ഉത്രയെ കൊന്ന ക്രൂരതക്ക് സൂരജിന് ജാമ്യമില്ല, അഭിഭാഷകനുമായി ചര്‍ച്ചനടത്താം
കൊച്ചി: ഉത്രയെ പാമ്പിനെകൊണ്ട് കടിപ്പിച്ചുകൊന്ന കേസില്‍ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിചാരണ നടപടികള്‍ക്ക് മുന്‍പ് ജയിലിനുപുറത്ത് നവംബര്‍ 13 മുതല്‍ മൂന്നുദിവസം അഭിഭാഷകനുമായി ചര്‍ച്ചനടത്താന്‍ കേസിലെ പ്രതിയായ സൂരജിന് കോടതി അനുമതി നല്‍കി.
ഓരോ ദിവസവും അഭിഭാഷകനുമായി ചര്‍ച്ച നടത്തിയ ശേഷം ജയിലില്‍ മടങ്ങിവരണം. കഴിഞ്ഞ ഓഗസ്റ്റ് പതിനാലിനാണ് കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ മെയ് 24 മുതല്‍ സൂരജ് റിമാന്‍ഡിലാണ്.
ഉത്ര മരിച്ചത് പാമ്പ് കടിയേറ്റത് മൂലമാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഫോണ്‍ രേഖകളും മറ്റ് ശാസ്ത്രീയ തെളിവുകളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സൂരജ് അറസ്റ്റിലായത്.
കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ അടുത്ത മാസം ഒന്നിന് വിചാരണ തുടങ്ങുമെന്നും ജാമ്യം അനുവദിക്കാനാവില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് അടൂരിലെ വീട്ടില്‍വച്ച് സൂരജ് ഉത്രയെ അണലിയെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താന്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍, അന്ന് ഉത്ര രക്ഷപ്പെട്ടു.
തുടര്‍ന്ന് ചികിത്സയിലിരിക്കെ മെയ് ആറിന് രാത്രിയില്‍ വീണ്ടും മൂര്‍ഖനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ കൊല്ലം റൂറല്‍ എസ്.പിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് അഞ്ചല്‍ പൊലിസ് അന്വേഷിച്ച കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."