ലോകം കണ്ണടയ്ക്കുമ്പോള്‍ യമനില്‍ സംഭവിക്കുന്നത്
യമനില്‍ യുദ്ധമാരംഭിച്ചിട്ട് ആറുവര്‍ഷമായി. രണ്ടര ലക്ഷത്തോളമാളുകളെങ്കിലും കൊല്ലപ്പെട്ടതായി കണക്കാക്കുന്ന യുദ്ധം രണ്ടു കോടി ജനങ്ങളെയാണ് നിത്യദുരിതത്തിലേക്ക് തള്ളിവിട്ടത്. മുഴുപ്പട്ടിണിയില്‍ ജീവിക്കുന്നവരുടെ ഭീതിപ്പെടുത്തുന്ന കാഴ്ചകളാണ് യമനില്‍നിന്നു വന്നുകൊണ്ടിരിക്കുന്നത്. ഭരണകൂട സഹായം നിലച്ചിട്ട് വര്‍ഷങ്ങളായി. ആരോഗ്യപരിരക്ഷയും പൊതുസേവനങ്ങളും പലഗ്രാമങ്ങള്‍ക്കും ഇന്നും അന്യമാണ്. വൈകല്യം ബാധിച്ച കുഞ്ഞുങ്ങളുടെ ഒരു തലമുറയാണ് ഇവിടെ വളരുന്നത്. ദുരന്തത്തിനുമേല്‍ മറ്റൊരു ദുരന്തമായി കൊവിഡും യമനെ തളര്‍ത്തി. ഇപ്പോള്‍ ആക്രമണത്തില്‍ അല്‍പ്പം അയവ് വരുത്തിയിട്ടുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വലിയ മാനുഷിക ദുരന്തത്തിന്റെ നേര്‍മുഖത്താണ് ഇന്നും യമന്‍ ജനത ജീവിക്കുന്നത്.
യമനിലെ ന്യൂനപക്ഷമായ സൈദി ഹൂത്തികളുടെ ശീഈ പക്ഷവും ഭരണകൂടത്തെ സഹായിക്കുന്ന ഗള്‍ഫ് സഖ്യസേനയുടെ സുന്നിപക്ഷവും തമ്മില്‍ 2014 ലാണു യുദ്ധം ആരംഭിച്ചത്. ഹൂത്തികളെ ഇറാന്‍ സഹായിച്ചപ്പോള്‍ ഒമ്പത് അംഗരാജ്യങ്ങളുള്ള ഗള്‍ഫ് സഖ്യസേനക്ക് സഊദി അറേബ്യ നേതൃത്വം നല്‍കുകയായിരുന്നു. 2011 ലെ മുല്ലപ്പൂ വിപ്ലവകാലത്താണ് യമനിലെ ഭരണാധികാരിയായിരുന്ന പിന്നീട് കൊല്ലപ്പെട്ട അബ്ദുല്ലാ സ്വാലിഹിനെ പടിയിറക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. എന്നാല്‍, ഈ ദരിദ്രരാജ്യത്തെ ജനതയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. 2012ല്‍ അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി ഭരണം ഏറ്റെടുത്തെങ്കിലും രാജ്യത്തിന്റെ അവസ്ഥകളില്‍ മാറ്റമുണ്ടായില്ല. ഏകാധിപതിയായ ഒരു ഭരണാധികാരിയെ ഇറക്കി രാജ്യത്ത് സ്ഥിരത കൊണ്ടുവരാന്‍ തുടങ്ങിയ സമരം കലാപത്തിലേക്ക് വഴിമാറി. തെരുവിലൊടുങ്ങേണ്ട കലാപങ്ങള്‍ രാജ്യത്തെ തന്നെ മുഴുവന്‍ ഇല്ലായ്മ ചെയ്യുന്ന അവസ്ഥയിലേക്ക് എടുത്തെറിഞ്ഞു. ഭരണാധികാരി സഊദിയില്‍ അഭയം പ്രാപിച്ചു. ദുര്‍ഭരണം അവസാനിപ്പിക്കാന്‍ മോഹിച്ച ജനത സ്വയം ദുരിതത്തിലേക്ക് വഴുതിവീണു. 2017 ല്‍ അബ്ദുല്ലാ സ്വാലിഹിന്റെ മരണശേഷം അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ തിരിച്ചുകൊണ്ടുവന്നെങ്കിലും രാജ്യത്തെ സ്വതന്ത്രമാക്കാന്‍ ഈ ശക്തികള്‍ക്കൊന്നും സാധിച്ചില്ല. പിന്നീടങ്ങോട്ട് തദ്ദേശീയരായ ആയുധധാരികളടക്കം 35 ല്‍ അധികം സേനകള്‍ യമനിന്റെ വിവിധ ഭാഗങ്ങളിലായി പോരാടി. സാധാരണക്കാരെ കൊന്നൊടുക്കുന്നതില്‍ ഇരുപക്ഷങ്ങളും അവരുടേതായ പങ്കുവഹിച്ചു.
