ജവാന് നാടിന്റെ യാത്രാമൊഴി; സംസ്കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ
തൊടുപുഴ:ഛത്തിസ്ഗഡില്‍ നക്സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്.പി.എഫ് ജവാന് ഇടുക്കി കട്ടപ്പന വെള്ളയാംകുടി ഒറോലിക്കല്‍ ഒ.പി സാജുവിന് നാടിന്റെ യാത്രാ മൊഴി. ശനിയാഴ്ച രാത്രി 11 മണിയോടെ വീട്ടിലെത്തിച്ച ജവാന്റെ മൃതദേഹം സി.ആര്.പി.എഫ് സംഘത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ആര്.ഡി.ഒ എം.പി വിനോദ് ഏറ്റുവാങ്ങി ബന്ധുക്കള്‍ക്ക് കൈമാറി. രാത്രി ഒരു മണിയോടെ മന്ത്രി എം.എം മണി ജവാന്റെ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
കട്ടപ്പനയിലെ പൊതുദര്‍ശനത്തിനു ശേഷം ഇന്നലെ രാവിലെ പതിനൊന്നേകാലോടെ മൃതദേഹം സംസ്ക്കാര ചടങ്ങുകള്‍ക്കായി വീട്ടില്‍ എത്തിച്ചു. തുടര്‍ന്ന് ഡീന്‍ കുര്യാക്കോസ് എം.പിയും ബന്ധുക്കളും നാട്ടുകാരും അന്ത്യോപചാരം അര്‍പ്പിച്ചു. ഇതിനു ശേഷം കേരള പൊലിസും സി.ആര്.പി.എഫ് വിഭാഗവും സല്യൂട്ട് നല്കി. മൃതദേഹത്തിലെ ദേശീയ പതാക ഭാര്യയും കുടുംബാംഗങ്ങളും നിറ കണ്ണുകളോടെ ഏറ്റുവാങ്ങി. മകന് അജയ് സാജു ചിതക്ക് തീ കൊളുത്തി. സി.ആര്.പി.എഫ് ജവാന്മാര് ആചാര വെടി മുഴക്കി പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് ജവാന് യാത്രാ മൊഴിയേകിയത്. ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.
കട്ടപ്പന ഗാന്ധി സ്ക്വയറില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ഇടുക്കി ആര്.ഡി.ഒ എം.പി വിനോദ് അന്തിമോപചാരമര്‍പ്പിച്ചു.സി.ആര്.പി.എഫ് ഡി.ജി.പിക്കുവേണ്ടി സി.ആര്.പി.എഫ് ബംഗളൂരു ഐ.ജി ഗിരിപ്രസാദ് അന്തിമോപചാരം അര്‍പ്പിച്ചു.
സി.ആര്.പി.എഫ് പള്ളിപ്പുറം ഗ്രൂപ്പ് സെന്റര്‍ ഡി.ഐ.ജി മാത്യു .എ. ജോണ്‍, പെരിങ്ങാം റിക്രൂട്ട് ട്രെയിനിങ് സെന്റര്‍ ഡി.ഐ.ജി എം.ജെ വിജയന്, ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന് , മുന്‍ എം.എല്‍.എ മാരായ ഇ.എം അഗസ്തി, തോമസ് ജോസഫ്, കട്ടപ്പന നഗരസഭാ ചെയര്മാന് ജോയി വെട്ടിക്കുഴി, ജനപ്രതിനിധികള്‍, വിമുക്ത ഭടന്മാര്, എന്‍.സി.സി കേഡറ്റുകള്‍, പൊലിസ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ടീയ, സാംസ്കാരിക, സംഘടനാ പ്രവര്‍ത്തകര്‍ അന്തിമോപചാരം അര്‍പ്പിച്ചു. രാജാക്കാട് മുക്കുടി ഒറോലിക്കല്‍ പരേതനായ പാപ്പന്റെയും തങ്കമ്മയുടെയും മകനാണ് സാജു. ഇരട്ടയാര്‍ സ്വദേശി സുജയാണ് ഭാര്യ. ചങ്ങനാശേരി എന്‍.എസ്.എസ് കോളജ് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥി അജയ് സാജുവും വെള്ളയാംകുടി സെന്റ് ജോര്‍ജ് എച്ച്.എസിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥിനി ആര്യനന്ദയുമാണ് മക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."