ജില്ലയിലെ ബസുകള്‍ ഇന്ന് കാരുണ്യയാത്ര നടത്തും
മഞ്ചേരി: പ്രളയക്കെടുതികള്‍ നേരിടുന്ന സംസ്ഥാനത്തിന് കൈത്താങ്ങായി സ്വകാര്യ ബസുടമകളും രംഗത്ത്. ജില്ലയിലെ സ്വകാര്യ ബസുകള്‍ നവകേരള സൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കാന്‍ ഇന്ന് കാരുണ്യ യാത്ര നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി അറിയിച്ചു. കാരുണ്യ യാത്രകള്‍ നടത്തുന്ന ബസുകളിലെ വരുമാനത്തില്‍ ഇന്ധന ചെലവു കഴിഞ്ഞുള്ള മുഴുവന്‍ തുകയും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും.
ജില്ലയില്‍ സര്‍വിസ് നടത്തുന്ന 90 ശതമാനം ബസുകളും ഈ ദൗത്യത്തില്‍ പങ്കാളികളാകും. എല്ലാ ബസുടമകളും കാരുണ്യയാത്രയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കമ്മിറ്റി ബസുടമകളോട് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ യാത്രാ ആനുകൂല്യം ഒഴിവാക്കിയും സ്വന്തം വാഹനങ്ങളില്‍ കാരുണ്യ യാത്ര നടത്തുന്ന ബസുകളില്‍ യാത്ര ചെയ്തും പരമാവധി തുക സ്വരൂപിക്കുന്നതിന് സഹകരിക്കണമെന്ന് ബസ് ഉടമകള്‍ അഭ്യര്‍ഥിച്ചു.
കാരുണ്യയാത്രയുടെ ഫ്ളാഗ്ഓഫ് കര്‍മം മലപ്പുറത്ത് എ.ഡി.എം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് ബ്രൈറ്റ് നാണി, സെക്രട്ടറി ഹംസ ഏരിക്കുന്നന്‍, സംസ്ഥാന കമ്മിറ്റിയംഗം പക്കീസ കുഞ്ഞിപ്പ, കെ.പി നാണി, കെ.കോയ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."