നഷ്ടപ്പെട്ടവരും നേട്ടമുണ്ടാക്കിയവരും
ലോകത്തെ ഏറ്റവും രൂക്ഷമായ മാനുഷികദുരന്തപ്രദേശമായി ഗണിക്കുന്ന യമനിലെ പ്രതിസന്ധിക്ക് ആഴമേറുകയല്ലാതെ ഒരന്ത്യമുണ്ടാകുന്നില്ല. 20,000 മുതല്‍ രണ്ടു ലക്ഷത്തോളം വരെ ആളുകള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ആംനസ്റ്റി ഇന്റര്‍നാഷനല്‍ കണക്കനുസരിച്ച് രണ്ടര ലക്ഷത്തോളം പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നും പറയുന്നുണ്ട്. എന്നാല്‍, യു.എന്‍ മനുഷ്യാവകാശ വിഭാഗത്തിന്റെ ഔദ്യോഗിക കണക്കുകളില്‍ 20,000 പേര്‍ കൊല്ലപ്പെട്ടതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൊല്ലപ്പെട്ടവരില്‍ മൂന്നില്‍ രണ്ടുഭാഗവും സഊദി വ്യോമാക്രമണത്തിലായിരുന്നുവത്രെ. യുദ്ധമവസാനിപ്പിക്കാന്‍ എത്രയും പെട്ടെന്ന് നടപടികളുണ്ടാകണമെന്ന് യു.എന്‍ മാനവികകാര്യവകുപ്പ് അണ്ടര്‍ സെക്രട്ടറി ജനറലും അത്യാഹിത, ദുരിതാശ്വാസ വകുപ്പ് മേധാവിയുമായ മാര്‍ക് ലോവ്‌കോക്ക് ആവശ്യപ്പെടുകയുണ്ടായി. രാജ്യത്തെ ജനസംഖ്യയുടെ 82 ശതമാനം ആളുകള്‍ ഇപ്പോള്‍ അത്യാവശ്യ സഹായങ്ങളും സുരക്ഷിതത്വവുമാവശ്യമുള്ളവരാണ്. പെട്ടെന്നുള്ള ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ ലക്ഷക്കണക്കിനാളുകള്‍ക്ക് ജീവഹാനി സംഭവിക്കുമെന്നും യു.എന്‍ മുന്നറിയിപ്പ് നല്‍കി.
ആയുധക്കച്ചവടം നിലനിര്‍ത്തുക എന്നതായിരുന്നു യുദ്ധത്തിലെ പടിഞ്ഞാറന്‍ താല്‍പര്യം. അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യശക്തികള്‍ അതില്‍ വിജയിക്കുകയും ചെയ്തു. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും സഊദിക്ക് ആയുധങ്ങളും സൈന്യബലവും നല്‍കികൊണ്ട് യുദ്ധം ലൈവാക്കുന്നതില്‍ ബദ്ധശ്രദ്ധരായിരുന്നു. 2019 ജൂലൈയില്‍ സഊദിയോടൊപ്പം അണിനിരന്ന യു.എ.ഇ ഭാഗികമായി യുദ്ധത്തില്‍നിന്ന് പിന്മാറുമ്പോള്‍ പറഞ്ഞത് ശ്രദ്ദേയമാണ്. 'യുദ്ധത്തില്‍ വിജയമത്ര എളുപ്പമല്ല, അതുകൊണ്ടുതന്നെ ഉടന്‍ സമാധാനവും ഉണ്ടാകണമെന്നില്ല'. രാജ്യത്തെ അനിശ്ചിതമായ ദുരന്താവസ്ഥയിലേക്ക് തള്ളിവിട്ടതില്‍ അറബ് രാജ്യങ്ങളുടെ പങ്ക് നിര്‍ണായകമാണ്.
