ഇടത് സര്‍ക്കാരിന്റെ സവര്‍ണ സംവരണത്തെ പിന്തുണക്കുന്ന കോണ്‍ഗ്രസ് നിലപാട് തിരുത്തുക: സാമ്പത്തിക സംവരണത്തിനെതിരേ കെ എസ് യു രംഗത്ത്
മലപ്പുറം: ഇടത് സര്‍ക്കാരിന്റെ സവര്‍ണ സംവരണത്തെ പിന്തുണക്കുന്ന കോണ്‍ഗ്രസ് നിലപാട് തിരുത്തി സാമ്പത്തിക സംവരണത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്നാവശ്യപ്പെട്ട് കെ എസ് യു രംഗത്ത്.
ബിജെപിയുടെ ചുവടുപിടിച്ച് കേരളത്തിലെ സര്‍ക്കാര്‍ സാമ്പത്തിക സംവരണം എന്ന പേരില്‍ നടപ്പിലാക്കുന്ന സവര്‍ണ സംവരണം ഭരണഘടനാ വിരുദ്ധവും സംവരണത്തിന്റെ അടിസ്ഥാന തത്വത്തെ അട്ടിമറിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാംപസ് കെ എസ് യു കമ്മിറ്റി കെപിസിസി നേതൃത്വത്തിന് കത്ത് നല്‍കി.
സംവരണത്തിന്റെ അടിസ്ഥാന ലക്ഷ്യം ഇതുവരെ പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ലെന്നിരിക്കെ കെ പി സിസി സവര്‍ണ സംവരണത്തെ പിന്തുടരുന്നത് നിര്‍ഭാഗ്യകരമാണെന്നും അതുകൊണ്ട് ത്‌ന്നെ നിലപാട് തിരുത്തി ഈ സവര്‍ണ സാമ്പത്തിക സംവരണത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് കെ എസ് യു ആവശ്യപ്പെട്ടു.
സാമ്പത്തിക സംവരണത്തിന് അനുകൂലമായ കോണ്‍ഗ്രസ് നിലപാട് വഞ്ചനാപരമാണെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളജിലെ കെ എസ് യു രംഗത്തെത്തി. നിലപാട് കോണ്‍ഗ്രസ് നേതൃത്വം പുനപരിശോധിക്കണമെന്നും കെ എസ് യു ആവശ്യപ്പെട്ടു.
മുന്നോക്കക്കാര്‍ക്ക് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന വിലയിരുത്തലിലേക്ക് എത്തിയത് ഏത് ഡാറ്റയുടെ അടിസ്ഥാത്തിലാണ്,മുന്നോക്കക്കാരിലെ ദരിദ്രര്‍ കേരള ജനസംഖ്യയുടെ 10%ആണെന്നുള്ള സിപി ഐ എം സര്‍ക്കാര്‍ വാദത്തോട് യോജിക്കാനുള്ള കാരണമെന്ത്,വരുമാന പരിധി നിശ്ചയിക്കുന്നതിനുള്ള സര്‍ക്കാര്‍ മാനദണ്ഡങ്ങളോട് പാര്‍ട്ടി യോജിക്കുന്നത് ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്നും തുടങ്ങി മൂന്ന് ചോദ്യങ്ങള്‍ കെ എസ് യു കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നിലേക്ക് വച്ചു.
ഇന്ത്യന്‍ ഭരണഘടനയില്‍ വിദ്യാഭ്യാസപരമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്നവരുടെ സംവരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന 15,16 ആര്‍ട്ടിക്കിളില്‍ ഭേദഗതി വരുത്തി സാമ്പത്തിക പിന്നോക്കാവസ്ഥകൂടി കൂട്ടിച്ചേര്‍ത്താണ് പുതിയ നിയമം നിലവില്‍ വരുന്നത്.
ഭേദഗതി പ്രകാരം നിലവിലെ വ്യവസ്ഥിതിയെ ഒരു തരത്തിലും ബാധിക്കാതെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക ജാതിക്കാര്‍ക്ക് പത്ത് ശതമാനം വരെയാണ് പ്രാതിനിധ്യം അനുവദിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്.
മുസ്ലിം ലീഗും അസദുദ്ദീന്‍ ഉവൈസിയുമൊഴികെയുള്ള ഒരു പാര്‍ട്ടിയും സാമ്പത്തിക സംവരണത്തിനെ എതിര്‍ത്തുകൊണ്ട് മുന്നോട്ട് വന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."