ഭീകരവാദ ബന്ധം: കഴിഞ്ഞവര്‍ഷം സഊദിയില്‍ പിടിയിലായത് 14 ഇന്ത്യക്കാര്‍
റിയാദ്: ഭീകരവാദ ബന്ധത്തില്‍ സഊദിയില്‍ കഴിഞ്ഞ ഹിജ്‌റ വര്‍ഷം 14 ഇന്ത്യക്കാര്‍ പിടിയിലായതായി സഊദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഭീകരവാദത്തിന്റെ സംശയത്തില്‍ ഇവരെ സഊദി ദേശീയ സുരക്ഷാ വകുപ്പും സുരക്ഷാ വകുപ്പുകളും ചേര്‍ന്നാണ് പിടികൂടിയത്.
ഇതോടെ സഊദിയില്‍ അറസ്റ്റിലുള്ള ഇന്ത്യന്‍ ഭീകരരുടെ എണ്ണം 22 ആയി ഉയര്‍ന്നു. കഴിഞ്ഞ ഹിജ്‌റ വര്‍ഷം 1439 ല്‍ സ്വഫര്‍ മാസത്തില്‍ ഒരാളും റമദാനില്‍ 10 പേരും ദുല്‍ഹജ് മാസത്തില്‍ മൂന്നു പേരുമാണ് അറസ്റ്റിലായത്. ഇവരില്‍ പലരുടെയും കേസുകള്‍ അന്വേഷണ ഘട്ടത്തിലാണെന്നും മന്ത്രാലയം അറിയിച്ചു.
എന്നാല്‍, ഇതേ കേസില്‍ നേരത്തെ പിടികൂടിയവരില്‍ ചിലരെ ഇന്ത്യന്‍ സുരക്ഷാ വകുപ്പുകള്‍ക്ക് കൈമാറുകയും മറ്റു ചിലരെ നിരപരാധിത്വം തെളിഞ്ഞതിനെ തുടര്‍ന്ന് വിട്ടയക്കുകയും ചെയ്തിട്ടുണ്ട്. ഹിജ്‌റ 1435 മുതല്‍ 1438 വരെ പിടിയിലായ ഏഴു ഇന്ത്യക്കാര്‍ ഭീകരരെ പാര്‍പ്പിക്കുന്ന പ്രത്യേക ജയിലുകളിലാണുള്ളത്. ഇവരില്‍ മൂന്നു പേരുടെ കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായി നിയമ നടപടികള്‍ക്ക് കേസ് ഫയലുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. അവശേഷിക്കുന്ന എല്ലാവരുടെയും കേസുകള്‍ അന്വേഷണ ഘട്ടത്തിലാണ്.
ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ കഴിഞ്ഞ വര്‍ഷം 355 വിദേശികളെയാണ് സുരക്ഷാ വകുപ്പുകളും ദേശീയ സുരക്ഷാ വകുപ്പും അറസ്റ്റ് ചെയ്തത്. ഇക്കൂട്ടത്തില്‍ 125 പേര്‍ യെമനികളും 55 പേര്‍ സിറിയക്കാരും 41 പേര്‍ ഈജിപ്തുകാരും 19 പേര്‍ സുഡാനികളും 18 പേര്‍ പാക്കിസ്താനികളും 16 പേര്‍ തുര്‍ക്കികളുമാണ്.
ഫിലിപ്പൈന്‍സില്‍ നിന്നുള്ള പതിമൂന്നു പേരും ജോര്‍ദാനില്‍ നിന്നുള്ള അഞ്ചു പേരും അഫ്ഗാനിസ്ഥാന്‍, ലെബനോന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്നു പേര്‍ വീതവും ഇന്തോനേഷ്യ, ചൈന, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടു പേര്‍ വീതവും ഛാഢ്, മാലി, ഒമാന്‍, യു.എ.ഇ, റഷ്യ, എരിത്രിയ, കാനഡ, സോമാലിയ, ഇറാന്‍, കിര്‍ഗിസ്ഥാന്‍, കെനിയ, നൈജീരിയ, ഫലസ്തീന്‍, ശ്രീലങ്ക, അമേരിക്ക, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തരും ഒരു കുടിയേറ്റ ഗോത്രക്കാരനും ഒരു രാജ്യത്തിന്റെയും തിരിച്ചറിയല്‍ രേഖകളില്ലാത്ത ഒരാളും അറസ്റ്റിലായിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ 5,434 ഭീകരരാണ് അറസ്റ്റിലുള്ളത്. ഇവരില്‍ 4,424 പേര്‍ സഊദികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."