ഭക്തരെ തെരുവിലിറക്കാന്‍ ശ്രമമെന്ന് എല്‍.ഡി.എഫ്
മലപ്പുറം: ശബരിമല വിഷയത്തില്‍ ബി.ജെ.പിയും യു.ഡി.എഫും ഭക്തരെ തെരുവിലിറക്കാന്‍ ശ്രമിക്കുകയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. മലപ്പുറം പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രിംകോടതി വിധി സംസ്ഥാന സര്‍ക്കാര്‍ ഇടപെടലിന്റെ പ്രതിഫലനമല്ല. നിലവിലെ ആചാരങ്ങള്‍ വിവിധ കാലങ്ങളിലുണ്ടായിട്ടുള്ള വിധികളുടെയും ഇടപെടലുകളുടെയും ഉല്‍പ്പന്നമാണ്. കാലം മുന്നോട്ടുപോകുമ്പോള്‍ ആചാരങ്ങളില്‍ മാറ്റമുണ്ടാകുന്നത് സ്വാഭാവികമാണ്.
തൊട്ടുകൂടായ്മ പോലുള്ള ആചാരങ്ങളെ കുറ്റകരമാക്കിയത് ഇത്തരത്തിലാണ്. ആചാരങ്ങള്‍ പരിരക്ഷിക്കപ്പെടുന്നത് ഭരണഘടനാനുസൃതമായാണ്. ഭരണഘടനാപരമായ അവകാശം സ്ത്രീകള്‍ക്കുകൂടി നല്‍കിയെന്നതാണ് കോടതിവിധിയിലൂടെ ഉണ്ടായിരിക്കുന്നത്. ഭരണഘടനയെയും സാമൂഹിക മൂല്യങ്ങളെയും അംഗീകരിക്കാത്ത ബി.ജെ.പിക്കൊപ്പം ചേര്‍ന്നുനില്‍ക്കുന്ന യു.ഡി.എഫ് നിലപാട് ദൗര്‍ഭാഗ്യകരമാണ്. ഭൂരിപക്ഷം വിശ്വാസികളും ശബരിമല വിഷയത്തിലെ സമരത്തില്‍ പങ്കാളികളായിട്ടില്ല. ഒരു ചെറിയ വിഭാഗം മാത്രമാണ് സമരം ചെയ്യുന്നത്. കോടതിവിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. ഏതു പ്രശ്‌നങ്ങളെയും സമാധാനപരമായും അവധാനതയോടെയും കൈകാര്യംചെയ്യലാണ് സര്‍ക്കാര്‍ നയമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."