"സുപ്രഭാതം പ്രചാരണ കാംപയിൻ": സഊദി തല പ്രചരണം ഉദ്ഘാടനം ചെയ്‌തു
റിയാദ്: സുപ്രഭാതം ദിനപത്രം പ്രചാരണ കാംപയിൻ സഊദി തല ഉദ്ഘാടനം ജിദ്ദയിൽ നടന്നു. സഊദി ഗസറ്റ് സീനിയർ ജേർണലിസ്റ്റും സഊദിയിലെ പ്രമുഖ മാധ്യമ പ്രവർത്തകനുമായ ഹസൻ ചെറൂപ്പയെ ആദ്യ വരിക്കാരനായി ചേർത്താണ് കാംപയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. എസ്‌ഐസി സഊദി ദേശീയ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. പൗരത്വ ഭേദഗതി നിയമത്തിനുപിറകെ ഏകസിവില്‍ കോഡ് നീക്കവുമായി രാജ്യത്തെ പ്രബല ന്യൂനപക്ഷത്തിന്റെ സാംസ്‌കാരിക അസ്തിത്വം തകര്‍ക്കാന്‍ സംഘ് പരിവാര്‍ ശക്തികള്‍ നടത്തുന്ന കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ചെറുക്കുന്നതില്‍ സുപ്രഭാതം ദിനപത്രം നടത്തുന്ന മാധ്യമധര്‍മം ഏറെ ശ്ലാഘനീയമാണെന്ന് ഹസന്‍ ചെറൂപ്പ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ ജനാധിപത്യ മതേതര മനസ് ഉടച്ചു വാർക്കുന്ന നീക്കങ്ങളുമായി നരേന്ദ്ര മോഡി ഭരണകൂടം മുന്നോട്ടുപോവുമ്പോള്‍ അതിന് തടയിടുന്നതില്‍ ജനാധിപത്യത്തിന്റെ തൂണുകളും കാവല്‍ക്കാരുമായ ജുഡീഷ്യറിയും മീഡിയയും അടിക്കടി വീഴ്ച വരുത്തുന്നത് രാജ്യത്തിന്റെ ഭാവിയെക്കുറിച്ച ആപത്കരമായ ആശങ്കകളുയര്‍ത്തിയിരിക്കുകയാണ്. പൗരാവകാശങ്ങള്‍ ഹനിക്കുകയും അവർക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവരെ നിരന്തരം വേട്ടയാടുകയും ചെയ്യുമ്പോള്‍ കുറ്റകരമായ മൗനവും നിഷ്‌ക്രിയത്വവും പുലര്‍ത്തുന്ന പ്രതിപക്ഷവും ഭരണകൂട ഭീകരത കണ്ടില്ലെന്ന് നടിക്കുന്ന ബഹുഭൂരിഭാഗം മീഡിയയും സംഭീതമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ ഘട്ടത്തിലും ജാഗ്രതയിലൂന്നിയ മാധ്യമധര്‍മം നിലനിര്‍ത്തിയും സാംസ്‌കാരിക വ്യക്തിത്വം അടിയറവെക്കാതെത്തന്നെ ബഹുസ്വരസമൂഹത്തില്‍ സമാധാനപരമായ സഹവര്‍ത്തിത്വവും മതമൈത്രിയും ഉറപ്പാക്കിയും സമൂഹത്തിന് ദിശാബോധം നല്‍കുന്ന മഹാദൗത്യമാണ് സുപ്രഭാതം നിര്‍വഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രചാരണ പരിപാടികളുടെ ഭാഗമായി സഊദിയിലെ മുഴുവൻ പ്രവിശ്യ, സെൻട്രൽ, യൂണിറ്റ് തലങ്ങളിലും വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്. വ്യാപകമായ പ്രചാരണം നടത്തി പ്രവാസികളുടെയും ബന്ധുക്കളുടെയും വീടുകളിൽ സുപ്രഭാതം പത്രം ഉറപ്പ് വരുത്തുന്നതിനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്.
സഊദി തല പ്രചാരണോദ്ഘാടന പരിപാടിയിൽ നാഷണൽ സിക്രട്ടറി സുബൈർ ഹുദവി പട്ടാമ്പി, നാഷണൽ സെക്രട്ടേറിയറ്റ് മെമ്പർ അബുബക്കർ ദാരിമി ആലമ്പാടി, നാഷണൽ ഐ.ടി. വിംഗ് സാരഥികളായ ഉസ്മാൻ എടത്തിൽ, ജാബിർ നാദാപുരം, ജിദ്ദാ കമ്മിറ്റി നേതാക്കളായ മുസ്തഫ ബാഖവി ഊരകം, നൗഷാദ് അൻവരി മോളൂർ, ദിൽഷാദ് കാടാമ്പുഴ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."