പടിഞ്ഞാറത്തറ പി.എച്ച്.സിയെ ഒഴിവാക്കിയതായി പരാതി ആര്‍ദ്രം പദ്ധതി
പടിഞ്ഞാറത്തറ: ആര്‍ദ്രം പദ്ധതിയില്‍ നിന്ന് പടിഞ്ഞാറത്തറ പഞ്ചായത്തിലെ കാപ്പുംകുന്ന് പി.എച്ച്.സിയെ ഒഴിവാക്കിയതായി പരാതി. പഞ്ചായത്ത് പ്രസിഡന്റിന്റെ നിരുത്തരവാദ നിലപാടാണ് പി.എച്ച്.സി പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ കാരണമെന്ന് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ആര്‍ദ്രം പദ്ധതിയില്‍ കേരളത്തിലെ 170 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ പൊതുജന ആരോഗ്യ കേന്ദ്രങ്ങളായി മാറ്റുന്നതിന് പുറപ്പെടുവിച്ച ആദ്യ ലിസ്റ്റില്‍ ജില്ലയില്‍ അപ്പപാറ, കാപ്പുകുന്ന്, പൂതാടി,നൂല്‍പ്പുഴ എന്നീ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളായിരുന്നു ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ പുതിയ ലിസ്റ്റില്‍ കാപ്പുംകുന്ന് പി.എച്ച്.സിയെ ഒഴിവാക്കി വെങ്ങപ്പള്ളി പി.എച്ച്.സിയെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
ആര്‍ദ്രം പദ്ധതിയുടെ ലിസ്റ്റില്‍ കാപ്പുംകുന്ന് പി.എച്ച്.സി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ ഗ്രാമപഞ്ചായത്ത് അധികൃതരോട് കാപ്പുംകുന്ന് മെഡിക്കല്‍ ഓഫിസര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രസിഡന്റ് ഇക്കാര്യം ഗൗരവത്തിലെടുത്തില്ലെന്നും യു.ഡി.എഫ് ആരോപിച്ചു. ഇതോടെ ആര്‍ദ്രം പദ്ധതിയിലൂടെ ലഭിക്കേണ്ട നിരവധി ആനുകൂല്യങ്ങള്‍ കാപ്പുംകുന്ന്
പി.എച്ച്.സിക്ക് നഷ്ടമായിരിക്കുകയാണ്. പടിഞ്ഞാറത്തറ ടൗണിനടുത്ത് കാപ്പുംകുന്നില്‍ ഒരു സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ ഒരേക്കറോളം സ്ഥലത്താണ് പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുത്.
ദിനേന ഇരുന്നൂറിലധികം രോഗികളാണ് ഇവിടെ ചികിത്സക്കെത്തുന്നത്. നിലവില്‍ ഒരു ഡോക്ടര്‍ മാത്രമാണ് കേന്ദ്രത്തിലുള്ളത്. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ മൂന്ന് ഡോക്ടര്‍മാരുടെ നിയമനമുണ്ടാകുമായിരുന്നു. രണ്ട് ഡോക്ടര്‍മാരെ ആരോഗ്യ വകുപ്പും ഒന്ന് പഞ്ചായത്തുമാണ് നിയമിക്കേണ്ടത്. മാത്രമല്ല സൗകര്യമുള്ള കെട്ടിടങ്ങള്‍, കണ്‍സള്‍ട്ടിങ് മുറി, വിശ്രമമുറി, കുടിവെള്ളം, ഡ്രസ്സിങ് മുറി, ലാബ് തുടങ്ങിയ സൗകര്യങ്ങളും ആര്‍ദ്രം പദ്ധതിയിലൂടെ ലഭിക്കും. എന്നാല്‍ പഞ്ചായത്തിന്റെ നിരുത്തരവാദ സമീപനം കാരണം കേന്ദ്രത്തിന്റെ വികസന സാധ്യത ഇല്ലാതായിരിക്കുകയാണ്.
പദ്ധതിയിലൂടെ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ജനത്തിന് നഷ്ടമാക്കിയ പ്രസിഡന്റ് ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കണമെന്നു യു.ഡി.എഫ് ആവശ്യപ്പെട്ടു.
കാപ്പുംകുന്ന് പി.എച്ച്.സി യെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍, കണ്‍വീനര്‍ നന്നാട്ട് ജോണി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."