കെട്ടിക്കിടക്കുന്നു, കെട്ടിട നിര്‍മാണ അപേക്ഷകള്‍
തിരുവനന്തപുരം: കൊവിഡ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റ് അപേക്ഷകളില്‍ തീരുമാനം വൈകുന്നു. സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ മാത്രം ആയിരത്തോളം അപേക്ഷകളാണ് തീര്‍പ്പാകാതെ കിടക്കുന്നത്. കൊച്ചി കോര്‍പ്പറേഷനിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷകളില്‍ തീര്‍പ്പാകാനുള്ളത്.
241 അപേക്ഷകളാണ് അനുമതി കാത്തിരിക്കുന്നത്. തിരുവനന്തപുരത്ത് 234, തൃശൂരില്‍ 190, കോഴിക്കോട് 181, കണ്ണൂരില്‍ 132 അപേക്ഷകളുമാണ് തീര്‍പ്പാകാനുള്ളത്. കൊവിഡിന് മുന്‍പും പെര്‍മിറ്റ് നല്‍കുന്നതില്‍ കാലതാമസം ഉണ്ടായിരുന്നു. കൊവിഡ് ബാധയെത്തുടര്‍ന്ന് ജീവനക്കാരുടെ കുറവ് അത് കൂടുതല്‍ രൂക്ഷമാക്കി. അതേസമയം കൂടുതലായി കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചതിനെ തുടര്‍ന്ന് ഉണ്ടായ ഉദ്യോഗസ്ഥരുടെ കുറവും കണ്ടെയ്ന്‍മെന്റ് സോണുകളുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയായിരുന്നു നേരത്തെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ കെട്ടിട നിര്‍മാണത്തിന് ആവശ്യമായ അപേക്ഷകള്‍ സ്വീകരിക്കലും തുടര്‍ നടപടികളും. സംസ്ഥാന സര്‍ക്കാര്‍ ഇതിനായി സങ്കേതം എന്ന പേരില്‍ സോഫ്റ്റ്‌വെയറും തയാറാക്കിയിരുന്നു.
എന്നാല്‍ കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി സങ്കേതം ഒഴിവാക്കി. പിന്നാലെ പുറത്തു നിന്നുള്ള ഒരു കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചായിരുന്നു അപേക്ഷകള്‍ സ്വീകരിക്കലും പരിഗണിക്കലും. എന്നാല്‍ ഇപ്പോള്‍ അതും ഒഴിവാക്കി. അപേക്ഷകള്‍ നേരിട്ട് സ്വീകരിച്ച് തീര്‍പ്പു കല്‍പ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പഴയ സങ്കേതം സോഫ്റ്റ്‌വെയര്‍ കൂടുതല്‍ ഫലപ്രദമാക്കി തിരികെ കൊണ്ടുവരണമെന്ന ആവശ്യമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."