പനി പടരുമ്പോള്‍ പ്രതിരോധമില്ലാത്ത കുടുംബക്ഷേമ കേന്ദ്രം
ഷൊര്‍ണൂര്‍: പനി പടരുവാന്‍ തുടങ്ങിയിട്ട് ആഴ്ച്ചകള്‍ പിന്നിടുമ്പോഴും ഷൊര്‍ണൂരിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയുന്ന ഫാമിലി വെല്‍ഫെയര്‍ സെന്റര്‍ അടഞ്ഞു കിടക്കുന്നു. ഇവിടെ ഉണ്ടായിരുന്ന ജെ.പി.എച്.എന്‍ വേറെ ജോലി ലഭിച്ചു പോയി. കുംബാര കോളനിയുടെയും കുറ്റിക്കാട് കോളനിയുടെയും ഇടയിലുള്ള ഗവ.പ്രസ് ക്വാര്‍ട്ടേഴ്‌സിന് മുമ്പിലാണ് ഈ കുടുംബ ക്ഷേമ കേന്ദ്രം ഉള്ളത്.
ഷൊര്‍ണുര്‍ നഗരസഭയില്‍ കുളംഞ്ചേരി കുളം, പരുത്തിപ്ര, കുളപ്പുള്ളി, കവളപ്പാറ എന്നിവിടങ്ങളിലായി നാല് കുടുംബ ക്ഷേമ കേന്ദ്രങ്ങള്‍ ഉണ്ട്. ഇവിടെ ഒരു ജെ.പി.എച്.എന്‍ സേവനം 24 മണിക്കൂറും ലഭ്യമാകണം എന്നാണ് നിയമം. എല്ലാ കേന്ദ്രങ്ങളുടെയും നിര്‍മ്മിതി ജെ.പി.എച്.എന്‍മാര്‍ക്ക് കുടുംബസമേതം താമസിക്കുവാന്‍ പാകത്തിലാണെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം പല കുടുംബ ക്ഷേമ കേന്ദ്രങ്ങളിലും ഇവരുടെ സേവനം രാത്രികാലങ്ങളില്‍ ലഭ്യമാകാറില്ല.
സാധാരണക്കാരുടെ പ്രാഥമിക ആരോഗ്യ പ്രശനങ്ങള്‍ക്ക് കണ്ണെത്തും ദൂരത്ത് പരിഹാരം കാണുവാന്‍ വേണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് 1952 ലെ കുടുംബ ക്ഷേമ പദ്ധതിയിലൂടെ ആരംഭിച്ചിട്ടുള്ളതാണ് ഇത്തരം കുടുംബ ക്ഷേമ കേന്ദ്രങ്ങള്‍. എന്നാല്‍ ഇത്തരം കുടുംബ ക്ഷേമ കേന്ദ്രങ്ങള്‍ കാലത്തിനൊത്ത് മാറാതെ പൂര്‍വ സ്ഥിതിയില്‍ തന്നെ നിലകൊള്ളുന്നു.
ഡെങ്കി പനിയില്‍ പാലക്കാട് രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ജില്ലയിലെ ഷൊര്‍ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍ മാരുടെ എണ്ണം ചുരുങ്ങുന്നു. ഷൊര്‍ണൂരില്‍ മൂന്ന് പേര്‍ക്ക് ഡെങ്കി പനി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിദിനം നൂറുകണക്കിന് രോഗികള്‍ എത്തുന്ന ഷൊര്‍ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറുടെ സേവനം പലപ്പോഴും ഒന്നായി മാറുന്നു എന്നാണ് രോഗികളുടെ പരാതി.
ഫാമിലി വെല്‍ഫെയര്‍ സെന്ററുകളുടെ സൗകര്യം മെച്ചപ്പെടുത്തിയാല്‍ പനി പോലെയുള്ള പകര്‍ച്ചവ്യാധികളെ മുളയിലേ തന്നെ നുള്ളുവാനും സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്ക് കുറക്കുവാനും കഴിയും. ഇതിന് ബന്ധപ്പെട്ട അധികാരികളുടെ കണ്ണ് തുറക്കണം. കുംഭാര കോളനി, കുറ്റിക്കാട് കോളനി, ഗവ.പ്രസ് ക്വാര്‍ട്ടേഴ്‌സ് നിവാസികളുടെ ആശ്രയ കേന്ദ്രമായ ഈ കുടുംബ ക്ഷേമ കേന്ദ്രത്തില്‍ ജെ.പി.എച്.എനെ നിയമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."