തകര്‍ന്ന ആരോഗ്യം
യുദ്ധത്താല്‍ താറുമാറായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളാണ് യമനിലുള്ളത്. ദുര്‍ബലമായ രാജ്യത്തിനുമേല്‍ കൊവിഡ് വീണ്ടും ശക്തമായ ആഘാതമേല്‍പ്പിച്ചു. 2,107 കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 609 പേര്‍ മരിച്ചു. അതേസമയം ലോകത്തെ ഏറ്റവും ഭീകരമായ കോളറക്ക് സാക്ഷ്യംവഹിച്ച ഇവിടെ ഡിഫ്ത്തീരിയ, അഞ്ചാം പനി, ഡെങ്കിപ്പനി എന്നിവയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2016ല്‍ ഏതാണ്ട് 20 ലക്ഷത്തോളമാളുകള്‍ക്ക് കോളറ ബാധിച്ചിരുന്നു. രാജ്യത്തെ പകുതിയിലധികം ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നില്ല. പ്രവര്‍ത്തിക്കുന്നവയില്‍ ചികിത്സിക്കുവാനുള്ള സംവിധാനങ്ങളോ അവശ്യമരുന്നോ പോലുമില്ലാത്ത അവസ്ഥയാണ്. കുട്ടികളുടെ പോഷകാഹാരകുറവും ആവശ്യത്തിനു മരുന്ന് ലഭിക്കാതിരിക്കുന്നതും ആരോഗ്യസ്ഥിതി അത്യന്തം വഷളാക്കി. ഒന്നരകോടിയിലധികം പേര്‍ക്ക് ശുദ്ധജലമോ ജീവിത പരിസരമോ ഇല്ല.
ആശുപത്രികളോടൊപ്പം ആരോഗ്യപ്രവര്‍ത്തകരെയും യുദ്ധമുന്നണികള്‍ ലക്ഷ്യമാക്കുന്നുവെന്ന് വിവിധ ഏജന്‍സികള്‍ വെളിപ്പെടുത്തുന്നു. ആരോഗ്യപ്രവര്‍ത്തകരെ തടഞ്ഞുവയ്ക്കുകയും തെരഞ്ഞുപിടിച്ച് വധിച്ചതായും അവര്‍ തെളിവുകള്‍ നിരത്തുന്നു. ഇതിനുശേഷം നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ രാജ്യം വിടേണ്ടിവന്നു. അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം വരുന്നതുപോലും ഹൂത്തികള്‍ തടയിട്ടു. പട്ടിണിയെ യുദ്ധമുറയാക്കുന്ന അപൂര്‍വ കാഴ്ചകളും യമനില്‍നിന്നു ലോകം കാണുകയുണ്ടായി.
കുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്നു
ജനിക്കുന്ന 1000 കുഞ്ഞുങ്ങളില്‍ 27 എണ്ണമെങ്കിലും വെളിച്ചം കാണാതെ മരിക്കുന്നതായി യമന്‍ ആരോഗ്യമന്ത്രാലത്തിന്റെ വക്താവ് ഡോ. യൂസുഫ് അല്‍ ഹദേരി ഈയിടെ അറിയിക്കുകയുണ്ടായി. മൂന്നു ലക്ഷത്തോളം കുട്ടികളാണ് പട്ടിണി ബാധിച്ച് മരണത്തിന്റെ മുനമ്പില്‍ കഴിയുന്നത്. മഹാദുരന്തത്തിന്റെ വക്കിലുള്ള യമനിലെ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിച്ചില്ലെങ്കില്‍ കുട്ടികളുടെ തലമുറയെ സാരമായി ബാധിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യവകാശവിഭാഗം കോ ഓര്‍ഡിനേറ്റര്‍ ലിസി ഗ്രാന്റി കഴിഞ്ഞ ജൂലൈയില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. 2020 ഒക്ടോബര്‍ വരെയും ഇതിനു മാറ്റങ്ങളുണ്ടായില്ലെന്നും അവര്‍ പറഞ്ഞു. യു.