡയറക്ടറെ സമീപിക്കുമ്പോള്‍ നിലവില്‍ ഒഴിവുകള്‍ ഇല്ല എന്ന മറുപടിയാണ് നല്‍കുന്നത്. നിലവില്‍ എട്ട് ബോട്ടുകളുടെ തസ്തിക സൃഷ്ടിക്കാനുണ്ട്. വേഗാ 1, വേഗാ 2, ആദിത്യ, ലക്ഷ്യ, ആബുലന്‍സ് ബോട്ട് എന്നിവയില്‍ ഇപ്പോള്‍ താല്‍കാലിക ജീവനക്കാരെയാണ് ഉപയോഗിക്കുന്നത്.
റാങ്ക് പട്ടികയുടെ കാലാവധി കോടതിയുടെ ഉത്തരവ് പരിഗണിച്ച് നീട്ടി നല്‍കണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.
കേരള സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപ്പെടണമെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."