കുടിശ്ശിക 95 ലക്ഷം; ഗോത്രസാരഥി പദ്ധതി അനിശ്ചിതത്വത്തില്‍
മാനന്തവാടി: പഞ്ചായത്തുകള്‍ ലിസ്റ്റ് നല്‍കാത്തതിനാല്‍ ആദിവാസി വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ എത്തിക്കുന്ന ഗോത്ര സാരഥി പദ്ധതി അനിശ്ചിതത്വത്തില്‍. അധ്യയന വര്‍ഷം രണ്ട് മാസം പിന്നിട്ടിട്ടും മാനന്തവാടി നഗരസഭ, വെള്ളമുണ്ട എടവക ഗ്രാമ പഞ്ചായത്തുകള്‍ മാത്രമാണ് വിദ്യാലയങ്ങളുടെ ലിസ്റ്റ് സമര്‍പ്പിച്ചിരിക്കുന്നത്.
ആദിവാസി വിദ്യാര്‍ഥികള്‍ നിരവധിയുള്ള തിരുനെല്ലി, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, പനമരം പഞ്ചായത്തുകളാണ് ലിസ്റ്റ് സമര്‍പ്പിക്കാത്തത്.
പഞ്ചായത്തുകള്‍ നല്‍കുന്ന ലിസ്റ്റ് ടി.ഇ.ഒ.മാര്‍ പരിശോധിക്കുകയും അര്‍ഹതയുള്ള സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുകയും തുടര്‍ന്ന് വാഹനങ്ങളുടെ ക്വട്ടേഷന്‍ വിളിച്ച് തുക നിശ്ചയിക്കുകയുമാണ് ചെയ്യുക.
അതിന് ശേഷമേ പദ്ധതി നടപ്പാക്കാനാകൂ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ ചുരുങ്ങിയത് ഒരു മാസമെങ്കിലും എടുക്കും.
പഞ്ചായത്തുകള്‍ ലിസ്റ്റ് നല്‍കാന്‍ വൈകിയാല്‍ പദ്ധതി നടപ്പാക്കുന്നത് വൈകും. 2013ലാണ് വാഹനമില്ലാത്തതിനാല്‍ സ്‌കൂളുകളില്‍ പോകാത്ത ആദിവാസി വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിക്കാന്‍ ഗോത്ര സാരഥി പദ്ധതി നടപ്പിലാക്കിയത്.
കഴിഞ്ഞ അധ്യയന വര്‍ഷം 1.60 കോടി രൂപയാണ്. ചെലവായത.് ഇതില്‍ 65 ലക്ഷം രൂപ മാത്രമാണ് കൊടുത്തത്. ബാക്കി 95 ലക്ഷം രൂപ കൂടിശ്ശികയാണ്. കുടിശ്ശിക തുക കിട്ടാത്തതിനാല്‍ പല സ്‌കൂളുകളും പദ്ധതി നടപ്പാക്കാന്‍ മടിക്കുകയാണ്.
വെള്ളമുണ്ട പഞ്ചായത്തിലെ വാളാരംകുന്ന് കോളനിയില്‍ മാത്രം മുപ്പതിലേറെ വിദ്യാര്‍ഥികളാണ് വാഹനം കിട്ടാതെ സ്‌കൂള്‍ പഠനം ഉപേക്ഷിച്ചിരിക്കുന്നത്.
കാലതാമസമില്ലാതെ വാഹന സൗകര്യം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് വ്യാപകമാകാനും ഇടയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."