എന്‍ ഭക്ഷ്യസുരക്ഷാ സമന്വയ സമിതി കുട്ടികളുടെ പോഷകാഹാരവുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തില്‍ അഞ്ച് വയസിനു താഴെയുള്ള അഞ്ചു ലക്ഷത്തോളം കുട്ടികള്‍ അപകടഭീതിയിലാണെന്ന് വെളിപ്പെടുത്തുന്നു. അത്യന്തം ഭീകരമായ പോഷകാഹാരക്കുറവ് കുഞ്ഞുങ്ങളുടെ തലച്ചോറിനെയാണ് സാരമായി ബാധിക്കുന്നത്. അവരുടെ സ്ഥിരബുദ്ധിയെ അത് നശിപ്പിക്കുമെന്നും പഠനത്തിലുണ്ട്. ദിനേനയെന്നോണം ഗര്‍ഭിണികളായ 25,000 പേരെങ്കിലും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
കൃഷിയിടങ്ങളെ ഉന്നമിടുമ്പോള്‍
മിസൈലുകള്‍ വര്‍ഷിക്കുന്നതിലൂടെ രാജ്യത്തെ എണ്ണമറ്റ കൃഷിയിടങ്ങളെയാണ് അനുദിനം നശിപ്പിക്കുന്നത്. സഊദി വ്യോമാക്രമണം കൃഷിയിടങ്ങളെ ലക്ഷ്യമാക്കിയിരുന്നുവെന്നതിന് വ്യക്തമായ തെളിവുകള്‍ സന്നദ്ധ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് യുദ്ധാനന്തര യമനിനെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് നയിക്കാന്‍ കാരണമായേക്കും. നോര്‍വീജിയന്‍ അഭയാര്‍ഥി കൗണ്‍സില്‍ വിലയിരുത്തുന്നതനുസരിച്ച് 2018നേക്കാള്‍ 900 മടങ്ങ് കൃഷിയിടങ്ങള്‍ ഇതിനകം നശിപ്പിച്ചുകഴിഞ്ഞു. കൊയ്ത്തുപാടങ്ങള്‍ തീയിട്ട് നശിപ്പിക്കുന്ന യുദ്ധതന്ത്രംപോലും ഈ കൊച്ചുരാജ്യത്തും ശത്രുക്കള്‍ പയറ്റിയിരുന്നുവെന്നര്‍ഥം. ഇത് ജീവിതം കരുപ്പിടിപ്പിക്കാന്‍ വഴിതേടുന്നവരെ തളര്‍ത്തുകയായിരുന്നു. ഏറ്റവും ഭീകരമായി യുദ്ധം ബാധിച്ച പ്രദേശങ്ങളായ ഹുദൈദ, മആരിബ്, അല്‍ ജൗഫ് എന്നിവയുടെ സ്ഥിതി അത്യന്തം ശോചനീയമാണ്. മആരിബ് എന്ന പ്രദേശത്താണ് 10 ലക്ഷം ആളുകള്‍ താമസിക്കുന്ന ക്യാംപുകള്‍ സ്ഥിതി ചെയ്യുന്നത്.
യമന് മുന്‍പില്‍ ലോകം പരാജയപ്പെടുമ്പോള്‍ ഒരു ജനത ഒന്നടങ്കം ചോദിക്കുന്നു ഞങ്ങളെ സംരക്ഷിക്കാന്‍ ആര്‍ക്കാണ് സാധിക്കുകയെന്ന്. ബാഹ്യശക്തികള്‍ തമ്മിലുള്ള വടംവലിയില്‍ അറബ് രാജ്യത്തെ പട്ടിണിക്കിട്ട് കൊല്ലുന്ന കാഴ്ച ഇതാദ്യമായിരിക്കാം. ഇറാന്‍, അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ അന്താരാഷ്ട്ര ശക്തികളും അറബ് രാജ്യങ്ങളും അവരവരുടെ താല്‍പര്യങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ നാമാവശേഷമാവുന്നത് തലമുറകളാണ്. പശ്ചിമേഷ്യയിലെ അറബ് മുസ്‌ലിം രാജ്യമായതിനാല്‍ പാശ്ചാത്യമാധ്യമങ്ങളുടെ ഗതിവിഗതികളില്‍ യമന്‍ വലിയ വിഷയമായി വരുന്നില്ല. യുദ്ധാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന ഒരു തലമുറയുടെ രോദനം കേള്‍ക്കാന്‍ അന്താരാഷ്ട്ര ശക്തികള്‍ക്ക് ബാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."