ജിഷ്ണു കേസ് പുനരന്വേഷിക്കണം: എം ഷാജര്‍ഖാന്‍
തൃശൂര്‍: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് പുനരന്വേഷിക്കണമെന്ന് സേവ് എജ്യൂക്കേഷന്‍ കമ്മിറ്റി. കേസില്‍ പൊലിസ് ഉദ്യോഗസ്ഥരും ആഭ്യന്തര വകുപ്പും നടത്തുന്ന ഗൂഢാലോചനകള്‍ അവസാനിപ്പിക്കണമെന്നും സംസ്ഥാന സെക്രട്ടറി എം ഷാജര്‍ഖാന്‍ ആവശ്യപ്പെട്ടു.
ഇടിമുറിയില്‍ നിന്ന് ലഭിച്ച രക്തക്കറയില്‍ നിന്ന് ഡി.എന്‍.എ വേര്‍തിരിച്ചെടുക്കാനാകുന്നില്ല ഫോറന്‍സിക് റിപ്പോര്‍ട്ട് കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ്. കേസില്‍ പുതിയ കുറ്റപത്രം സമര്‍പ്പിക്കണം. മെഡിക്കല്‍ പി.ജി. കോഴ്സുകളിലെ മെറ്റ് ഫീസ് പോലും വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനം പകല്‍ക്കൊള്ളയാണ്.
യഥാര്‍ഥത്തില്‍ ഫീസ് ഏകീകരണത്തിന്റെ പേരില്‍ വിദ്യാര്‍ഥികളെ കൊള്ളയടിക്കാന്‍ മാനേജ്മെന്റും സര്‍ക്കാരും തമ്മില്‍ തയ്യാറാക്കിയ പദ്ധതിയാണിത്. കോഴ്സിനിടയില്‍ പല കാരണങ്ങളാല്‍ പഠനം നിറുത്തി പോകുന്ന വിദ്യാര്‍ഥികളില്‍ നിന്ന് മുഴുവന്‍ ഫീസും ഈടാക്കാനുള്ള തീരുമാനവും ദ്രോഹകരമാണ്. ഫീസ് വര്‍ധന പിന്‍വലിക്കുന്നതുവരെ സേവ് എജ്യൂക്കേഷന്‍ കമ്മിറ്റി പ്രക്ഷോഭവുമായി മുന്നോട്ടുപോകും.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളജുകളിലും സ്വതന്ത്ര വിദ്യാര്‍ഥി വേദികള്‍ രൂപീകരിക്കുമെന്നും വിദ്യാര്‍ഥി കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."