ഒറ്റ സീറ്റ് നേട്ടം: ഇടതുപക്ഷത്തെ 'ട്രോളി' കെ.എസ്.ആര്‍.ടി.സി
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് മാത്രം ലഭിച്ച ഇടതുപക്ഷത്തെ ട്രോളി കെ.എസ്.ആര്‍.ടി.സിയും. കെ.എസ്.ആര്‍.ടി.സിയുടെ മാനന്തവാടി ഡിപ്പോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ട്രോള്‍ പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെ മാനന്തവാടി ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന നീലയും വെള്ളയും പെയിന്റടിച്ച അഞ്ച് ടൗണ്‍ ടു ടൗണ്‍ മലബാര്‍ ബസുകള്‍ക്കിടയില്‍, ചുവപ്പും മഞ്ഞയും നിറത്തില്‍ പെയിന്റടിച്ച ലോക്കല്‍ ഓര്‍ഡിനറി ബസും നിര്‍ത്തിയിട്ടിരിക്കുന്ന ഫോട്ടോയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. കൂടാതെ ഫോട്ടോയ്‌ക്കൊപ്പം 'കനല്‍ ഒരു തരി മതി' എന്ന കമന്റിനൊപ്പം പരിഹാസ രൂപത്തിലുള്ള വാട്‌സ്ആപ്പ് ഇമോജിയും ഇതിനുതാഴെ ബ്രാക്കറ്റില്‍ 'ഈ ഫോട്ടോയ്ക്ക് മറ്റെന്തെങ്കിലും സംഭവങ്ങളുമായി സാമ്യം തോന്നുന്നെങ്കില്‍ അത് സാങ്കല്‍പികം മാത്രം' എന്ന കമന്റും ചേര്‍ത്തിട്ടുണ്ട്.
വലിയ രീതിയില്‍ പോസ്റ്റിന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ലഭിച്ചിട്ടില്ലെങ്കിലും ഇടതുപക്ഷത്തിനെതിരേ വിമര്‍ശനം ഉന്നയിച്ചതിനെതിരേ പലരും രംഗത്തെത്തിയിട്ടുണ്ട്.
കൂടാതെ പോസ്റ്റിന് താഴെ നിരവധി കമന്റുകളുമുണ്ട്. ചുവപ്പും മഞ്ഞയും നിറത്തിലുള്ള ബസിന്റെ നീണ്ട നിരയുടെ ഫോട്ടോയ്‌ക്കൊപ്പം '2004 മറക്കേണ്ട... വീണ്ടും വരും ഇലക്ഷന്‍' എന്ന കമന്റിനും നിരവധി പേര്‍ ലൈക്കടിച്ചിട്ടുണ്ട്.
തോല്‍വിയുടെ കാരണങ്ങള്‍ പറഞ്ഞ് മുന്നണിയില്‍ പോര് മുറുകുന്ന സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സിയുടെ ട്രോള്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."