ആ കൊലയാളികള്‍ എന്നോ ജയില്‍മോചിതരായി
നെയ്പിതോ: ഹൈസ്‌കൂള്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ പത്തു റോഹീംഗ്യന്‍ മുസ്‌ലിംകളെ പിടികൂടി നിഷ്‌കരുണം കൊലപ്പെടുത്തിയ സംഘത്തിലെ മ്യാന്മര്‍ സൈനികരെ സൂചി ഭരണകൂടം ഒരു വര്‍ഷമാവും മുന്‍പേ ജയിലില്‍ നിന്നു മോചിപ്പിച്ചു. 2017 സപ്തംബറിലായിരുന്നു രക്കയിന്‍ സംസ്ഥാനത്തെ ഇന്‍ ദിന്‍ ഗ്രാമത്തില്‍ റോഹീംഗ്യരെ തുറസായ പുല്‍മേട്ടില്‍ കൈകള്‍ പിന്നിലോട്ടു കെട്ടി നിരനിരയായി മുട്ടിലിരുത്തി വെടിവച്ചു കൊന്നത്.
റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ ഈ സംഭവം പുറംലോകത്തെത്തിച്ചതോടെ സമ്മര്‍ദത്തിലായ സൂചി സര്‍ക്കാര്‍ ഒടുവില്‍ ഏഴു സൈനികരെയും ജയിലിലടയ്ക്കുകയായിരുന്നു. പത്തു വര്‍ഷത്തെ തടവുശിക്ഷയും വിധിച്ചു. എന്നാല്‍ ഏതാനും മാസത്തെ തടവിനു ശേഷം ആരുമറിയാതെ കഴിഞ്ഞ വര്‍ഷം നവംബറില്‍ തന്നെ ഇവരെ മോചിപ്പിച്ച വാര്‍ത്ത റോയിട്ടേഴ്‌സാണ് പുറത്തുവിട്ടത്.
കൂട്ടക്കൊലയുടെ വാര്‍ത്ത പുറത്തുവിട്ട് പുലിറ്റ്‌സര്‍ സമ്മാനം നേടിയ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാരെ ഭരണകൂടം രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചിരുന്നു.
സുപ്രിം കോടതി ജാമ്യം നിഷേധിച്ചെങ്കിലും ഒടുവില്‍ അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്ന് പരമോന്നത നേതാവ് ആങ് സാങ് സൂചി ഇടപെട്ടാണ് അവരെ മോചിപ്പിച്ചത്. എന്നാല്‍ ആ റിപ്പോര്‍ട്ടര്‍മാരുടെ അത്രപോലും കൊലയാളികള്‍ക്ക് ജയിലില്‍ കഴിയേണ്ടി വന്നില്ല. റോയിട്ടേഴ്‌സിന്റെ മ്യാന്മര്‍ റിപോര്‍ട്ടര്‍മാരായ വാ ലോന്‍, ക്യാവ് സോ ഊ എന്നിവര്‍ 16 മാസം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.
കൊലയാളികളെ എന്നാണ് മോചിപ്പിച്ചതെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ അവര്‍ മാസങ്ങളായി ജയിലില്ലെന്ന് രക്കയിനിലെ ജയില്‍ വാര്‍ഡനും മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥനും വ്യക്തമാക്കി. സൈന്യം അവരുടെ ശിക്ഷ ലഘൂകരിച്ചുവെന്നാണ് അവര്‍ അറിയിച്ചത്. പ്രതികളെ മോചിപ്പിച്ചത് സര്‍ക്കാര്‍ പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല.
പട്ടാളത്തിന്റെ സഹായത്തോടെ ബുദ്ധമത തീവ്രവാദികള്‍ നടത്തിയ വംശഹത്യക്കിടെ 7,20,000 റോഹീംഗ്യന്‍ മുസ്‌ലിംകളാണ് അഭയാര്‍ഥികളായി നാടുവിട്ടത്. കുട്ടികളുള്‍പ്പെടെയുള്ള റോഹീംഗ്യരെ കൂട്ടക്കുരുതിക്കിടയാക്കിയ എത്രയോ സംഭവങ്ങള്‍ അതിനിടെ നടന്നെങ്കിലും ഒന്നും പുറംലോകം അറിഞ്ഞില്ല. യു.എന്‍ നിരീക്ഷകരെ പോലും മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ രക്കയിനിലേക്ക് കടത്തിവിട്ടില്ല. സ്ത്രീകള്‍ ക്രൂരമായ കൂട്ടമാനഭംഗത്തിനിരയായി.
എന്നാല്‍ ശിക്ഷിക്കപ്പെട്ടത് ഈ ഏഴു സൈനികര്‍ മാത്രമായിരുന്നു. അവരെ ആരുമറിയാതെ മാസങ്ങള്‍ക്കകം മോചിപ്പിക്കുകയും ചെയ്തു. മോചിതനായ സിന്‍ പായിങ് സൂ എന്ന സൈനികന്‍ താനിപ്പോള്‍ ജയിലിലല്ലെന്ന് തുറന്നു സമ്മതിച്ചെങ്കിലും കൂടുതല്‍ ഒന്നും പ്രതികരിക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്ന് ടെലിഫോണില്‍ വെളിപ്പെടുത്തി.
2017 സപ്തംബര്‍ ഒന്നിന് ഗ്രാമീണരായ ചിലരുടെ കൂടെ ഗ്രാമത്തിലെത്തിയ സുരക്ഷാസൈനികര്‍ പത്തു റോഹീംഗ്യരെയും പിടികൂടിയത് ഭീകരരാണെന്ന് ആരോപിച്ചായിരുന്നു. എന്നാലവര്‍ കൃഷിക്കാരായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ഒരാള്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയും മറ്റൊരാള്‍ മതാധ്യാപകനുമായിരുന്നു. പിറ്റേന്ന് രാവിലെ ബുദ്ധമതക്കാര്‍ പിടിയിലായ കുറച്ചു റോഹീംഗ്യരെ വാളുകൊണ്ട് വെട്ടിക്കൊന്നു.
ബാക്കിയുള്ളവരെ സൈനികര്‍ വെടിവച്ചുകൊല്ലുകയുമായിരുന്നെന്ന് ദൃക്‌സാക്ഷി വെളിപ്പെടുത്തി. തുടര്‍ന്ന് എല്ലാവരെയും ആഴം കുറഞ്ഞ ഒരു കുഴിമാടത്തിലിട്ട് മൂടി.
കൊലയാളികളില്‍ മൂന്നുപേര്‍ സൈനിക ഓഫിസര്‍മാരും മറ്റു മൂന്നുപേര്‍ വേറെ റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥരുമായിരുന്നു. ജയിലിലായിരിക്കെ പ്രതികള്‍ക്ക് ബിയറും സിഗരറ്റുമുള്‍പ്പെടെ ആവശ്യപ്പെടുന്നതെല്ലാം നല്‍കിയിരുന്നതായി സഹതടവുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. പട്ടാള ഓഫിസര്‍മാര്‍ ഇടയ്ക്കിടെ ഇവരെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."