HOME
DETAILS
MAL
ചര്‍ച്ച ചെയ്യാന്‍ വിഷയങ്ങളേറെ; ഇടതുമുന്നണി യോഗം നാളെ
backup
September 17 2020 | 03:09 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വിവാദങ്ങളില്‍പ്പെട്ട് ഉഴലുന്ന സര്‍ക്കാരിന് പ്രതിരോധം തീര്‍ക്കാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കാന്‍ നാളെ ഇടതുമുന്നണി യോഗം ചേരും. സ്വര്‍ണക്കടത്തു കേസില്‍ തുടങ്ങിയ വിവാദം ഇപ്പോള്‍ സംസ്ഥാനത്തെ ചില മന്ത്രിമാരുടെ പേരില്‍ വരെ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ക്കൂടിയാണു യോഗം. ഭരണത്തിന്റെ അവസാന മാസങ്ങളില്‍ ഉണ്ടായ വിവാദങ്ങള്‍ സര്‍ക്കാരിനും ഇടതുമുന്നണിക്കും വലിയ ക്ഷീണമുണ്ടാക്കിയെന്ന് സി.പി.എം തന്നെ വിലയിരുത്തുന്നു. സി.പി.ഐയ്ക്കും വിവാദങ്ങളില്‍ അമര്‍ഷമുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതൃപ്തികളെല്ലാം മാറ്റിവച്ചു സര്‍ക്കാരിനൊപ്പം നില്‍ക്കുക എന്നുതന്നെയാണു സി.പി.ഐയുടെ നിലപാട്.
സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതും മന്ത്രി ഇ.പി ജയരാജന്റെ മകനു കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധവും സര്‍ക്കാരിനെ രാഷ്ട്രീയമായി പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതിനു പുറമെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനേയും സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇ.ഡി ഒരു തവണ ചോദ്യം ചെയ്തു. വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നു. ഇതിനു പുറമെയാണ് സ്വപ്നയുമായി മറ്റൊരു മന്ത്രിയ്ക്കു കൂടി ബന്ധമുണ്ടെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നണ്ട്.
സര്‍ക്കാരിനെയും മുന്നണിയേയും പ്രതിസന്ധിയിലാക്കുന്ന ഈ വിഷയങ്ങളെ രാഷ്ട്രീയ ആയുധമാക്കി യു.ഡി.എഫും ബി.ജെ.പിയും സമരവുമായി തെരുവിലാണ്. ഇങ്ങനെ ഓരോ ദിവസവും സര്‍ക്കാരുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങള്‍ ഉണ്ടാകുന്നതില്‍ ഇടതുമുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ക്കും അതൃപ്തിയുണ്ട്. എന്നാല്‍ വിവാദങ്ങളില്‍ ചര്‍ച്ച നടത്തി കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കേണ്ടതില്ലെന്ന ധാരണയാണു പൊതുവെ ഘടക കക്ഷികള്‍ സ്വീകരിച്ചിരിക്കുന്നത്. നാളെ ചേരുന്ന ഇടതുമുന്നണി യോഗം നിലവിലെ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യുമെങ്കിലും ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടു സ്വീകരിക്കാനേ സാധ്യതയുള്ളൂ. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനുള്ള പരിപാടികള്‍ ഇടതുമുന്നണി ചര്‍ച്ച ചെയ്തു തീരുമാനിക്കും. തദേശസ്വയംഭരണ തെരഞ്ഞെടുപ്പു സംബന്ധിച്ചുള്ള കാര്യങ്ങളാകും യോഗത്തിന്റെ പ്രധാന അജണ്ട.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."