വ്യാപാരിയുടെ കൊല: മൂന്നു കത്തികള്‍ കണ്ടെടുത്തു
കത്തികള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിരിക്കുകയാണെന്ന് സി.ഐ
കാസര്‍കോട്: ബന്തിയോട് കയ്യാര്‍ മണ്ടേക്കാപ്പിലെ ജി.കെ സ്റ്റോര്‍ ഉടമ രാമകൃഷ്ണമൂല്യയെ വെട്ടിക്കൊന്ന കേസില്‍ പ്രതികള്‍ വലിച്ചെറിഞ്ഞ മൂന്നു കത്തികള്‍ കുമ്പള സി.ഐ വി.വി മനോജും സംഘവും കണ്ടെടുത്തു. ബന്തിയോട് ഊടുവഴിയിലെ കുറ്റിക്കാട്ടില്‍ നിന്നാണ് മൂന്നു കത്തികളും കണ്ടെത്തിയത്. ഇവ ഫോറന്‍സിക് പരിശോധനക്കായി അയച്ചിരിക്കുകയാണെന്ന് സി.ഐ പറഞ്ഞു.
കേസില്‍ പ്രതികളായ ചെങ്കള എടനീര്‍ ചൂരിമൂല വീട്ടില്‍ ബി.എം ഉമര്‍ ഫാറൂഖ് (36), പൊവ്വല്‍ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന നൗഷാദ് ഷെയ്ഖ് (33), ബോവിക്കാനം എട്ടാംമൈലിലെ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുല്‍ ആരിഫ് എന്ന അച്ചു (33), ചെങ്കള റഹ്മത്ത് നഗര്‍ ചോപ്പാല ഹൗസിലെ കെ. അഷ്‌റഫ് (33) എന്നിവരെ കാസര്‍കോട് ജുഡിഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഞ്ചു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
പ്രതികളെയും കൊണ്ടുള്ള തെളിവെടുപ്പിനിടയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
നാലു പ്രതികളെയും ഇന്നലെ കോടതിയില്‍ തിരികെ ഹാജരാക്കി.
ഇവരെ രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."